റീഷ്മയെ സ്വന്തം മകളായി കണ്ട് നാസിയും സുബൈദയും: ജോലിക്കാരിയുടെ മകളുടെ വിവാഹം സ്വന്തം വീട്ടുമുറ്റത്ത് പന്തലിട്ട് നടത്തി നല്ല മാതൃക

തലശ്ശേരി: വീട്ടില്‍ സഹായിയായെത്തിയ സ്ത്രീയുടെ മകളെ സ്വന്തം മകളായി കരുതി വിവാഹവും നടത്തി മാതൃകയായി തലശേരിയിലെ ഒരു മുസ്ലീം കുടുംബം. തലശ്ശേരി മൂന്നാം ഗേറ്റിലെ നാസിയുടെ മെഹ്നാസില്‍ വീടിന്റെ മുറ്റത്ത് പന്തലൊരുക്കി നിലവിളക്കിനെ സാക്ഷിയാക്കിയാണ് ബേബി റീഷ്മയുടെ വിവാഹം നടന്നത്.

ഞായറാഴ്ച്ചയാണ് വിവാഹം നടന്നത്. വയനാട് ബാവലി സ്വദേശിയായ ബേബി റീഷ്മയ്ക്ക് കരിയാട് സ്വദേശി റിനൂപാണ് താലി ചാര്‍ത്തിയത്. പിഒ നാസിയും ഭാര്യ പി എം സുബൈദയും മുന്‍കൈ എടുത്താണ് ഹൈന്ദവാചാരാപ്രകാരം വിവാഹം നടത്തിയത്.

അമ്മ ജാനുവിനൊപ്പം തലശ്ശേരിയില്‍ എത്തിയ റീഷ്മ 13 വര്‍ഷമായി നാസിക്കും സുബൈദക്കും ഒപ്പമാണ് താമസം. നാല് വര്‍ഷം സ്‌ക്കൂളില്‍ അയച്ചെങ്കിലും റീഷ്മയ്ക്ക് താല്‍പര്യം ഇല്ലാത്തതിനാല്‍ പഠനം നിര്‍ത്തി.

റീഷ്മയ്ക്ക് വിവാഹാലോചനകള്‍ വന്ന് തുടങ്ങിയതോടെ എവിടെ വെച്ച് നടത്തുമെന്ന് അഭിപ്രായം ഉയര്‍ന്നു. അങ്ങനെയാണ് വീട്ടില്‍ തന്നെ വിവാഹം നടത്താം എന്ന് സുബൈദയും നാസിയും തീരുമാനിച്ചത്. വധുവിന് സ്വര്‍ണാഭാരണങ്ങള്‍ നല്‍കിയതും ഇവര്‍ തന്നെയാണ്. 200 പേരെ പങ്കെടുപ്പിച്ചായിരുന്നു വിവാഹം.

Exit mobile version