ഡിവൈഎഫ്‌ഐയുടെ പൊതിച്ചോറ് വിതരണം നിര്‍ത്തലാക്കിയ എന്‍കെ പ്രേമചന്ദ്രനെതിരേയും യുഡിഎഫിനെതിരേയും കണ്ണീരോടെ ജനങ്ങള്‍

'പാവങ്ങള്‍ക്ക് ഒരു നേരത്തെ ഭക്ഷണം കിട്ടുന്നത് ഇല്ലാതാക്കിയ പ്രേമേന്ദ്രന്‍ ഒരിക്കലും കൊണം പിടിക്കില്ല'; ഡിവൈഎഫ്‌ഐയുടെ ആശുപത്രിയിലെ പൊതിച്ചോറ് വിതരണം നിര്‍ത്തലാക്കിയ എന്‍കെ പ്രേമചന്ദ്രനെതിരേയും യുഡിഎഫിനെതിരേയും കണ്ണീരോടെ ജനങ്ങള്‍

കൊല്ലം: പാവപ്പെട്ട രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ആശ്വാസമായി കൊല്ലത്തെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആശുപത്രികളില്‍ നടത്തിയിരുന്ന ഉച്ചഭക്ഷണ വിതരണം തെരഞ്ഞെടുപ്പ് ചൂണ്ടിക്കാണിച്ച് നിര്‍ത്തലാക്കി യുഡിഎഫിന്റെ ക്രൂരത. കൊല്ലം ജില്ലാ ആശുപത്രിയില്‍ ഡിവൈഎഫ്ഐ നടത്തിവന്ന പൊതിച്ചോറ് വിതരണം തെരഞ്ഞെടുപ്പായതുകൊണ്ട് നിര്‍ത്തിവെക്കണമെന്നാണ് യുഡിഎഫ് ആവശ്യപ്പെടുന്നത്. ഇതിനായി പരാതിയും കൊടുത്തുകഴിഞ്ഞു. പാവപ്പെട്ട രോഗികള്‍ക്ക് ആശ്വാസമായിരുന്ന പൊതിച്ചോറ് വിതരണം രാഷ്ട്രീയത്തിന്റെ പേരിലല്ലാതെ യുവജന കൂട്ടായ്മയുടെ പ്രവര്‍ത്തിയായാണ് ജനങ്ങളും കണ്ടിരുന്നതും ഏറ്റെടുത്തതും. എന്നാല്‍ പാവങ്ങളുടെ ചോറില്‍ മണ്ണുവാരിയിടുന്ന നടപടിയാണ് ഈ സത്പ്രവര്‍ത്തി നിര്‍ത്തലാക്കാന്‍ മുന്നില്‍ നില്‍ക്കുന്നതോടെ യുഡിഎഫും കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍കെ പ്രേമചന്ദ്രനും ചെയ്യുന്നതെന്ന് വിമര്‍ശനമുയരുന്നു.

ആശുപത്രിയിലെ രോഗികളും കൂട്ടിരിപ്പുകാരും ജീവനക്കാരും സംയുക്തമായാണ് ഈ നീക്കത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ജനരോഷം വെളിപ്പെടുത്തുന്ന വീഡിയോകള്‍ സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയാകുകയാണ്. ‘വര്‍ഷങ്ങളായി ഒരു മുടക്കവുമില്ലാതെ എത്തിയിരുന്ന ചോറാണ്. ഏത് മഴയത്തും ഏത് വെയിലത്തും ഇവിടെ ചോറെത്തിച്ചിട്ടുണ്ട്. ഞങ്ങളാരും അപ്പോള്‍ വിശപ്പ് അറിഞ്ഞിട്ടില്ല. ഇത് നിര്‍ത്താന്‍ പാടില്ല. ഇത്രേം പാവപ്പെട്ടവരാ ഇവിടെയുള്ളത്. പാവപ്പെട്ട മക്കള് നാനാവീട്ടിലും പോയി കൈനീട്ടി നിരവധിപേര്‍ക്കാണ് കൊടുക്കുന്നത്. നിര്‍ത്തണമെന്ന് പ്രേമചന്ദ്രന്‍ പറയണ്ട കാര്യമെന്താ? പ്രേമചന്ദ്രന്റെ വീട്ടില്‍ നിന്ന് വരുന്ന ആഹാരമല്ല’- പ്രതികരണങ്ങളിങ്ങനെ.

‘പാവപ്പെട്ട ആളുകള്‍ക്ക് കിട്ടേണ്ട ഭക്ഷണം നിര്‍ത്തലാക്കുന്ന പ്രേമചന്ദ്രന്‍ ഒരു കാലത്തും ഗുണം പിടിക്കില്ല, ഈ യുവാക്കള്‍ ചെയ്യുന്ന പ്രവര്‍ത്തിയില്‍ എതിര്‍പ്പുണ്ടെങ്കില്‍ പ്രേമചന്ദ്രന്‍ തന്നെ സ്വന്തം നിലയ്ക്ക് ഭക്ഷണം എത്തിക്കട്ടെ’- ചിലരുടെ ശാപവാക്കുകള്‍ ഇങ്ങനെ.

കൊല്ലം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെഎന്‍ ബാലഗോപാല്‍ സിപിഎം ജില്ലാ സെക്രട്ടറിയായിരിക്കെയാണ് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍, ഡിവൈഎഫ്‌ഐയുടെ ഉച്ചഭക്ഷണ പദ്ധതി ആരംഭിച്ചത്. ‘ഹൃദയസ്പര്‍ശം’ എന്ന പേരിലാണ് ഡിവൈഎഫ്ഐയുടെ പൊതിച്ചോറ് വിതരണം. ഈ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് ജനങ്ങള്‍ രാഷ്ട്രീയഭേദമന്യെ പിന്തുണയും നല്‍കിയിരുന്നു. വീടുകളില്‍ നിന്നും ശേഖരിക്കുന്ന ഉച്ചഭക്ഷണ പൊതികള്‍ ആശുപത്രിയിലെത്തിച്ചാണ് യുവാക്കള്‍ വിതരണം നടത്തിയിരുന്നത്. മുടക്കമില്ലാതെ 700 ദിവസങ്ങളിലായി 30 ലക്ഷം പൊതികളാണ് ഇതിനകം വിതരണം ചെയ്തത്. ഈ ആശ്വാസ പദ്ധതി നിര്‍ത്തലാക്കുമെന്ന വാര്‍ത്തയോട് കണ്ണീരോടെയാണ് സാധാരണക്കാര്‍ പ്രതികരിച്ചത്.

Exit mobile version