റിലീസ് ചെയ്ത അന്ന് മുതല്‍ റെക്കോര്‍ഡുകള്‍ കരസ്ഥമാക്കി മുന്നേറിക്കൊണ്ടിരിക്കുകയാണ് പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍. ഇപ്പോഴിതാ ചിത്രത്തിന്റെ പാട്ട് യൂട്യൂബ് ട്രെന്‍ഡിങില്‍ നമ്പര്‍ വണ്‍ ആയിരിക്കുകയാണ്. ചിത്രത്തിലെ തട്ടുപൊളിപ്പന്‍ ഗാനമായ ‘കടവുളെ പോലെ’ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് ഇപ്പോള്‍ യൂട്യൂബില്‍ ട്രെന്‍ഡിങായിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് ലിറിക്കല്‍ വീഡിയോ യൂട്യൂബിലെത്തിയത്. ഏഴു ലക്ഷത്തിലധികം പേരാണ് ഇതിനോടകം ഗാനം കണ്ടു കഴിഞ്ഞത്. ലോഗന്റെ വരികള്‍ക്ക് ഈണമിട്ടിരിക്കുന്നത് ദീപക് ദേവ് ആണ്. കാര്‍ത്തിക് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രത്തിലെ രണ്ടു പ്രധാന സംഘട്ടന രംഗങ്ങളിലും പശ്ചാത്തലമായി ഉപയോഗിച്ചിരിക്കുന്നത് ഈ ഗാനങ്ങളാണ്.
സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയക്കാരനായിട്ടാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തിയത്. മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക. ബോളിവുഡ് താരം വിവേക് ഒബ്റോയി ആണ് ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തിയത്. ടൊവീനോ തോമസ്, ഇന്ദ്രജിത്, കലാഭവന്‍ ഷാജോണ്‍, നന്ദു, ബൈജു, നൈല ഉഷ, സാനിയ ഇയ്യപ്പന്‍, സംവിധായകന് ഫാസില്‍ എന്നിങ്ങനെ വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മ്മിച്ചത്.
റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ 50 കോടി ക്ലബ്ബിലും ലൂസിഫര്‍ സ്ഥാനം നേടി. ഇതോടെ 50 കോടി ക്ലബ്ബില്‍ പ്രവേശിക്കുന്ന മലയാള സിനിമയിലെ ആദ്യത്തെ നടനും, സംവിധായകനും, നിര്‍മ്മാതാവുമായ വ്യക്തിയെന്ന നേട്ടം പൃഥ്വിരാജിന് സ്വന്തമായി.
Discussion about this post