ദുബായ്: ഐസിസിയുടെ തര്‍ക്ക പരിഹാര കമ്മിറ്റിയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിനെതിരെ കേസ് നടത്തി പരാജയപ്പെട്ട് പാകിസ്താന് ക്രിക്കറ്റ് ബോര്‍ഡ്. കേസ് തോറ്റതോടെ പിസിബി 1.6 മില്യണ്‍ ഡോളര്‍ ബിസിസിഐയ്ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് വിധിയായി.
നഷ്ടപരിഹാര കേസില്‍ പരാജയപ്പെട്ട പാകിസ്താന് 2.2 മില്ല്യണ്‍ ഡോളര്‍ നഷ്ടപ്പെടുമെന്ന് പിസിബി ചെയര്മാന് എഹ്സാന്‍ മാനി പ്രതികരിച്ചു. കേസിനായി നടത്തിയ യാത്രകള്‍, നിയമസഹായം, മറ്റ് ചെലവുകള്‍ എന്നിവ ഉള്‍പ്പടെയാണ് ഈ തുക.
ഇരു ബോര്‍ഡുകളും തമ്മിലെ കരാറുകള്‍ ലംഘിച്ചെന്ന് കാണിച്ച് ബിസിസിഐയില്‍ നിന്ന് വന്‍തുക കൈപ്പറ്റാനായാണ് പിസിബി ഐസിസിക്ക് മുന്നിലെത്തിയത്. കഴിഞ്ഞ വര്‍ഷമാണ് പിസിബി കേസ് രജിസ്റ്റര്‍ ചെയ്തത്.
2015-2023 കാലത്തേയ്ക്ക് ഇന്ത്യയും പാകിസ്താനും ആറു തവണ ഏകദിന പരമ്പര നടത്തുമെന്നായിരുന്നു അന്നത്തെ കരാര്‍. എന്നാല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതോടെ ഇന്ത്യ പാകിസ്താനെതിരായ മത്സരങ്ങളില്‍ നിന്നും പിന്മാറിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ പാകിസ്താനെതിരെ കളിക്കാന്‍ അനുമതി നല്‍കിയില്ലെന്നായിരുന്നു ബിസിസിഐ ഐസിസിക്ക് മുന്നില്‍ വാദിച്ചത്.
Discussion about this post