ന്യൂഡല്‍ഹി: പാകിസ്താന് പിടികൂടിയ ഇന്ത്യന്‍ വ്യോമസേന പൈലറ്റ് വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ദ്ധമന്‍ പാകിസ്താന് സൈന്യത്തിന്റെ ചോദ്യങ്ങളോരോന്നിനോടും പതറാതെ, സ്വസ്ഥമായും ശാന്തമായുമാണ് മറുപടി നല്‍കിയത്. പേര് വെളിപ്പെടുത്തിയെങ്കിലും മറ്റ് വിവരങ്ങളൊന്നും അദ്ദേഹം പാകിസ്താന് സൈന്യവുമായി പങ്കുവെച്ചില്ല. ഇവയൊന്നും വെളിപ്പെടുത്താനാവില്ല എന്ന് പാകിസ്താന് കസ്റ്റഡിയിലിരുന്ന് കൊണ്ട് സധൈര്യം പറഞ്ഞ അഭിനന്ദിന്റെ മടങ്ങിവരവിനായുള്ള പ്രാര്‍ഥനയിലാണ് രാജ്യമൊന്നാകെ.
മിഗ് 21 വിമാനം തകര്‍ന്ന് പാകിസ്താന് പിടിയിലായ ഇന്ത്യന്‍ വ്യോമസേന പൈലറ്റും തമിഴ്നാട് സ്വദേശിയുമായ അഭിനന്ദന് വര്ദ്ധമന്റെ നിരവധി വീഡിയോകളാണ് ഇതിനോടകം പാകിസ്താനിലെ വിവിധ മാധ്യമങ്ങള്‍ പുറത്ത് വിട്ടത്. ഇത് അഭിനന്ദിന്റേത് തന്നെയാണോ എന്നത് സംബന്ധിച്ച് ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഇതുവരെ സ്ഥിരീകരണമൊന്നുമുണ്ടായിട്ടില്ല.
രജൗറി ജില്ലയിലെ നൗഷേരയിലും പൂഞ്ച് ജില്ലയിലും അതിര്‍ത്തി ലംഘിച്ചെത്തിയ വിമാനങ്ങളെ ഇന്ത്യന്‍ വ്യോമസേന തുരത്തിയിരുന്നു. ഇതിനിടെയാണ് മിഗ് 21 വിമാനം തകര്‍ന്ന് വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ദ്ധമനെ കാണാതാവുന്നത്. പൈലറ്റിനെ കാണാതായ വിവരം ഇന്ത്യ സ്ഥിരീകരിക്കുന്നതിന് മുമ്പ് തന്നെ പാക് മാധ്യമങ്ങള്‍ പൈലറ്റിന്റെ വീഡിയോ പുറത്തു വിട്ടിരുന്നു.
മുഖത്ത് നിന്ന് ചോരവാര്‍ന്നൊലിക്കുന്ന രീതിയിലുള്ള വീഡിയോയാണ് ആദ്യം പുറത്ത് വിട്ടിരുന്നത്. ആള്‍ക്കൂട്ടം പൈലറ്റിനെ അക്രമിക്കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഈ വീഡിയോ പുറത്ത് വരുമ്പോള്‍ ഇന്ത്യന്‍ വ്യോമസേന പൈലറ്റിനെ കാണാതായ വിവരം സ്ഥിരീകരിച്ചിരുന്നില്ല. കൈകാലുകള്‍ കെട്ടിയിട്ട് കണ്ണുകെട്ടിയ അവസ്ഥയില്‍ അഭിനന്ദന് സംസാരിക്കുന്ന വീഡിയോയാണ് പാകിസ്താന് രണ്ടാമതായി പുറത്ത് വിട്ടത്. ഈ വീഡിയോ പുറത്തുവന്നതോടെ ഇന്ത്യ പ്രതിഷേധം അറിയിച്ചു. ജനീവ കരാറിന്റെ ലംഘനമാണ് പാകിസ്താന് നടത്തിയതെന്നും വ്യക്തമാക്കി. എന്നാല്‍ കൈകാല്‍ കെട്ടി, കണ്ണുകെട്ടിയ അവസ്ഥയിലും പതറാതെ പാകിസ്താന് മേജറിന്റെ ചോദ്യങ്ങളോട് പ്രതികരിക്കുന്ന അഭിനന്ദിനെയാണ് കണ്ടത്.
‘ഞാന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന്, എന്റെ സര്‍വ്വീസ് നമ്പര്‍ 27981. ഞാന്‍ പൈലറ്റാണ്. ‘, എന്നായിരുന്നു വീഡിയോയില്‍ അഭിനന്ദന് പറഞ്ഞത്. വേറെ എന്താണ് അറിയേണ്ടതെന്നും അഭിനന്ദന് ധൈര്യപൂര്‍വ്വം ചുറ്റിലുമുള്ള പാക് സൈനിക മേധാവികളോട് ചോദിക്കുന്നുണ്ട്. എനിക്ക് ഒരു വിവരം അറിയാനുണ്ട്. നിലവില്‍ ഞാന്‍ പാക് ആര്‍മിയുടെ കൈവശമാണോ എന്ന് അഭിനന്ദന് ചോദിക്കുന്നതും വീഡിയോയില്‍ കാണാം.
Discussion about this post