ആലപ്പുഴ: അപകടങ്ങളില്‍ ഒട്ടനവധി ജീവനുകള്‍ കാത്തുസംരക്ഷിച്ചിട്ടുള്ള പോലീസുകാരന് അപകടത്തില്‍ രക്തം വാര്‍ന്ന് ദാരുണ മരണം. അരമണിക്കൂറോളം ആണ് റോഡപകടത്തില്‍ രക്തം വാര്‍ന്ന് കിടന്നത്. ഒരാള്‍ പോലും സഹായത്തിന് എത്തിയില്ല. കൈനടി സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ആലപ്പുഴ വാടയ്ക്കല്‍ ആഞ്ഞിലിപ്പറമ്പില്‍ എജെ ജോസഫ് (55)ആണ് മരിച്ചത്. ഹൈവേ പെട്രോളിങ് സംഘത്തിലെ ഗ്രേഡ് എസ്ഐ ആണ് അദ്ദേഹം.
ഉച്ചയ്ക്കു രണ്ടരയോടെ ആലപ്പുഴചങ്ങനാശേരി റോഡില്‍ പള്ളിക്കൂട്ടുമ്മ ജംക്ഷനു സമീപത്തായിരുന്നു അപകടം. ബൈക്ക് മറിഞ്ഞു റോഡില്‍ കിടന്ന ജോസഫിന്റെ ഹെല്‍മെറ്റ് ഊരിമാറ്റാന്‍ പോലും ആരും തയ്യാറായില്ല. സ്ഥലത്തുണ്ടായിരുന്നവര്‍ കാഴ്ചക്കാര്‍ മാത്രം ആവുകയായിരുന്നു.
അര മണിക്കൂറിനുശേഷം അതുവഴി വന്ന കൈനടി സ്റ്റേഷനിലെ മറ്റൊരു പോലീസ് ഉദ്യോഗസ്ഥനാണു ജോസഫിനെ ആശുപത്രിയിലെത്തിച്ചത്. ആന്തരിക രക്തസ്രാവമാണു മരണകാരണമെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു. ആലപ്പുഴചങ്ങനാശേരി റോഡിലെ ഹൈവേ പെട്രോളിങ് സംഘത്തിലെ അംഗമായിരുന്നു ജോസഫ്.
ഭാര്യ: റിനി ജോസഫ്. മക്കള്‍: കൃപ ജോസഫ്, സ്നേഹ ജോസഫ്, ജീവന് ജോസഫ് (മൂവരും വിദ്യാര്‍ത്ഥികള്‍). സംസ്കാരം ഇന്നു മൂന്നിന് വട്ടയാല്‍ സെന്റ് പീറ്റേഴ്സ് പള്ളിയില്‍. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Discussion about this post