മതമോ ജാതിയോ തടസ്സമായില്ല: കൂടെപ്പിറപ്പായിമാറിയ രാജന്റെ ചിതയ്ക്ക് അഗ്നി പകര്‍ന്ന് അലിമോന്‍

മലപ്പുറം: മതമോ ജാതിയോ ഒന്നും നോക്കാതെ സ്വന്തം കൂടെപ്പിറപ്പായി കൂടെ കൂട്ടിയ രാജന് ഹൈന്ദവാചാരപ്രകാരം വിട നല്‍കി അലിമോനും കുടുംബവും. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് തെരുവില്‍ നിന്നെത്തിയ രാജന്‍ സഹോദര തുല്ല്യനായിരുന്നു അലിമോന്. രാജന്‍(62) കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. നരണിപ്പുഴ ഗ്രാമത്തിലാണ് മതത്തിന്റെ മതില്‍ പൊളിച്ച് സ്‌നേഹത്തിന്റെ തിരികൊളുത്തിയ മനോഹര കാഴ്ച യാഥാര്‍ഥ്യമായത്.

നാല്‍പ്പതു വര്‍ഷം മുമ്പാണ് നെന്‍മാറക്കാരനായ രാജന്‍ അലി മോന്റെ പിതാവും നന്നംമുക്ക് പഞ്ചായത്ത് അംഗം കൂടിയായിരുന്ന മുഹമ്മദിന്റെ അടുത്ത് ഒരു നേരത്തെ അന്നം ചോദിച്ചെത്തിയത്. ഒരു നേരത്തേ ഭക്ഷണം നല്‍കുക മാത്രമല്ല, കൂടപ്പിറപ്പായി ഒപ്പം കൂട്ടുകയായിരുന്നു ഈ കുടുംബം. കുടുംബത്തിലെ അംഗമായി വളര്‍ത്തിയ മുഹമ്മദ് മരിച്ചതോടെ മകന്‍ അലിമോനും രാജന് തുണയായി. മാതാപിതാക്കള്‍ ചെറുപ്പത്തിലേ നഷ്ടപ്പെട്ട രാജന് ഏക അമ്മാവനും മരിച്ചതോടെ ജന്മനാടായ നെന്മാറയും അന്യമായി.

പോകാനിടമില്ലാത്തതിനാല്‍ രാജനെ വീട്ടിലേക്ക് കൂട്ടി. അലിമോനൊപ്പം മകന്റെ സ്ഥാനം തന്നെയായിരുന്നു രാജനും. മുഹമ്മദിന്റെ കാലശേഷം കുടുംബാംഗമായി തന്നെ രാജന്‍ ജീവിതം തുടര്‍ന്നു. ഇതിനിടയിലാണ് ഹൃദ്രോഗം രാജുവിന്റെ ജീവന്‍ കവര്‍ന്നത്. നോക്കാന്‍ ആരുമില്ലാതിരുന്ന രാജന്റെ അന്ത്യകര്‍മ്മങ്ങള്‍ ഹിന്ദുമതാചാരപ്രകാരം തന്നെ നടത്തി.

രാജന്റെ ചലനമറ്റ ശരീരം അവസാനമായി മണ്ണംചാത്ത് വളപ്പില്‍ അലിമോന്റെ വീട്ടിലെത്തി. നാട്ടുകാര്‍ കത്തിച്ചു വെച്ച നിലവിളക്കിന് അടുത്തായി നാഴിയരിയും ഇടങ്ങഴി നെല്ലും എരിഞ്ഞു കത്തുന്ന ചന്ദനത്തിരിയും വെച്ചായിരുന്നു ചടങ്ങുകള്‍. കുറ്റിക്കാട് പൊതു ശ്മശാനത്തിലുയര്‍ന്ന ചിതയ്ക്ക് അലിമോനും സഹോദരീപുത്രന്‍ റിഷാനും ചേര്‍ന്ന് തീ കൊളുത്തി.

Exit mobile version