ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ധമാക്കയില്‍ നടന്‍ മുകേഷ് ശക്തിമാന്റെ വേഷത്തില്‍ എത്തിയത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതിനെതിരെ പരാതിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് ‘ഒറിജിനല്‍’ ശക്തിമാന്‍ മുകേഷ് ഖന്ന. തന്റെ അനുവാദം കൂടാതെ ആണ് ചിത്രത്തില്‍ സംവിധായകന്‍ മുകേഷിനെ ആ വേഷത്തില്‍ അവതരിപ്പിച്ചത് എന്നാണ് പരാതി.
ഫെഫ്ക യൂണിയന്‍ പ്രസിഡന്റ് രഞ്ജി പണിക്കര്‍ക്കാണ് മുകേഷ് ഖന്ന പരാതി നല്‍കിയിരിക്കുന്നത്. 1997ല്‍ ദൂരദര്‍ശന് വേണ്ടി താന്‍ തന്നെ നിര്‍മ്മിച്ച് അഭിനയിച്ച കഥാപാത്രമാണ് ശക്തിമാന്‍ എന്ന് വ്യക്തമാക്കുകയാണ് മുകേഷ് ഖന്ന. ഇതിന്റെ പകര്‍പ്പവകാശം തന്നില്‍ നിലനില്‍ക്കവെയാണ് അത് ലംഘിച്ചു കൊണ്ട് ഒമര്‍ ലുലു മുകേഷിനെ ശക്തിമാനായി ചിത്രത്തില്‍ അവതരിപ്പിച്ചത് എന്നാണ് മുകേഷ് ഖന്നയുടെ പരാതി.
ഈ കഥാപാത്രം സിനിമയില്‍ ഉപയോഗിക്കുന്നതില്‍ നിന്നും പിന്‍വാങ്ങിയില്ലെങ്കില്‍ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും മുകേഷ് ഖന്ന വ്യക്തമാക്കി. ‘അന്തസ്സുള്ള ശക്തിമാന്‍’ എന്ന അടിക്കുറിപ്പോടെയാണ് മുകേഷിന്റെ ശക്തിമാന്‍ വേഷത്തിലെ ചിത്രം ഒമര്‍ ലുലു ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്.
Discussion about this post