തലസ്ഥാനത്ത് ഗുണ്ടാവിളയാട്ടം, കണ്ണിന് കുത്തേറ്റ് യുവാവ് ആശുപത്രിയില്‍, ആയുധങ്ങളുമായി നാലംഗ സംഘം പിടിയില്‍

തിരുവനന്തപുരം: യുവാവിനെ ആക്രമിച്ചതിന് പിന്നാലെ രക്ഷപ്പെട്ട അക്രമിസംഘം പോലീസിന്റെ പിടിയില്‍. തിരുവന്തപുരം ജില്ലയിലെ വഞ്ചിയൂര്‍ചിറക്കുളം കോളനിയിലാണ് സംഭവം. ആക്രമണത്തിനു പിന്നാലെ മാരകായുധങ്ങളുമായി വാഹനത്തില്‍പോകവെയാണ് സംഘം പിടിയിലായത്.

കാഞ്ഞിരംപാറ കരിത്തോട് ലെയ്ന്‍ ചാമവിളവീട്ടില്‍ അരുണ്‍(30), കമലേശ്വരം പെരുനെല്ലി പുതുവല്‍ പുത്തന്‍വീട്ടില്‍ ആനന്ദ്(30), മെഡിക്കല്‍ കോളേജ് മഞ്ചാട് മഞ്ഞടിക്കുന്നില്‍വീട്ടില്‍ സിബിന്‍ (30), കാഞ്ഞിരംപാറ പഴവിള പുത്തന്‍വീട്ടില്‍ ആരോമല്‍(30) എന്നിവരെയാണ് വഞ്ചിയൂര്‍ പൊലീസ് പിടികൂടിയത്.

വഞ്ചിയൂര്‍ ചിറക്കുളം കോളനി ടി.സി. 27/2146ല്‍ സുധി(22)നാണ് ആക്രമണത്തില്‍ പരിക്കേറ്റത്. കണ്ണിനു കുത്തേറ്റ് സുധിന്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. സംഭവമറിഞ്ഞ് പൊലീസ് എത്തുന്നതിനു മുമ്പ് പ്രതികള്‍ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.

കഴിഞ്ഞ ദിവസം രാത്രിയിലാണ് നടുക്കുന്ന സംഭവം. സ്ഥലത്തെ ലഹരിസംഘമാണ് സുധിനെ ആക്രമിച്ചതെന്നു കുടുംബം പറയുന്നു. ഇരുമ്പുവാളുകള്‍, കത്തികള്‍ എന്നിവ പ്രതികളുടെ വാഹനത്തില്‍നിന്നു കണ്ടെടുത്തു.

Exit mobile version