തിരുവനന്തപുരം: ഇന്ന് അര്‍ധ രാത്രി മുതല്‍ 48 മണിക്കൂര്‍ പ്രഖ്യാപിച്ച ദേശീയ പണിമുടക്കില്‍ സ്വകാര്യ വാഹനങ്ങള്‍ ഒരു കാരണവശാലും തടയില്ലെന്ന് സിഐറ്റിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം.
ദേശീയ പണിമുടക്ക് ഹര്‍ത്താല്‍ അല്ലെന്നും, ബലം പ്രയോഗം അടക്കമുള്ള ഒന്നും പണിമുടക്കിന്റെ ഭാഗമായി ഉണ്ടാകില്ലെന്നും അദ്ദേഹം ഉറപ്പ് നല്കി. കേന്ദ്രത്തിന്റെ തൊഴിലാളി വിരുദ്ധ നടപടികള്‍ക്കെതിരായ പ്രതിഷേധമാണ് ഇതെന്നും കരീം വ്യക്തമാക്കി.
ഒരു കടയും ബലം പ്രയോഗിച്ച് അടപ്പിക്കില്ല, കടകള്‍ക്ക് കല്ലെറിയില്ല, കടയടക്കാന്‍ ആരെയും നിര്ബന്ധിക്കില്ല, സ്വകാര്യ വാഹനങ്ങള്‍ തടയില്ല, ശബരിമല തീര്‍ത്ഥാടകര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
പാല്‍വിതരണം, ആശുപത്രികള്‍, ടൂറിസം തുടങ്ങിയ മേഖലകളെ പണിമുടക്കില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്. അതേസമയം ട്രെയിനുകള്‍ പിക്കറ്റ് ചെയ്യുമെന്ന് എളമരം കരീം അറിയിച്ചു. തൊഴിലാളികളുടെ പ്രശ്നങ്ങള്‍ ചൂണ്ടികാട്ടിയാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ജനങ്ങള്‍ ഇതിനോട് നല്ല രീതിയില്‍ സഹകരിക്കുമെന്ന് ഉറപ്പുണ്ടെന്നും കരീം വിശദീകരിച്ചു.
12 ഇന ആവശ്യങ്ങള്‍ ഉന്നയിച്ച് സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, എച്ച് എം എസ്, യുടിയുസി തുടങ്ങി 10 ഓളം തൊഴിലാളി സംഘടനകളാണ് സംയുക്തമായി പണിമുടക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. തൊഴിലാളി സംഘടനകള്‍ക്കൊപ്പം മോട്ടോര്‍ മേഖലയും, ബാങ്കിംഗ് തൊഴിലാളി സംഘടനകളും പണിമുടക്കില്‍ പങ്കെടുക്കും.
Discussion about this post