മലയാള സിനിമ ചരിത്രത്തിലെ എക്കാലത്തെയും വലിയ റിലീസിനൊരുങ്ങി മോഹന്‍ലാലിന്റെ ഒടിയന്. ലോകമെമ്പാടും നാലായിരത്തോളം സ്ക്രീനുകളിലാവും ഒരേ സമയം ഒടിയനെത്തുക. കേരളത്തില്‍ മാത്രം സ്ക്രീനുകളുടെ എണ്ണം ഇതിനകം 450 കവിഞ്ഞു. വിദേശ രാജ്യങ്ങളില്‍ സ്ഥിരം വേദികളായ യുകെ, യുഎസ്, മിഡില്‍ ഈസ്റ്, ന്യൂസിലാന്‍ഡ്, പോളണ്ട്, ജപ്പാന്, ഓസ്ട്രേലിയ എന്നിവിടങ്ങളിലും ചിത്രം ആദ്യ ദിനം തന്നെ പ്രദര്‍ശനത്തിനെത്തും.
പരസ്യ ചിത്ര മേഖലയിലെ പ്രമുഖനായ ശ്രീകുമാര്‍ മേനോന് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒടിയന്. ഒടിയന് മാണിക്യനെ അവതരിപ്പിക്കുന്നതിനായ് മോഹന്‍ലാല്‍ രൂപത്തിലും ശരീര ഘടനയിലും മാറ്റങ്ങള്‍ വരുത്തിയിരുന്നു. ചിത്രത്തില്‍ കഥാപാത്രം പല ജീവിത ഘട്ടങ്ങളിലൂടെ കടന്നു പോകുന്നുണ്ട്. മഞ്ജു വാര്യര്‍ ആണ് ചിത്രത്തിലെ നായിക. പ്രകാശ് രാജ്, സിദ്ദിഖ്, നന്ദു, ഇന്നസെന്റ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
ഒടിയന്റെ തെലുങ്ക് അവകാശം ദഗ്ഗുബട്ടി ക്രിയേഷന്‍സിലെ ഡി അഭിരാമും സമ്പത് കുമാറുമാണ് സ്വന്തമാക്കിയിരിക്കുന്നത്. ഒടിയന് കഥാപാത്രത്തില്‍ മാത്രമല്ല, മറ്റു മേഖലകളിലും വ്യത്യസ്തത പുലര്‍ത്തുന്നുണ്ട്. അടുത്തിടെ കൊച്ചിയില്‍ ഒടിയന്റെ പൂര്‍ണകായ പ്രതിമ ഉയര്‍ന്നിരുന്നു. ഏറ്റവും അടുത്തായി ഒരു മൊബൈല്‍ ആപ്പും ഒടിയന് സിനിമയുടെ ഭാഗമായി ഇറങ്ങിയിട്ടുണ്ട്. എന്തായാലും പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ ഒടിയന്റെ റിലീസിനായി കാത്തിരിക്കുകയാണ്.
Discussion about this post