അപകടം തിരിച്ചടിയായില്ല; പരിക്കേറ്റ യുവതിയെ കൃത്യസമയത്ത് ആശുപത്രിയിലും പിഎസ്‌സി അഭിമുഖത്തിനും എത്തിച്ച് അഗ്‌നിരക്ഷാസേന; നന്ദിയോടെ ഗ്രീഷ്മ

തിരുവനന്തപുരം: പിഎസ്‌സി ഓഫീസിലേക്ക് അഭിമുഖത്തിനായി പോകുന്നതിനിടെ അപകടത്തിൽപ്പെട്ട യുവതിക്ക് സഹായവുമായി അഗ്‌നിരക്ഷാസേന.യുവതിയെ അപകടസ്ഥലത്തുനിന്ന് ആശുപത്രിയിലും അവിടെനിന്ന് നിമിഷങ്ങൾക്കകം ആംബുലൻസിൽ പിഎസ്‌സി ഓഫീസിലും അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥർ എത്തിക്കുകയായിരുന്നു.

അഗ്‌നിരക്ഷാസേനയുടെ സഹായം ലഭിച്ചതോടെ യുവതിക്ക് ഏറെ കാത്തിരുന്ന അഭിമുഖത്തിന് കൃത്യസമയത്തുതന്നെ ഹാജരാകാനായി. നെയ്യാറ്റിൻകര അരുവിപ്പുറം സ്വദേശി ഗ്രീഷ്മയ്ക്കാണ് അഗ്‌നിരക്ഷാസേനയുടെ കൈത്താങ്ങ് ലഭിച്ചത്. വെള്ളിയാഴ്ച രാവിലെ മ്യൂസിയം വകുപ്പിലെ ബയോളജിസ്റ്റ് തസ്തികയിലേക്ക് അഭിമുഖത്തിനായി പട്ടം പിഎസ്‌സി ആസ്ഥാനത്തേക്ക് പോവുകയായിരുന്നു ഗ്രീഷ്മ.

ഇവർ സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ ഹൗസിങ് ബോർഡ് ജങ്ഷനിൽ വെച്ച് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. തുടർന്ന്. അഗ്‌നിരക്ഷാസേനയുടെ ആംബുംലൻസിലാണ് ജനറൽ ആശുപത്രിയിലെത്തിച്ചത്. പരിക്ക് സാരമുള്ളതായിരുന്നില്ല.

ഈ സമയത്താണ് യുവതി പിഎസ്‌സി അഭിമുഖത്തിനായി പുറപ്പെട്ടതാണെന്ന് ഉദ്യോഗസ്ഥർ അറിഞ്ഞത്. 9.45-നായിരുന്നു റിപ്പോർട്ടിങ് സമയം. കഷ്ടിച്ച് അഞ്ച് മിനിറ്റ് മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. കാലിനു പരിക്കുപറ്റിയ ഗ്രീഷ്മയ്ക്കു നടക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു.

ALSO READ- ഭാരതപ്പുഴയിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

എന്നാൽ യുവതിയുടെ അവസരത്തിന്റെ മൂല്യം മനസിലാക്കിയ അഗ്‌നിരക്ഷാസേനാംഗങ്ങൾ ഇതേ ആംബുലൻസിൽത്തന്നെ ഗ്രീഷ്മയെ പിഎസ്‌സി ഓഫീസിൽ എത്തിക്കുകയായിരുന്നു. പിഎസ്‌സി ഓഫീസിലെ വീൽച്ചെയറിൽ അഭിമുഖ ബോർഡിനു മുന്നിലെത്തിച്ച ശേഷമാണ് ഉദ്യോഗസ്ഥർ മടങ്ങിയത്.

അതേസമയം, അപ്രതീക്ഷിതമായി ലഭിച്ച സഹായത്തിന് ഗ്രീഷ്മ ഉദ്യോഗസ്ഥരോടു നന്ദിപറഞ്ഞു. അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥരായ വിഷ്ണുനാരായണൻ, ജിനു, ശ്രീരാജ്, രുമകൃഷ്ണ, ശരണ്യ, സനൽകുമാർ എന്നിവരടങ്ങുന്ന സംഘമാണ് ഗ്രീഷ്മയെ സഹായിച്ചത്.

Exit mobile version