ലഖ്നൗ: വിവാഹ പന്തലില്‍ വരന്റെ അച്ഛന് മദ്യപിച്ച് എത്തിയതിനെ തുടര്‍ന്ന് വിവാഹത്തില്‍ നിന്നും വധു പിന്മാറി. ഉത്തര്‍പ്രദേശിലെ ബിന്നാവ ഗ്രാമത്തിലാണ് സംഭവം. അവിനാഷ് എന്ന യുവാവുമൊത്തുള്ള വിവാഹത്തില്‍ നിന്നും വധു കുശ്ബുവാണ് പിന്മാറിയത്.
അവിനാഷിന്റെ പിതാവ് സുരേഷ് ശ്രീവാസ്തവയാണ് മദ്യപിച്ച് വിവാഹ പന്തലില്‍ എത്തിയത്. വിവാഹ ഒരുക്കങ്ങള്‍ ശരിയായ രീതിയില്‍ നടത്തിയില്ലെന്ന് ആരോപിച്ച് ഇയാള്‍ വധുവിന്റെ കുടുംബത്തോട് തര്‍ക്കിച്ചു. ഇതോടെ അവിനാഷും ഇക്കാര്യം ആരോപിച്ച് രംഗത്തെത്തി.
തുടര്‍ന്ന് ഇരുവീട്ടുകാരും തമ്മില്‍ വാക്കേറ്റമായി. എന്നാല്‍ മദ്യലഹരിയില്‍ ആയിരുന്ന സുരേഷ് ശ്രീവാസ്തവ വധുവിന്റെ വീട്ടുകാരോട് മേശമായ വാക്കുകള്‍ പറയുകയും കൈയ്യേറ്റത്തിന് ശ്രമിക്കുകയും ചെയ്യുകയുമായിരുന്നു.
തുടര്‍ന്ന് സംഭവം അറിഞ്ഞെത്തിയ വധു വിവാഹത്തില്‍ നിന്നും പിന്മാറുന്നതായി അറിയിച്ചു. തന്റെ കുടുംബത്തിന്റെ പൂര്‍ണ്ണ പിന്തുണയോടെയാണ് കുശ്ബു വിവാഹത്തില്‍ നിന്നും പിന്മാറിയത്. പിന്നീട് സംഭവം ഗ്രാമ കമ്മിറ്റിയില്‍ വെയ്ക്കുകയും ചെയ്തു. ഇവിടെ വെച്ച് വിവാഹ ഒരുക്കങ്ങള്‍ക്കായി ചെലവായ മുഴുവന്‍ തുകയും വരന്റെ കുടുംബം നല്‍കണമെന്ന് കുശ്ബുവിന്റെ വീട്ടുകാര്‍ അറിയിച്ചു. അവരുടെ ആവശ്യം അവിനാഷിന്റെ വീട്ടുകാര്‍ അംഗീകരിച്ചെന്നാണ് വിവരം.
Discussion about this post