‘റംസാൻ പ്രാർത്ഥനയ്ക്ക് ഉത്തരം ലഭിച്ചു; വായ്പകൾ തീർക്കാനുണ്ട് ഒരുപാട്’; കണ്ണുനിറഞ്ഞ് 25 കോടി ലോട്ടറിയടിച്ച മലപ്പുറം സ്വദേശി

അബുദാബി: താൻ ഒരിക്കലും കോടീശ്വരനാകുമെന്ന് ചിന്തിച്ചിട്ടുപോലും ഉണ്ടായിരുന്നില്ലെന്ന് അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ 12 ദശലക്ഷം ദിർഹം (25 കോടിയോളം രൂപ) സ്വന്തമാക്കിയ മലപ്പുറം സ്വദേശി. കുടിവെള്ള കമ്പനിയിൽ ടാങ്കർ ഡ്രൈവറാണ് സമ്മാനജേതാവായ 49കാരനായ മുജീബ് ചിറത്തൊടി. സുഹൃത്തുക്കളായ പത്ത് പേർ ചേർന്നാണ് മുജീബ് ബിഗ് ടിക്കറ്റ് ‘ഡ്രീം 12 മില്യൺ’ സീരീസ് 239 റാഫിൾ നറുക്കെടുപ്പിൽ പങ്കെടുത്തത്.

കഴിഞ്ഞ രണ്ടു വർഷമായി ബിഗ് ടിക്കറ്റിൽ ഭാഗ്യം പരീക്ഷിക്കുന്ന മുജീബിനെ ഒടുവിൽ ഭാഗ്യദേവത തേടിയെത്തുകയായിരുന്നു. ജീവിതം മാറിമറിയുന്ന രീതിയിൽ സമ്മാനം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് മുജീബിന്റെ ആദ്യപ്രതികരണം. റംസാൻ പ്രാർഥനകൾക്ക് ഉത്തരം ലഭിച്ചു എന്നാണ് വിശ്വസിക്കുന്നതെന്നും ഇത് അപ്രതീക്ഷിതമാണെന്നും മുജീബ് പറഞ്ഞു.

also read- അച്ഛന്റെ അന്ത്യാഭിലാഷം: ഈദ്ഗാഹിന് വേണ്ടി കോടികള്‍ വരുന്ന ഭൂമി വിട്ടുനല്‍കി ഹിന്ദു സഹോദരിമാര്‍, നല്ല മാതൃകയ്ക്ക് അഭിനന്ദനം

ഒരു കോടീശ്വരനാകുമെന്ന് താൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. സാമ്പത്തിക ബുദ്ധിമുട്ടുകൾ ഏറെയാണ്. കടം വീട്ടാനുണ്ട്. വർഷങ്ങളോളം ഇവിടെ ജോലി ചെയ്തതിന് ശേഷം കേരളത്തിൽ സ്വന്തമായി ഒരു വീട് പണിയാൻ സാധിച്ചു. അതിന്റെ വായ്പകൾ തിരിച്ചടയ്ക്കാനുണ്ട്. വായ്പാ കുടിശികകളെല്ലാം തീർക്കാം എന്നത് സന്തോഷം പകരുന്നു- മുജീബ് വ്യക്തമാക്കി

മലയാളികളും പാകിസ്ഥാനികളും ബംഗ്ലാദേശികളും വരെയുണ്ട് സമ്മാനം ലഭിച്ച പത്തംഗ സംഘത്തിൽ. ഏപ്രിൽ 22 ന് വാങ്ങിയ 229710 എന്ന ടിക്കറ്റാണ് സമ്മാനത്തിന് അർഹമായത്.

Exit mobile version