കൊച്ചി: കല്ലട ബസ്സില്‍ നിന്നും യാത്രക്കാരെ ബസ് ജീവനക്കാര്‍ മര്‍ദ്ദിച്ച് ഇറക്കിവിട്ട സംഭവത്തില്‍ പോലീസ് കേസെടുത്തു. സുരേഷ് കല്ലട ബസ് ജീവനക്കാരായ മൂന്ന് പേര്‍ക്ക് എതിരെയാണ് മരട് പോലീസ് കേസെടുത്തത്. പ്രതികളുടെ പേര് വിവരങ്ങള്‍ ലഭിച്ചിട്ടില്ല. കണ്ടാലറിയാവുന്ന മൂന്ന് പേര്‍ക്ക് എതിരെയാണ് കേസെടുത്തിരിക്കുന്നതെന്ന് മരട് പോലീസ് അറിയിച്ചു.
യാത്രക്കാരെ മര്‍ദ്ദിക്കുന്നത് നേരില്‍ കണ്ട് അജയ് ഘോഷ് എന്ന വ്യക്തി നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. തിരുവനന്തപുരത്ത് നിന്ന് ബംഗളൂരൂവിലേക്ക് പുറപ്പെട്ട സ്വകാര്യ ബസില്‍ ഇന്നലെ അര്‍ധരാത്രിയിലാണ് അക്രമം നടന്നത്.
ജേക്കബ് ഫിലിപ്പ് എന്ന യാത്രക്കാരന് ഫേസ്ബുക്കില്‍ പോസ്റ്റുചെയ്ത ദൃശ്യങ്ങളിലൂടെയാണ് അതിക്രമം പുറത്തായത്. ഇന്നലെ രാത്രി ഹരിപ്പാട് പിന്നിട്ട ബസ് തകരാറായി വഴിയില്‍ കിടന്നിരുന്നു. ദീര്‍ഘനേരം കഴിഞ്ഞിട്ടും ഇത് സംബന്ധിച്ച് യാത്രക്കാര്‍ക്ക് ബസ് ജീവനക്കാര്‍ യാതൊരു മറുപടിയും നല്‍കിയില്ലെന്നാണ് ജേക്കബ് ഫിലിപ്പ് ഫേസ്ബുക് പോസ്റ്റില്‍ പറയുന്നത്. യാത്രക്കാരായ രണ്ട് യുവാക്കള്‍ ഇത് സംബന്ധിച്ച് തര്‍ക്കിച്ചതായിരുന്നു തുടക്കം.
ബസ് പിന്നീട് വൈറ്റിലയിലെത്തിയപ്പോള്‍ കൂടുതല്‍ ബസ് ജീവനക്കാര്‍ ബസിലേക്ക് ഇരച്ച് കയറുകയും യുവാക്കളെ മര്‍ദ്ദിക്കുകയുമായിരുന്നു. ജേക്കബ് ഫിലിപ്പ് തന്റെ ഫോണില്‍ ഈ വീഡിയോ ദൃശ്യം പകര്‍ത്തുകയും പിന്നീട് ഫേസ്ബുക്കില്‍ പങ്കുവയ്ക്കുകയുമായിരുന്നു.
വൈറ്റിലയില്‍ വച്ച് മര്‍ദ്ദിച്ചവശരാക്കിയ ശേഷം യുവാക്കളെയും അജയ് ഘോഷ് എന്ന മറ്റൊരാളെയും ഇവര്‍ ഇറക്കിവിട്ടു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ മരട് െേപാലീസ് എസ്ഐ വിനോദ് ഇവരോട് ആശുപത്രിയില്‍ പോകാന്‍ ആവശ്യപ്പെട്ടു. ‘മൂന്ന് പേരെയും ഒരു ഓട്ടോറിക്ഷയില്‍ കയറ്റി തൃപ്പൂണിത്തുറ ആശുപത്രിയിലേക്ക് വിട്ടതാണ്. എന്നാല്‍ അവര്‍ അങ്ങോട്ടേക്ക് പോയില്ല.
മര്‍ദ്ദനമേറ്റത് പാലക്കാട് സ്വദേശിക്കും വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശിക്കുമാണ്. ഇരുവരും ഈറോഡ് പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ്. തിരുവനന്തപുരത്ത് സുഹൃത്തിന്റെ വീട്ടില്‍ പോയ ശേഷം തിരികെ പോവുകയായിരുന്നു. ഇവര്‍ക്കൊപ്പം തൃശ്ശൂരിലേക്ക് പോവുകയായിരുന്ന അജയ് ഘോഷ് എന്നൊരാളും ഉണ്ടായിരുന്നു. ഇദ്ദേഹം നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മൂന്ന് സുരേഷ് കല്ലട ബസ് ജീവനക്കാര്‍ക്ക് എതിരെ കേസെടുത്തിട്ടുണ്ട്,’ എസ്ഐ വിനോദ് പറഞ്ഞു.
Discussion about this post