അച്ഛന്റെ അന്ത്യാഭിലാഷം: ഈദ്ഗാഹിന് വേണ്ടി കോടികള്‍ വരുന്ന ഭൂമി വിട്ടുനല്‍കി ഹിന്ദു സഹോദരിമാര്‍, നല്ല മാതൃകയ്ക്ക് അഭിനന്ദനം

ഡെറാഡൂണ്‍: മരണപ്പെട്ട അച്ഛന്റെ അന്ത്യാഭിലാഷം സഫലമാക്കുന്നതിനായി നാല് ഏക്കറോളം വരുന്ന കോടികളുടെ ഭൂമി മുസ്ലീം പള്ളിക്ക് വേണ്ടി വിട്ട് നല്‍കി ഹിന്ദു സഹോദരിമാര്‍. ഉത്തരാഖണ്ഡിലെ ഉദ്ധംസിംഗ് നഗര്‍ ജില്ലയിലെ കാസിപൂരിലാണ് ഹിന്ദു സഹോദരികള്‍ സ്ഥാലം വിട്ടു നല്‍കിയത്.

അറുപത്തിരണ്ടുകാരിയായ അനിതയും സഹോദരി സരോജവുമാണ് തങ്ങളുടെ അച്ഛന്റെ ആഗ്രഹം അനുസരിച്ച് ഈദ്ഗാഹ് നടത്താന്‍ കോടികള്‍ വരുന്ന സ്ഥലം വിട്ടു നല്‍കിയത്. ഉത്തരാഖണ്ഡിലെ ഉധം സിംഗ് നഗര്‍ ജില്ലയിലാണ് സംഭവം.

20 വര്‍ഷം മുമ്പാണ് ഇവരുടെ അച്ഛന്‍ മരിച്ചത്. ഈദ്ഗാഹിനായി 1.2 കോടി രൂപ വിലമതിക്കുന്ന 2.1 ഏക്കര്‍ ഭൂമി വിട്ടു നല്‍കിയാണ് മക്കള്‍ അദ്ദേഹത്തിന്റെ അന്ത്യാഭിലാഷം നിറവേറ്റിയത്. ഈദ് പ്രാര്‍ത്ഥനയ്ക്കിടെ വിശ്വാസികള്‍ നന്ദി സൂചകമായി അദ്ദേഹത്തിന്റെ അനുഗ്രഹവും തേടി. പലരും വാട്സ്ആപ്പില്‍ അദ്ദേഹത്തിന്റെ ഫോട്ടോ പ്രൊഫൈല്‍ ചിത്രമാക്കി.

2003ലാണ് ഇവരുടെ പിതാവും കര്‍ഷകനുമായ ബ്രജ്നന്ദന്‍പ്രസാദ് രസ്തോഗി മരണപ്പെട്ടത്. മത സൗഹാര്‍ദത്തില്‍ അടിയുറച്ച് വിശ്വസിച്ചിരുന്ന ബ്രജ്നന്ദന്‍പ്രസാദ് തന്റെ ആഗ്രഹം അടുത്ത ബന്ധുക്കളോട് മാത്രമാണ് പറഞ്ഞിരുന്നത്. കുറച്ച് നാളുകള്‍ക്ക് മുമ്പാണ് ഡല്‍ഹിയിലും മീററ്റിലും താമസമാക്കിയ അദ്ദേഹത്തിന്റെ മക്കളായ സരോജ്, അനിത എന്നിവര്‍ പിതാവിന്റെ അന്ത്യാഭിലാഷം അറിയുന്നത്.

‘അച്ഛന്റെ അവസാന ആഗ്രഹം സഫലമാക്കുക എന്നത് ഞങ്ങളുടെ കര്‍ത്തവ്യമാണ്. എന്റെ സഹോദരിമാര്‍ അച്ഛന്റെ ആത്മാവിന് സന്തോഷം ലഭിക്കുന്ന പ്രവൃത്തിയാണ് ചെയ്തത്’ ഇവരുടെ സഹോദരന്‍ രാകേഷ് രസ്തോഗി പറഞ്ഞു.’

മതമൈത്രിയുടെ ജീവിച്ചിരിക്കുന്ന ഉദാഹരണങ്ങളാണ് ആ സഹോദരിമാര്‍. പള്ളി കമ്മിറ്റി അവരോട് കടപ്പാടും സ്നേഹവും അറിയിക്കുന്നു. അവരെ പള്ളി കമ്മറ്റി ആദരിക്കും’ പള്ളി കമ്മിറ്റി അംഗമായ ഹസിന്‍ ഖാന്‍ പറഞ്ഞു. ഈദ് ദിനത്തില്‍ അവര്‍ക്ക് വേണ്ടി പള്ളികളില്‍ പ്രാര്‍ത്ഥിച്ചും അവരുടെ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ മുഖ ചിത്രമാക്കിയും അവരോടുള്ള സ്നേഹം മുസ്ലീംകളും പങ്കുവച്ചു.

Read Also: പ്രളയകാലത്ത് ‘ഹീറോ’ ജൈസല്‍; ഇപ്പോള്‍ സദാചാരപോലീസ് ചമഞ്ഞ് വില്ലനായി അറസ്റ്റില്‍


ബ്രജ്നന്ദന്‍പ്രസാദ് രസ്തോഗി വലിയ ഹൃദയമുള്ള മനുഷ്യനായിരുന്നെന്ന് ഈദ്ഗാഹ് പള്ളി കമ്മിറ്റി പ്രസിഡന്റ് ഹസീന്‍ ഖാന്‍ പറഞ്ഞു. അദ്ദേഹം ജീവിച്ചിരുന്ന സമയത്തും പള്ളി കമ്മിറ്റിയുടെ സംഭാവനകള്‍ ആദ്യം നല്‍കിയിരുന്നത് അദ്ദേഹമായിരുന്നു. കൂടാതെ മുസ്ലീം വിശ്വാസികള്‍ക്ക് ഭക്ഷണ സാധനങ്ങളും നല്‍കിയിരുന്നു. അദ്ദേഹത്തിന്റെ മരണ ശേഷം അദ്ദേഹത്തിന്റെ മകന്‍ ഈ പ്രവൃത്തികള്‍ ചെയ്തു പോരുന്നതായും ഹസീന്‍ ഖാന്‍ കൂട്ടിചേര്‍ത്തു.

Exit mobile version