kerala-engineers

എഞ്ചിനിയര്‍മാരുടെ സസ്‌പെന്‍ഷന്‍ പുന:പരിശോധിക്കില്ലെന്ന് ആഭ്യന്തര വകുപ്പ്

തിരുവനന്തപുരം: അഴിമതി ആരോപണ വിധേയരായ ചീഫ് എഞ്ചിനിയര്‍മാരുടെ സസ്‌പെന്‍ഷന്‍ വിവാദത്തില്‍ നിലപാടിലുറച്ച് ആഭ്യന്തര വകുപ്പ്. ചീഫ് എഞ്ചിനിയര്‍മാരുടെ സസ്‌പെന്‍ഷന്‍ നിയമപരമെന്ന തീരുമാനത്തില്‍ ഉറച്ചുനില്‍ക്കാനാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം. നടപടിക്രമങ്ങള്‍ മുഖ്യമന്ത്രിയെ അറിയിക്കും. സസ്‌പെന്‍ഷന്‍ ആഭ്യന്തര വകുപ്പ് പുന:പരിശോധിക്കില്ല. സസ്‌പെന്‍ഷന്‍ സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തിലെന്നും ആഭ്യന്തര വകുപ്പ് വ്യക്തമാക്കി.

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് എതിരെ പരാതിയുമായി മുമ്പ് പൊതുമരാമത്ത് മന്ത്രിയും മുസ്ലിം ലീഗ് പ്രതിനിധിയുമായ വി.കെ ഇബ്രാഹിംകുഞ്ഞും ജലവിഭവ വകുപ്പ് മന്ത്രിയും കേരള കോണ്‍ഗ്രസ് പ്രതിനിധിയുമായ പി.ജെ ജോസഫും മുഖ്യമന്ത്രിയെ സമീപിച്ചിരുന്നു. തങ്ങളുടെ വകുപ്പുകളില്‍ ആഭ്യന്തരമന്ത്രി അനധികൃതമായി കൈകടത്തുന്നുവെന്നായിരുന്നു ഇരുവരുടെയും പരാതി. വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട വകുപ്പു മന്ത്രിമാരെ ഫയല്‍ കാണിക്കാതെ രണ്ട് വകുപ്പിലെയും ചീഫ് എഞ്ചിനിയര്‍മാരെ ആഭ്യന്തര സെക്രട്ടറി സസ്‌പെന്‍ഡ് ചെയ്തതാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്

asaram

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ആസാറാം ബാപ്പു ഇന്ത്യയിലെ മികച്ച സന്യാസി

രാജസ്ഥാന്‍: ഇന്ത്യയിലെ മഹാന്‍മാരായ സന്യാസിമാരുടെ പട്ടികയില്‍ ലൈംഗികാരോപണക്കേസില്‍ അറസ്റ്റിലായ വിവാദ സന്യാസി ആസാറാം ബാപ്പുവും. രാജസ്ഥാനിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ പാഠപുസ്തകത്തിലാണ് സ്വാമി വിവേകാനന്ദനും മദര്‍ തെരേസയ്ക്കുമൊപ്പം ആസാറാം ബാപ്പുവും ഇടംപിടിച്ചത്. സംഭവത്തില്‍ രാജസ്ഥാന്‍ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം തുടങ്ങി.

നയാ ഉജാല എന്ന പേരിലുള്ള സന്മാര്‍ഗ പാഠപുസ്തകത്തിലാണ് ഇന്ത്യയിലെ മഹത്തായ സന്യാസികളുടെ പട്ടികയില്‍ 16 വയസ്സുകാരിയായ വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത് അറസ്റ്റിലായി ജയിലില്‍ കഴിയുന്ന ആസാറാം ബാപ്പുവിനേയും ഉള്‍പ്പെടുത്തിയത്. പുസ്തകത്തിന്റെ നാല്‍പതാം പേജില്‍ സ്വാമി വിവേകാനന്ദന്‍, ഗുരുനാനാക്ക്, ശ്രീരാമകൃഷ്ണ പരമഹംസര്‍, മദര്‍ തെരേസ തുടങ്ങിയവരുടെ ചിത്രത്തോടൊപ്പം ആസാറാം ബാപ്പുവിന്റെ ചിത്രവുമുണ്ട്. യോഗ ഗുരു ബാബാ രാംദേവിനേയും മഹത്തായ സന്യാസിമാരുടെ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 74കാരനായ ആശാറാം ബാപ്പു 2013 സെപ്റ്റംബര്‍ മുതല്‍ ജോധ്പൂരിലെ ജയിലിലാണ്.

ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗുരുകുല്‍ പ്രകാശന്‍ എന്ന സ്ഥാപനമാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. എന്‍സിഇആര്‍ടിയുടെ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് പുസ്തകം തയാറാക്കിയതെന്നാണ് പ്രസാധകരുടെ നിലപാട്. പുസ്തകം സ്‌കൂളുകളില്‍ പഠിപ്പിക്കരുതെന്നും, സംഭവത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു. വിവാദം ശക്തമായതോടെ പ്രശ്‌നത്തില്‍ ഇടപെട്ട രാജസ്ഥാന്‍ വിദ്യാഭ്യാസ വകുപ്പ്, പുസ്തകം പഠിപ്പിക്കുന്ന എല്ലാ സ്‌കൂളുകള്‍ക്കും നോട്ടീസ് അയച്ചു.

കൂറ്റന്‍ തിരമാലകള്‍ ആഞ്ഞടിക്കുന്ന പാലത്തിലൂടെ ശ്വാസമടക്കി ഒരു സാഹസികയാത്ര

ഒരു സാഹസികയാത്രയ്ക്ക് നിങ്ങള്‍ ഒരുക്കമാണോ, ഇത് ഒരു സാധാരണ സാഹസികയാത്രയല്ല, ആഞ്ഞടിക്കുന്ന തിരമാലകള്‍ക്കിടയിലൂടെ ത്രില്ലടിപ്പിക്കുന്ന യാത്ര.

നോര്‍വേയിലെ അറ്റ്‌ലാന്റിക് സമുദ്രത്തിലൂടെ വളഞ്ഞുപുളഞ്ഞുപോകുന്ന റോഡ്, കാഴ്ചയില്‍ത്തന്നെ അത്ഭുതമാണ്. പാലത്തിനു താഴെ തിരമാലകള്‍ ആഞ്ഞടിക്കുന്ന അറ്റ്‌ലാന്റിക് സമുദ്രവും. വളരെ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പാലത്തിലേക്കും പാലത്തിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങളിലേക്കും കൂറ്റന്‍ത്തിരമാലകള്‍ അടിച്ചുകയറുന്നു…

2014 ജൂലൈയില്‍ ഹെലെയ്ന്‍ ഷോബെര്‍ഗ് അപ്ലോഡ് ചെയ്ത വീഡിയോ ഇതിനകം രണ്ട്‌ലക്ഷത്തിനോടടുത്ത് ആളുകള്‍ കണ്ടുകഴിഞ്ഞു.

ഒരു യാത്രപോയ അനുഭവം പകരുന്ന വീഡിയോ കാണാം;

 

sharrok

മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ ഷാരൂഖിനേര്‍പ്പെടുത്തിയ വിലക്ക് നീക്കി

മുംബൈ: ഐപിഎല്‍ ടീമായ നൈറ്റ് റൈഡേഴ്‌സ് ഉടമയും ബോളിവുഡ് താരവുമായ ഷാരൂഖ് ഖാന് വാംഖഡെ സ്‌റ്റേഡിയത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ നീക്കി. ഇന്ന് ചേര്‍ന്ന യോഗത്തിലാണ് അസോസിയേഷന്‍ തീരുമാനമുണ്ടായത്. 2015 മെയില്‍ മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ ഷാരൂഖിന് ഏര്‍പ്പെടുത്തിയ അഞ്ച് വര്‍ഷത്തെ വിലക്കാണ് ഇപ്പോള്‍ നീക്കിയിരിക്കുന്നത്. വിലക്ക് മാനിച്ച് ഇതുവരെ സ്‌റ്റേഡിയത്തില്‍ പ്രവേശിക്കാന്‍ താരം ശ്രമിച്ചിട്ടില്ലെന്നും ഇക്കാരണത്താലാണ് നേരത്തേ വിലക്ക് നീക്കുന്നതെന്നും അസോസിയേഷന്‍ വ്യക്തമാക്കി.

2012 ഐപിഎല്ലിലെ കൊല്‍ക്കത്തയുടെ മുംബൈ ഇന്ത്യന്‍സിന് എതിരായ മത്സരത്തിന് ശേഷം ഗ്രൗണ്ടിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച ഷാരൂഖിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. കൊല്‍ക്കത്തയുടെ വിജയമാഘോഷിക്കാന്‍ ഗ്രൗണ്ടിലിറങ്ങാനൊരുങ്ങിയ താരത്തെ അമിതമായി മദ്യപിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി സുരക്ഷാ ഉദ്യോഗസ്ഥര്‍ തടയുകയായിരുന്നു.എന്നാല്‍ ഇതേതുടര്‍ന്ന് ഷാരൂഖ് ഇവരോട് തട്ടിക്കയറുകയും കയ്യേറ്റത്തിന് ശ്രമിക്കുകയും ചെയ്തു. തുടര്‍ന്നാണ് ഷാരൂഖ് സ്‌റ്റേഡിയത്തില്‍ കയറുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയത്.

sports-sreesanth

അഴിമതി വിരുദ്ധ സമിതിയുടെ റിപ്പോര്‍ട്ട് താരങ്ങള്‍ക്ക് എതിരായിട്ടുള്ളത്: ശ്രീശാന്ത് ദേശീയ ക്രിക്കറ്റിലേക്ക് മടങ്ങിവരില്ലെന്ന് ബിസിസിഐ സെക്രട്ടറി

മുംബൈ: മലയാളികളുടെകളുടെ പ്രിയതാരം എസ് ശ്രീശാന്ത് ഐപിഎല്‍ ഒത്തുകളി കേസില്‍ കുറ്റവിമുക്തമായെങ്കിലും സജീവ ദേശീയ ക്രിക്കറ്റിലേക്ക് മടങ്ങിവരാന്‍ സാധ്യത കുറവാണെന്ന് ബിസിസിഐ സെക്രട്ടറി അനുരാഗ് താക്കൂര്‍. ഒരു ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താക്കൂര്‍ ഇക്കാര്യം പറഞ്ഞത്. കോടതി കുറ്റവിമുക്തനാക്കിയെങ്കിലും ബിസിസിഐ അഴിമതി വിരുദ്ധ സമിതിയുടെ റിപ്പോര്‍ട്ട് ശ്രീശാന്ത് ഉള്‍പ്പെട്ട മൂന്നു താരങ്ങള്‍ക്കും എതിരാണ് താക്കൂര്‍ വ്യക്തമാക്കി.

ക്രിമിനല്‍ നടപടികളില്‍ നിന്ന് താരങ്ങള്‍ മോചിതരായി. പക്ഷേ ബിസിസിഐ അച്ചടക്ക നടപടികള്‍ അതില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്. ബിസിസിഐ അഴിമതി വിരുദ്ധ സമിതിയുടെ റിപ്പോര്‍ട്ട് താരങ്ങള്‍ക്ക് എതിരാണെന്നും അനുരാഗ് താക്കൂര്‍ എന്‍എന്‍ ഐബിഎന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഐപിഎല്‍ വാതുവയ്പ് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതിനെത്തുടര്‍ന്ന് ശ്രീശാന്ത്, അജിത് ചാന്ദില, അങ്കിത് ചവാന്‍ എന്നീ ക്രിക്കറ്റ് താരങ്ങള്‍ക്ക് ബിസിസിഐ വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പാട്യാല ഹൗസ് കോടതി ജൂലൈ 25ന് ഇവരെ കുറ്റവിമുക്തരാക്കി കേസ് തള്ളി. ഇതിനു പിന്നാലെ താരങ്ങള്‍ ആവശ്യപ്പെട്ടാല്‍ വിലക്ക് നീക്കുന്ന കാര്യം പരിഗണിക്കാമെന്ന് അനുരാഗ് താക്കൂര്‍ പറഞ്ഞു. ഇതേത്തുടര്‍ന്ന് ശ്രീശാന്ത് ബിസിസിഐക്ക് കത്ത് അയച്ചിരുന്നു. ശ്രീശാന്തിന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ശ്രീയുടെ വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് ബിസിസിഐക്ക് കെസിഎ കത്തുമയച്ചിരുന്നു.

kiss

ചുംബനങ്ങള്‍ ക്യാന്‍സറിന് കാരണമാകും

ചുംബനത്തിലൂടെ ക്യാന്‍സര്‍ പകരുമെന്ന് പുതിയ കണ്ടെത്തല്‍. ലണ്ടനിലെ ഒരു കൂട്ടം യുവഡോക്ടര്‍മാരാണ് ഈ കണ്ടുപിടുത്തതിന് പിന്നില്‍. ചുംബനത്തിലൂടെ ഹ്യൂമന്‍ പാപ്പിലോമ വൈറസ് (എച്ച്പിവി) വേഗത്തില്‍ പകരുമെന്നും എച്ച്പിവി ബാധിച്ചവരില്‍ അര്‍ബുദ സാധ്യത 250 മടങ്ങ് കൂടുതലാണെന്നും പഠനത്തില്‍ വ്യക്തമാക്കുന്നത്. തലയെയും കഴുത്തിനെയും മറ്റും ബാധിക്കുന്ന അര്‍ബുദങ്ങളാണ് ചുംബനത്തിലൂടെ പകരുന്നത്.

ഓറല്‍ എച്ച്പിവി എന്ന വൈറസാണ് കഴുത്തിലെയും തലയിലെയും മറ്റും അര്‍ബുദങ്ങളിലേക്ക് നയിക്കുന്നത്. തലയില്‍ കാന്‍സര്‍ ബാധിതരില്‍ ഏഴു ശതമാനം പേരില്‍ ഓറല്‍ എച്ച്പിവി കണ്ടെത്തിയിട്ടുണ്ടെങ്കിലും ഒരു ശതമാനത്തിന് മാത്രമേ കഴുത്തിലും തലയിലും മറ്റുമുളള അര്‍ബുദത്തിന് കാരണമാകുന്ന എച്ച്പിവിയെ കണ്ടെത്താനായിട്ടുളളൂവെന്ന് പഠനം വ്യക്തമാക്കുന്നു. വദനസുരതം, ഒന്നിലേറെ പങ്കാളികളുമായുളള ചുംബനം മുതലായവ വലിയ വെല്ലുവിളികളാണ് ഉയര്‍ത്തുന്നതെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.

റോയല്‍ ഡാര്‍വിന്‍ ആശുപത്രിയിലെ മാക്‌സിലോ ഫേഷ്യല്‍, ഹെഡ് ആന്‍ഡ് നെക്ക് സര്‍ജറി വകുപ്പ് മേധാവി ഡോ.മഹിബന്‍ തോമസാണ് ചുംബനത്തിലൂടെ വൈറസുകള്‍ അര്‍ബുദം പടര്‍ത്തുന്നു എന്ന കണ്ടെത്തല്‍ നടത്തിയത്.അപൂര്‍വ്വമായി മാത്രം മദ്യപിക്കുന്ന ചെറുപ്പക്കാരുടെ ഇടയിലാണ് എച്ച്പിവി വൈറസ് കണ്ടെത്തിയിരിക്കുന്നത്. മുപ്പതിനും നാല്‍പ്പതിനും ഇടയില്‍ പ്രായമുള്ളവരിലാണ് എച്ച്പിവി വൈറസ് കൂടുതലും കണ്ടെത്തിയിരിക്കുന്നത്.

google

പത്ത് രൂപയ്ക്ക് ഇനി മുതല്‍ പ്ലേ സ്റ്റോറില്‍ നിന്ന് പെയ്ഡ് ആപ്ലിക്കേഷനുകള്‍

വലിയ വിലകൊടുത്ത് പ്ലേ സ്റ്റോറില്‍ നിന്ന് പെയ്ഡ് ആപ്ലിക്കേഷനുകള്‍ വാങ്ങുന്നവര്‍ക്ക് ഇനി ആശ്വസിക്കാം. പ്ലേ സ്റ്റോറില്‍ നിന്ന് ഇനിമുതല്‍ പെയ്ഡ് ആപ്ലിക്കേഷനുകള്‍ പത്തുരൂപയ്ക്കും ലഭിക്കും. ഇന്ത്യയില്‍ പെയ്ഡ് ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുന്നവര്‍ക്കുള്ള സേവനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിലൊരു നടപടി. ഡവലപ്പര്‍മാര്‍ക്ക് പുതിയ ഉപയോക്താക്കളില്‍ എത്താന്‍ ഇന്ത്യ ഏറെ സഹായകരമാകുന്നുണ്ടെന്ന് ഗൂഗിള്‍ ഇന്ത്യ അറിയിച്ചു. ഈ സാഹചര്യത്തിലാണ് പെയ്ഡ് ആപ്പുകള്‍ കുറഞ്ഞ വിലയ്ക്ക് ആളുകള്‍ക്ക് ലഭ്യമാക്കാന്‍ ഗൂഗിള്‍ തീരുമാനമെടുത്തത്.

അതേസമയം ഡവലപ്പര്‍മാര്‍ക്ക് ഇന്ത്യയില്‍ വളരെയധികം വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചതായി ഗൂഗിള്‍ ഇന്ത്യ വിലയിരുത്തി. ഉപയോക്താക്കളില്‍ നിന്ന് മികച്ച ഫീഡ്ബാക്കുകളാണ് ലഭിക്കുന്നത്. കൂടുതല്‍ എളുപ്പത്തിലും ചെലവുകുറഞ്ഞും ആപ്ലിക്കേഷനുകള്‍ ലഭിക്കാന്‍ ആളുകള്‍ ആഗ്രഹിക്കുന്നതായി ഈ ഫീഡ്ബാക്കുകളില്‍ നിന്ന് മനസ്സിലായി. ഈ സാഹചര്യത്തിലാണ് ആപ്ലിക്കേഷനുകളുടെ വില കുറയ്ക്കാന്‍ ഡവലപ്പര്‍മാര്‍ തീരുമാനിച്ചത്. ഇതനുസരിച്ച് ഏറ്റവും കുറഞ്ഞ വില പത്തുരൂപയാക്കാന്‍ തീരുമാനിച്ചു. ഇത് കൂടുതല്‍ ആളുകളിലേക്ക് ഗൂഗിള്‍ പ്ലേസ്‌റ്റോറിന്റെ പ്രവര്‍ത്തനം എത്തിക്കാന്‍ സഹായിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. വ്യാപാരം കൂടുതല്‍ വിജയകരമാക്കാമെന്നും ഗൂഗിള്‍ കണക്കാക്കുന്നു.

ഓഗസ്റ്റ് മുതല്‍ ഹ്യുണ്ടായ് കാറുകള്‍ക്ക് വിലകൂടും

hyundai

ഓഗസ്റ്റ് ഒന്നു മുതല്‍ ഹ്യുണ്ടായ് വാഹനങ്ങളുടെ വില ഉയരും. കോംപാക്ട് എസ്‌യുവിയായ ‘ക്രേറ്റ’ ഒഴികെയുള്ള വാഹനങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ കൊറിയയില്‍ നിന്നുള്ള ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ്(എച്ച്എംഐഎല്‍) ഒരുങ്ങി. മോഡല്‍ അടിസ്ഥാനത്തില്‍ പരമാവധി 30,000 രൂപ വരെ വര്‍ധിക്കും.

പുതുമുഖമായതിനാല്‍ ‘ക്രേറ്റ’യെ ഹ്യുണ്ടായ് ഇപ്പോഴത്തെ വില വര്‍ധനയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഡല്‍ഹി ഷോറൂമില്‍ 8.59 ലക്ഷം മുതല്‍ 13.60 ലക്ഷം രൂപ വരെ വില നിശ്ചയിച്ചായിരുന്നു കമ്പനി ‘ക്രേറ്റ’ അവതരിപ്പിച്ചത്

ചെറുകാറായ ‘ഇയോണ്‍’ മുതല്‍ സെഡാനുകളായ ‘വെര്‍ണ’യും ‘സൊനാറ്റ’യും പിന്നിട്ടു പ്രീമിയം സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനമായ ‘സാന്റാ ഫെ’ വരെ നീളുന്നതാണു ഹ്യുണ്ടായിയുടെ മോഡല്‍ ശ്രേണി; ഡല്‍ഹി ഷോറൂമില്‍ 3.08 ലക്ഷം മുതല്‍ 30.21 ലക്ഷം രൂപ വരെയാണു വിവിധ മോഡലുകളുടെ വില.

ഉല്‍പ്പാദനചെലവിലെ വര്‍ധനയാണ് വാഹന വില കൂട്ടാന്‍ കാരണമെന്ന് ഹ്യുണ്ടായ് മോട്ടോര്‍ സീനിയര്‍ വൈസ് പ്രസിഡന്റ് (സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ്)രാകേഷ് ശ്രീവാസ്തവ അറിയിച്ചു. ഇത്രയും കാലം ഈ അധിക ബാധ്യത കമ്പനി ഏറ്റെടുത്തെങ്കിലും ഇനി വില ഉയര്‍ത്താതെ മുന്നോട്ടു പോകാനാവാത്ത സാഹചര്യമാണെന്നും അദ്ദേഹം അറിയിച്ചു.

വാഹനവില്‍പ്പന പ്രതീക്ഷിച്ച തലത്തിലേക്ക് ഉയരാത്ത സാഹചര്യത്തില്‍ പല വാഹന നിര്‍മാതാക്കളും കനത്ത വിലക്കിഴിവ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഹ്യൂണ്ടായ്‌യുടെ വിലവര്‍ധന. ഇന്ത്യന്‍ വാഹന നിര്‍മാതാക്കളില്‍ രണ്ടാം സ്ഥാനത്തുള്ള ഹ്യുണ്ടായ് വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതോടെ എതിരാളികളും ഇതേ പാത പിന്തുടരാന്‍ സാധ്യതയേറുന്നുണ്ട്.

crime-rape

ഒമ്പതാംക്ലാസ്സുകാരിയെ മൂന്ന് സഹപാഠികളും ഓട്ടോ ഡ്രൈവറും ചേര്‍ന്ന് ബലാല്‍സംഗം ചെയ്തു

ഗുഡ്ഗാവ്: ഒപ്പം പഠിയ്ക്കുന്ന ഒമ്പതാംക്ലാസ്സുകാരിയെ ബലാല്‍സംഗം ചെയ്ത കേസില്‍ രണ്ട് സഹപാഠികള്‍ അറസ്റ്റില്‍. കേസില്‍ പെണ്‍കുട്ടിയുടെ മറ്റൊരു സഹപാഠി ഉള്‍പ്പെടെ രണ്ട് പേരെ പോലീസ് തിരയുന്നുണ്ട്. പെണ്‍കുട്ടിയുടെ പരാതിയിലാണ് അറസ്റ്റ്. ഗുഡ്ഗാവിലെ സ്‌കൂളില്‍ നിന്ന് മടങ്ങും വഴി ഓട്ടോയിലെത്തിയ സംഘം തന്നെ തട്ടിക്കൊണ്ടുപോയി വിജനമായ സ്ഥലത്ത് വച്ച് പീഡിപ്പിക്കുകയായിരുന്നെന്ന് പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു.

മൂന്ന് സഹപാഠികളും ഓട്ടോ ഡ്രൈവറുമാണ് പതിനാലുകാരിയായ കുട്ടിയെ പീഡനത്തിനിരയാക്കിയത്. വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. സംഭവം പുറത്തു പറഞ്ഞാല്‍ തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നുണ്ട്. പിടിയിലായവരെ പോലീസ് ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി.