പാലക്കാട് വിവാഹ ചടങ്ങിന്റെ ഭാഗമായി വധൂവരന്മാരുടെ തല കൂട്ടിയിടിപ്പിച്ച സംഭവം, വരന്റെ ബന്ധു അറസ്റ്റില്‍

പാലക്കാട്: പാലക്കാട് പല്ലശ്ശനയില്‍ വിവാഹ ചടങ്ങിന്റെ ഭാഗമായി വധൂവരന്മാരുടെ തല കൂട്ടിയിടിപ്പിച്ച സംഭവത്തില്‍ വരന്റെ ബന്ധു അറസ്റ്റില്‍. പല്ലശ്ശന സ്വദേശി സുഭാഷ് ആണ് അറസ്റ്റിലായത്.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ദേഹോപദ്രവം ഏല്‍പ്പിക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നിവ ചുമത്തിയാണ് സുഭാഷിനെതിരെ കൊല്ലങ്കോട് പൊലീസ് കേസെടുത്തിരുന്നു.

also read: പടികൾ കയറി ശ്വാസംമുട്ടലുള്ള രോഗി മരിച്ച സംഭവം; കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ രണ്ട്‌ ജീവനക്കാർക്ക് സസ്‌പെൻഷൻ

സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുക്കുകയും അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കൊല്ലങ്കോട് പൊലീസിന് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സുഭാഷിനെ അറസ്റ്റ് ചെയ്തത്.

also read: തനിച്ചായ സമയത്ത് വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമം; 27കാരന്റെ ജനനേന്ദ്രിയം ബ്ലേഡ് കൊണ്ട് മുറിച്ച് യുവതി

ജൂണ്‍ 25നായിരുന്നു പല്ലശ്ശന സ്വദേശി സച്ചിന്റെയും കോഴിക്കോട് മുക്കം സ്വദേശി സജ്ലയുടെയും വിവാഹം നടന്നത്. വിവാഹശേഷം സച്ചിന്റെ വീട്ടിലെത്തിയ സജ്ല അകത്തേയ്ക്ക് കയറുന്നതിന് മുന്‍പായി പിന്നില്‍ നിന്ന സുഭാഷ് അപ്രതീക്ഷിതമായി ഇരുവരുടെയും തല ശക്തിയായി മുട്ടിക്കുകയായിരുന്നു.

തല നന്നായി വേദനിച്ച സജ്ല കരഞ്ഞുകൊണ്ടായിരുന്നു വീടിനകത്തേയ്ക്ക് പോയത്. ഇതിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചത്. നിരവധി പേരാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് പ്രതികരിച്ചത്.

Exit mobile version