ന്യൂഡല്‍ഹി: കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട നിപ്പാ വൈറസ് ബാധയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്ഷവര്ധന്. സ്ഥിതി നിയന്ത്രണ വിധേയമാണ്. കേരളത്തിലെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ കുറിച്ച് എല്ലാ ദിവസവും അവലോകനം നടത്തുന്നുണ്ടെന്നും മന്ത്രി പ്രസ്താവനയില്‍ വ്യക്തമാക്കി.
അതേസമയം, ഒരാള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സര്‍ക്കാര്‍ എല്ലാ വിധത്തിലുള്ള പ്രതിരോധ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ല. തുടര്‍ച്ചയായി കേരളത്തിലെ ആരോഗ്യമന്ത്രിയുമായി ബന്ധപ്പെടുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്യുന്നുണ്ടെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
നിപ്പാ ബാധിച്ച് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന യുവാവിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി സംസ്ഥാന ആരോഗ്യമന്ത്രി കെകെ ശൈലജ ഇന്നലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു. യുവാവ് ആഹാരം കഴിക്കുന്നുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതായി ആരോഗ്യ വകുപ്പ് പുറത്തുവിട്ട ബുള്ളറ്റിനില്‍ വ്യക്തമാക്കിയിരുന്നു.
അതേസമയം, നിപ്പാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഇന്ന് ഉന്നതതല യോഗം ചേരുന്നുണ്ട്. മുഖ്യമന്ത്രിയുടെ ആരോഗ്യമന്ത്രിയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുക്കുന്നയോഗം ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും.
Discussion about this post