കൊച്ചി: ട്യൂമറിനെതിരായ പോരാട്ടത്തില്‍ വീണ്ടും വീണുപോയി സിനിമാ-സീരിയല്‍ നടി ശരണ്യ ശശി. താരം ഇപ്പോള്‍ നയിക്കുന്നത് ശോചനീയമായ ജീവിതമാണെന്നും രക്ഷിക്കാന്‍ സുമനസുകള്‍ കനിയണമെന്നും അഭ്യര്‍ത്ഥിച്ച് സാമൂഹ്യപ്രവര്‍ത്തകന്‍ സൂരജ് പാലാക്കാരന് രംഗത്തെത്തിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. സൂരജ് ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് നടിയുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് വെളിപ്പെടുത്തിയത്. ആറുവര്‍ഷം മുമ്പ് ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച നടി ഇപ്പോള്‍ ഏഴാമത്തെ ട്യൂമര്‍ ശസ്ത്രക്രിയയ്ക്ക് ഒരുങ്ങുകയാണ്. വളരെ ഗുരുതരമായ അവസ്ഥയിലൂടെയാണ് ശരണ്യ കടന്നുപോകുന്നതെന്നും സന്മനസ്സുള്ളവര് നടിയെ സാമ്പത്തികമായി സഹായിക്കണമെന്നും നടിയെ നേരിട്ടു സന്ദര്‍ശിച്ച ശേഷം സൂരജ് പറയുന്നു. ശരണ്യ ശശിയുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് നടി സീമ ജി നായര്‍ പറയുന്നതും വീഡിയോയില്‍ കാണാം.
‘പല കലാകാരന്മാര്ക്കും അവരുടെ താരപ്രഭയില്‍ കൂടെ നില്ക്കാന് ഒരുപാട് പേര് ഉണ്ടാകും. എന്നാല്‍ ഒരപകടം വന്നാലോ അസുഖം വന്നാലോ തിരിഞ്ഞുനോക്കാന്‍ പോലും പിന്നീട് ആരും വന്നെന്ന് വരില്ല. ശരണ്യയുടെ ഇപ്പോഴത്തെ അവസ്ഥ ഞാന്‍ വീഡിയോയില്‍ കാണിക്കാത്തതിന്റെ കാരണം പറയാം. ഒരു കലാകാരന് അല്ലെങ്കില്‍ കലാകാരി തളര്‍ന്നുകിടക്കുന്ന അവസ്ഥ തീര്‍ത്തും പരിതാപകരമാണ്.’-സൂരജ് പറയുന്നു.
താരത്തിന്റെ ഫോണ്‍നമ്പറും അക്കൗണ്ട് വിവരങ്ങളും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇനി കനിയേണ്ടത് സുമനസുകളായ സഹജീവികളാണ്.
Discussion about this post