അവിഹിത ബന്ധം ചോദ്യം ചെയ്തതിന് പിന്നാലെ വഴക്ക്, നടുറോഡില്‍ വച്ച് ഭാര്യയെ കുത്തിക്കൊന്ന് ഭര്‍ത്താവ്

murder|bignewslive

ചേര്‍ത്തല : നടുറോഡില്‍ വച്ച് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു. ചേര്‍ത്തല പള്ളിപ്പുറത്താണ് സംഭവം. ചേന്നംപള്ളിപ്പുറം പഞ്ചായത്ത് പതിനാലാം വാര്‍ഡ് വല്യവെളിയില്‍ അമ്പിളിയാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച വൈകിട്ട് 6.30ഓടെയാണ് സംഭവം.

യുവതിയെ ആക്രമിച്ചതിന് പിന്നാലെ ഭര്‍ത്താവ് രാജേഷ് ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. പള്ളിച്ചന്തയ്ക്ക് സമീപം വച്ചാണ് ഭര്‍ത്താവ് രാജേഷ് അമ്പിളിയെ കുത്തിയത്.

ഗുരുതരമായി പരിക്കേറ്റ അമ്പിളിയെ ഉടന്‍ തന്നെ ചേര്‍ത്തല കെ.വി.എം ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. രാജേഷും അമ്പിളിയും തമ്മില്‍ കഴിഞ്ഞ ദിവസം വഴക്കുണ്ടായതായി പൊലീസ് പറഞ്ഞു.

രാജേഷിന്റെ അവിഹിത ബന്ധത്തെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പൊലീസ് വ്യക്തമാക്കി. അമ്പിളിയെ ആക്രമിച്ചതിന് പിന്നാലെ അമ്പിളിയുടെ കൈവശമുണ്ടായിരുന്ന പണമടങ്ങിയ ബാഗുമായാണ് രാജേഷ് രക്ഷപ്പെട്ടത്.

തിരുനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കിലെ കളക്ഷന്‍ ഏജന്റാണ് അമ്പിളി. ജലഗതാഗത വകുപ്പ് ജീവനക്കാരനാണ് ഭര്‍ത്താവ് രാജേഷ്. മക്കള്‍: രാജലക്ഷ്മി, രാഹുല്‍.

Exit mobile version