തിരുവനന്തപുരം: കല്ലട സംഭവത്തിന്റെ പേരില്‍ സര്‍ക്കാര്‍ തങ്ങളെ മനഃപൂര്‍വം ദ്രോഹിക്കുന്നെന്നാരോപിച്ച് അന്തര്‍ സംസ്ഥാന സ്വകാര്യബസ് നടത്തുന്ന സമരം ഇന്നും തുടരും. മന്ത്രിമായുള്ള ചര്‍ച്ച പരാജയപ്പെട്ട സ്ഥിതിക്ക് സമരവുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് അന്തര്‍സംസ്ഥാന സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ തീരുമാനം. അതേസമയം, സമരത്തെ തുടര്‍ന്ന് ബദല്‍ സംവിധാനമൊരുക്കി കെഎസ്ആര്‍ടിസി. കെഎസ്ആര്‍ടിസിയുടെ 14 അധിക സര്‍വ്വീസുകളാണ് ഇന്നലെ കേരളത്തില്‍ നിന്ന് ബംഗളൂരുവിലേക്ക് സര്‍വ്വീസ് നടത്തിയത്.
മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടിയില്‍ പ്രതിഷേധിച്ച് അന്തഃസംസ്ഥാനപാതകളില് സ്വകാര്യ ബസ് പണിമുടക്കിയപ്പോള്‍ കെഎസ്ആര്‍ടിസിയായിരുന്നു ഇന്നലെ യാത്രക്കാര്‍ക്ക് ആശ്രയമായത്. രാത്രി 7.20 നും 9.20നും കോഴിക്കോട് നിന്ന് ബംഗളൂരിലേക്ക് കെഎസ്ആര്‍ടിസി പ്രത്യേക സര്‍വ്വീസ് നടത്തി.
സ്വകാര്യ ബസിനെ ആശ്രയിക്കുന്നവര്‍ കൂടുതലും മലബാര്‍ മേഖലയില്‍ ആയതിനാല്‍ യാത്രക്കാര്‍ക്കായി വരും ദിവസങ്ങളിലും ബംഗളൂരിലേക്ക് പ്രത്യേക സര്‍വ്വീസുകള്‍ കെഎസ്ആര്‍ടിസി ക്രമീകരിച്ചിരിച്ചുണ്ട്. ബംഗളൂരുവില്‍ നിന്ന് തിരിച്ചും കേരളത്തിലേക്കും യാത്രക്കാര്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് സര്‍വ്വീസ് നടത്താന്‍ കെഎസ്ആര്‍ടിസി തീരുമാനിച്ചിട്ടുണ്ട്.
കണ്ണൂര്‍, തലശ്ശേരി, കോഴിക്കോട്, തൃശ്ശൂര്‍, കോട്ടയം, എറണാകുളം എന്നീ ഡിപ്പോകളില്‍ നിന്ന് 14 അധിക സര്‍വ്വീസുകളാണ് ഇന്നലെ നടത്തിയത്.
Discussion about this post