ഭോപ്പാല്‍: രാജ്യത്ത് പതിനേഴാം ലോക്സഭയിലേക്കുള്ള വോട്ടെടുപ്പു ദിവസങ്ങളില്‍ സെലിബ്രിറ്റികളായ സ്ഥാനാര്‍ത്ഥികളേക്കാളും വോട്ടര്‍മാരേക്കാളും സോഷ്യല്‍മീഡിയയുടെ ഹൃദയം കവര്‍ന്ന ചിലരുണ്ട്. സുന്ദരികളായ പോളിങ് ഉദ്യോഗസ്ഥരായ ഇവരാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. ‘ഈ ബൂത്തില്‍ ഇന്നു 100% പോളിങ് നടക്കും’ എന്നൊക്കെയുള്ള കമന്റുകളോടെ സോഷ്യല്‍മീഡിയയില്‍ ഈ വനിതാ ഓഫീസര്‍മാരുടെ ചിത്രം വൈറലായി പ്രചരിക്കുകയാണ്.
പോളിങ് സാമഗ്രികളുമായി ബൂത്തിലേക്കു പോകുന്ന 2 വനിതകളാണ് ഇത്തരത്തില്‍ രാജ്യത്തിന്റെ മുഴുവന്‍ ശ്രദ്ധയും പിടിച്ചുപറ്റിയിരിക്കുന്നത്. യുപി ദിയോറയിലെ പൊതുമരാമത്ത് ഉദ്യോഗസ്ഥ റീന ദ്വിവേദിയും ഭോപാലിലെ ബാങ്ക് ഉദ്യോഗസ്ഥ യോഗേശ്വരി ഗോഹിതെയുമാണിവര്.
രാജ്യമാകെ ഷെയര്‍ ചെയ്യപ്പെട്ട ചിത്രത്തിലെ താരങ്ങളായതില് സന്തോഷമുണ്ടെന്ന് ഇരുവരും പറയുന്നു. ഇതെന്റെ അമ്മയാണെന്ന് ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന തന്റെ മകന് അദിത് കൂട്ടുകാരോടു പറഞ്ഞിട്ടു വിശ്വസിച്ചില്ലെന്നും ഒടുവില്‍ അവന് വിഡിയോ കോള്‍ ചെയ്താണ് അവരുടെ സംശയം മാറ്റിയതെന്നുമാണ് റീന പറയുന്നത്.
ചെറുപ്പത്തിലേ വിവാഹിതയായെങ്കിലും ഫാഷന്‍, ടിവി രംഗത്ത് അവസരങ്ങളുണ്ടെന്ന ആത്മവിശ്വാസത്തിലാണ് മുപ്പത്തിരണ്ടുകാരിയായ റീന. പ്രമുഖ റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ അടുത്ത സീസണില്‍ ക്ഷണം കിട്ടിയാല്‍ ഇപ്പോഴേ റെഡി.
കാനറ ബാങ്ക് ഉദ്യോഗസ്ഥയായ യോഗേശ്വരിയാകട്ടെ ഇതാദ്യമായാണു പോളിങ് ഓഫിസറായി ജോലി ചെയ്യുന്നത്. ഇതിനകം വൈറലാവുകയും ചെയ്തു.
Discussion about this post