എംഡിഎംഎയുമായി യുവതിയും സുഹൃത്തും അറസ്റ്റിൽ; ബംഗളൂരുവിൽ നിന്നും മലപ്പുറത്തേക്ക് ലഹരിമരുന്ന് കടത്തുന്നവരിൽ പ്രധാനികളെന്ന് പോലീസ്

മലപ്പുറം: ബംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് കടത്തിയ എംഡിഎംഎയുമായി യുവതിയും സുഹൃത്തും പിടിയിൽ. ഊരകം നെല്ലിപറമ്പ് സ്വദേശിനി തഫ്‌സീന (33), ഇവരുടെ സുഹൃത്ത് പുളിക്കൽ സ്വദേശി മുബഷിർ(36) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. മലപ്പുറം കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപന നടത്തിവരുന്ന സംഘത്തിൽപ്പെട്ടവരാണ് പിടിയിലായത്. ഇവരിൽ നിന്നും 31 ഗ്രാം എംഡിഎംഎ പിടികൂടി.

ചൊവ്വാഴ്ച വൈകീട്ട് 5.30ഓടെ അരീക്കോട് പത്തനാപുരം പള്ളിക്കൽ എന്ന സ്ഥലത്ത് വച്ചാണ് അരീക്കോട് എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിടികൂടിയത്. ഇവരിൽ നിന്നും 1.5 ലക്ഷം രൂപയോളം വിലവരുന്ന 31 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്. ലഹരി മരുന്ന് കടത്താൻ ഉപയോഗിച്ച കാറും പിടിച്ചെടുത്തിട്ടുണ്ട്.

ബാംഗ്ലൂരിൽ നിന്നും ലഹരി വസ്തുക്കൾ മലപ്പുറം ജില്ലയിലേക്ക് കടത്തുന്ന ലഹരി കടത്ത് സംഘത്തിലെ പ്രധാനികളാണിവർ. യാത്ര ചെയ്യുന്ന സമയം പരിശോധനകൾ ഒഴിവാക്കാൻ സ്ത്രീകൾ ഉൾപ്പെടുത്തി കുടുംബമാണെന്ന വ്യാജനേയാണ് ലഹരി വസ്തുക്കൾ ഇവർ കടത്തിയിരുന്നതെന്ന് പോലീസ് പറയുന്നു.

ALSO READ- വലതുകൈ നഷ്ടമായപ്പോഴും തളർന്നില്ല; ഇടതുകൈ കരുത്താക്കി പഠനം; പാർവതിക്ക് മുന്നിൽ മുട്ടുകുത്തി സിവിൽ സർവീസ് എന്ന വൻമലയും! അഭിമാനനേട്ടം

പ്രതികൾ മുൻപും നിരവധി തവണ ലഹരി വസ്തുക്കൾ കടത്തിയിരുന്നതായി പോലീസ് അറിയിച്ചു. പ്രതികൾ ഉൾപ്പെട്ട ലഹരി സംഘത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും അവരെ നിരീക്ഷിച്ചു വരികയാണെന്നും പോലീസ് അറിയിച്ചു.

Exit mobile version