മദ്യപിച്ചെത്തി വഴക്ക്, ഭക്ഷണം പാകം ചെയ്യുകയായിരുന്ന ഭാര്യയുടെ മുഖത്ത് തിളച്ച എണ്ണ ഒഴിച്ച് 47കാരന്‍, അറസ്റ്റില്‍

തിരുവനന്തപുരം: ഭാര്യയുടെ മുഖത്ത് തിളച്ച എണ്ണ ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച നാല്‍പ്പത്തിയേഴുകാരന്‍ അറസ്റ്റില്‍. തിരുവനന്തപുരത്താണ് സംഭവം. വെള്ളറട മുള്ളിലവുവിള ആലിക്കോട് സ്വദേശി സനല്‍ ആണ് പിടിയിലായത്. ഭാര്യ നയന മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

വ്യാഴാഴ്ച രാത്രിയാണ് നടുക്കുന്ന സംഭവം. മദ്യപിച്ച് വന്ന് സനല്‍ ഭാര്യ നയനയുമായി വഴക്കുണ്ടാക്കിയിരുന്നു. ഇതിന്റെ ദേഷ്യത്തില്‍ അടുക്കളയില്‍ ഭക്ഷണം പാകം ചെയ്യുകയായിരുന്ന ഭാര്യയുടെ മുഖത്തും മറ്റ് ശരീര ഭാഗത്തും പ്രതി അടുപ്പിലിരുന്ന തിളച്ച എണ്ണ എടുത്ത് ഒഴിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

also read: അമിത് ഷായെ വിമർശിച്ച് മാധ്യമലേഖനം; രാജ്യദ്രോഹമെന്ന് കാണിച്ച് എംപി ജോൺ ബ്രിട്ടാസിന് നോട്ടീസ്

ഗുരുതരമായി പൊള്ളലേറ്റ ഭാര്യ നയനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വള്ളറട പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ മൃദുല്‍ കുമാര്‍, സബ് ഇന്‍സ്പെക്ടര്‍ ആന്റണി ജോസഫ് നെറ്റോ, എ.എസ്.ഐ. അജിത്കുമാര്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ സുനില്‍ കുമാര്‍, ഷൈനു, വിശാഖ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

Exit mobile version