ഡോക്ടറെ കാണാത്ത ഗർഭകാലം; പ്രസവ വേദന വന്നിട്ടും വീട്ടുജോലികളിൽ; പുറത്തു വന്നത് തലയ്ക്ക് പകരം കാലുകൾ; വീട്ടിൽപ്രസവിച്ച അനുഭവം പറഞ്ഞ് യുവതി; വിമർശനം

വളാഞ്ചേരി: വീണ്ടും കേരളത്തിൽ ഗാർഹിക പ്രസവം. ഇത്തരത്തിലുള്ള പ്രസവത്തെ പ്രോത്സാഹിപ്പിക്കുന്ന കുറിപ്പ് സോഷ്യൽമീഡിയയിൽ പങ്കിട്ട യുവതി വലിയ വിമർശനം നേരിടുകയാണ്. വീട്ടിൽ പ്രസവിച്ചതിനെ കുറിച്ച് ഹിറ ഹരീറ എന്ന യുവതിയാണ് ഫേസ്ബുക്കിൽ കുറിപ്പിട്ടത്. അക്യുപങ്ചർ ചികിത്സക കൂടിയായ യുവതി, ഗർഭാവസ്ഥയിൽ ഒരിക്കൽ പോലും ആശുപത്രിയിൽ പോവുകയോ ഡോക്ടറുടെ സഹായം തേടുകയോ ഉണ്ടായിട്ടില്ലെന്നും കുറിക്കുന്നു.

പ്രസവവേദന തുടങ്ങിയ സമയത്ത് വീട്ടുകാർക്കായി ഭക്ഷണം പാകം ചെയ്യുകയും ജ്യൂസടിക്കുകയും മൂത്തമകളെ പരിചരിക്കുകയും ചെയ്‌തെന്നുമാണ് യുവതി പറയുന്നത്. വേദന കലശലായ സമയത്ത് നിലത്ത് വിരിച്ച് കിടക്കുകയും സുഖമമായി പ്രസവിക്കുകയും ചെയ്‌തെന്നും കുട്ടിയുടെ കാലുകളാണ് തലയ്ക്ക് പകരം ആദ്യം പുറത്തുവന്നതെന്നും യുവതി പറയുന്നു.

അതേസമയം, ഈ കുറിപ്പിന് നേരെ വ്യാപകമായ വിമർശനമാണ് ഉയരുന്നത്. ഈയടുത്ത് തിരുവനന്തപുരത്ത് അക്യുപങ്ചർ ചികിത്സയുടെ പേരിൽ വീട്ടിൽ പ്രസവിച്ച യുവതിയും കുഞ്ഞും മരണപ്പെട്ടിരുന്നു. വീട്ടിലെ പ്രസവം ഏറെ ഗുരുതരമായ അവസ്ഥയിലേക്ക് എത്തിക്കാമെന്നിരിക്കെ വളാഞ്ചേരി സ്വദേശിനിയായ യുവതി കുഞ്ഞിന്റെ കൂടി ജീവനപകടപ്പെടുത്തുന്ന തരത്തിലാണ് പെരുമാറിയതെന്നാണ് സോഷ്യൽമീഡിയയുടെ പ്രതികരണം. എന്നാൽ യുവതിയെ പിന്തുണച്ചും പലരും കമന്റ് ചെയ്തിരിക്കുകയാണ്.

യുവതിയുടെ കുറിപ്പിലെ പ്രസക്തഭാഗങ്ങൾ:

എനിക്ക് രണ്ടാമത്തെ ഗർഭം 9 മാസവും 12 ാം ദിവസവും തികഞ്ഞിരിക്കെ,രാവിലെ എണീറ്റപ്പോൾ തന്നെ ചെറുതായ ലക്ഷണം തോന്നി. പ്രസവം ഇന്നുണ്ടാകുമെന്ന തോന്നൽ. വേദന വരാൻ കാത്തിരുന്ന എന്റെ മനസ്സിൽ യാതൊരു ബേജാറും ഇല്ലായിരുന്നു. പ്രസവിക്കാൻ പോകുന്നു എന്ന വല്ലാത്തൊരു സന്തോഷവും സമാധാനവും മാത്രം. ഞങ്ങളുടെ കുഞ്ഞുവിരുന്നുകാരനെ/ വിരുന്നുകാരിയെ വരവേൽക്കാനുള്ള ആകാംക്ഷയായിരുന്നു… ഉമ്മ (ഹസ്ബന്റിന്റെ ഉമ്മ) പുലർച്ചെ തന്നെ ഒരു രോഗിയെ സന്ദർശിക്കാൻ കുറച്ച് ദൂരം വരെ പോയതായിരുന്നു. വീട്ടിൽ ഞാൻ, മോൾ, നവാസ്‌ക്ക, ഉപ്പയും മാത്രം .. ഉമ്മ സമാധാനമായി പോയി വരട്ടെ എന്ന് കരുതി ലക്ഷണം തുടങ്ങിയ കാര്യം അറിയിച്ചില്ല.
വീട്ടിൽ കുറച്ചു ഭാഗങ്ങളെല്ലാം അടിച്ചുവാരി, തുടച്ചു. ബാത്‌റൂം കഴുകൽ കുളിയോടൊപ്പം കഴിച്ചിരുന്നു. വസ്ത്രങ്ങൾ അലക്കി ഉണക്കാനിട്ടു. അതിനിടയിൽ തലേന്ന് വിളിച്ച ഒരു patient വന്നു. അവരെ treatment (acupuncture) ചെയ്തു കൊടുത്ത് പറഞ്ഞയച്ചു. മോളെ കുളിപ്പിച്ചൊരുക്കി ഭക്ഷണം കൊടുത്ത് പ്രസവമാകുമ്പോഴേക്കും എന്റെ വീട്ടിലേക്ക് പറഞ്ഞയക്കാൻ റെഡിയാക്കി.

വേദന തുടങ്ങിയാൽ സഹായത്തിന് ഉമ്മയേയും ഉമ്മമ്മയേയും വിളിക്കാനായിരുന്നു ഉദ്ദേശ്യം. ഉമ്മയോട് നിങ്ങളുടെ പണികളെല്ലാം കഴിഞ്ഞ് പതിയെ വന്നാൽ മതി എന്നും പറഞ്ഞു. പ്രസവവേദന കൂടി ഞാൻ കിടക്കുമ്പോഴേക്കും അവർക്ക് കഴിക്കാനുള്ള ഭക്ഷണവും ജ്യൂസും മറ്റുമെല്ലാം റെഡിയാക്കാമെന്ന് കരുതി. അരി അടുപ്പത്തിട്ടു. മറ്റു വിഭവങ്ങളും ready ആക്കി. വേദന വരുമ്പോൾ ഇരിക്കും വീണ്ടും പണികളിൽ ഏർപ്പെടും. ചെയ്തുതീർക്കാൻ കരുതിയ ഏറെക്കുറെ പണികൾ എല്ലാം തീർത്തു. 1മണി ആയപ്പോഴേക്കും അനിയനും ഉമ്മമ്മയും എത്തി. അപ്പോഴേക്കും വേദനയുടെ കടുപ്പം കൂടി വരുന്നുണ്ടായിരുന്നു. എളുപ്പത്തിൽ മീൻ കായം തേച്ച് ചട്ടിയിലിട്ടു. ഒന്നേമുക്കാലിന് ഉപ്പ ഭക്ഷണം കഴിക്കാൻ വന്നപ്പോൾ ഞാൻ അടുക്കളയിലുണ്ട്. വേദന തുടങ്ങിയത് ഉപ്പയോടും പറഞ്ഞിട്ടില്ല. ബാക്കി അടുക്കള ക്ലീനിങ്ങ് ഉമ്മമ്മാനെ ഏൽപ്പിച്ചു. നവാസ്‌ക്കയോട് കരിക്ക് വെട്ടാനും പറഞ്ഞു. രാവിലെ മുതൽ ഞാൻ ഒന്നും കഴിച്ചിരുന്നില്ല. എനിക്ക് വിശപ്പില്ലായിരുന്നു. മരുന്നോ ഗ്ലൂക്കോസോ ഒന്നുമില്ലാത്ത നമുക്ക് ക്ഷീണത്തിനുള്ള ഗ്ലൂക്കോസ് ഒന്നാന്തരം കരിക്ക് തന്നെ. റൂമിൽ പോയി പ്രസവത്തിനായുള്ള സാധനങ്ങളെല്ലാം എടുത്തു വെച്ചു. അപ്പോഴേക്കും 2 മണി.
വേദന മുറുകുമ്പോൾ കിടക്കുന്നതിലേറെ ഇരിക്കുന്നതിലാണ് എനിക്ക് കംഫർട്ട് തോന്നിയത്. അതിനാൽ കുറച്ചുസമയം തൂങ്ങിപ്പിടിച്ച് നിൽക്കുകയും ഇരിക്കുകയുമെല്ലാം ചെയ്തു. ഉമ്മമ്മ കൂടെ നിന്ന് പതിയെ തലോടി തന്നു. മൂന്നര വയസ്സായ എന്റെ മോളും ഇടക്ക് വന്ന് മുഖത്ത് തടവുകയും ഉമ്മ തരികയുമെല്ലാം ചെയ്യുന്നുണ്ട്.

വേദന ശക്തമായെങ്കിലും കുട്ടിയുടെ തല തിരിഞ്ഞിട്ടില്ല. ഇനിയും സമയമെടുക്കുമായിരിക്കും എന്ന് ഞാൻ സവാസ്‌ക്കയെ സമാധാനപ്പെടുത്തി. വേദന കൂടീട്ടുണ്ടെന്നറിഞ്ഞ് ഉമ്മയും ഉപ്പയും അനിയത്തിമാരും വീട്ടിൽ നിന്ന് പെട്ടെന്ന് പുറപ്പെട്ടിരുന്നു. 20 മിനിട്ട് കൊണ്ട് എത്തുന്ന ദൂരത്തിലാണ് എന്റെ വീട്. 2.50 ന് അവർ മുറ്റത്തെത്തിയപ്പോൾ നവാസ്‌ക്ക അവരെ കൂട്ടാൻ പുറത്തേക്ക് പോയി. അപ്പോഴും വയറിൽ തൊട്ടു നോക്കുമ്പോൾ തല തിരിഞ്ഞിട്ടോ കുട്ടി താഴ്ന്നിട്ടോ ഇല്ല എന്ന് തോന്നി. എന്നാൽ വേദന നല്ല കഠിനമാകുന്നുണ്ട്… അവിടന്ന് രണ്ട് മിനിട്ട് പോലും എടുത്തില്ല. തല തിരിയാതെത്തന്നെ പെട്ടെന്ന് അടിയിൽ വന്ന് മുട്ടുകയും അടുത്ത വേദനയിൽ കുഞ്ഞ് പുറത്തെത്തുകയും ചെയ്തു. അനിയത്തി വാതിൽ തുറന്ന് വന്നതും കുഞ്ഞ് പുറത്തേക്കൊഴുകിയതും ഒപ്പമായിരുന്നു. പുറത്ത് ചാടുമ്പോൾ ഉമ്മമ്മയാണ് കുട്ടിയെ കൈകാട്ടി പിടിച്ചത്.

ALSO READ- സുരേഷ് ഗോപിയുടെ ഫ്‌ളക്‌സിൽ ഇന്നസെന്റിന്റെ ചിത്രം വിവാദത്തിൽ; പാർട്ടി തീരുമാനിക്കട്ടെ; തങ്ങളുടെ അറിവോടെയല്ലെന്ന് കുടുംബം

കുട്ടിയുടെ കരച്ചിൽ കേട്ടാണ് നവാസ്‌ക്കയും ഉമ്മയും റൂമിലേക്ക് ഓടി വന്നത്. മോളും ഉച്ചത്തിൽ ശബ്ദമുണ്ടാക്കി സന്തോഷം പ്രകടിപ്പിച്ച് ഓടി വന്നു. എല്ലാവർക്കും സന്തോഷത്താലും കണ്ണീരാലും ചുവന്നു തുടുത്ത മുഖം… ഉമ്മ കുഞ്ഞിനെ തുടച്ചെടുത്ത് പിടിച്ചു തന്ന്, നവാസ്‌ക്ക ക്ലിപ്പ് അമർത്തി, ഞാൻ പൊക്കിൾകൊടി മുറിച്ചു. അനിയനും ഉപ്പമാരും വന്ന് കുഞ്ഞിനെ കണ്ടു. ജനനവിവരമറിഞ്ഞ് രോഗസന്ദർശനത്തിന് പോയ ഉമ്മയും പെട്ടെന്ന് ഓടിയെത്തി. വളരെ കുറഞ്ഞ സമയം കൊണ്ട് വളരേ എളുപ്പത്തിലായിരുന്നു എന്റെ പ്രസവം.Breech presentation ൽ കുഞ്ഞിക്കാലുകളാണ് ആദ്യം പുറത്തു വന്നത്. അപ്പോൾ തന്നെ ഒറ്റ സെക്കന്റിനുള്ളിൽ വളരെ സുഗമമായി, കുട്ടി മുഴുവനായും പുറത്തേക്ക് വന്നു. സുബ്ഹാനല്ലാഹ്…. വേദനയുടെ കാഠിന്യത്തിനപ്പുറം എത്ര സുഖമുള്ള അനുഭവം! സുഖപ്രസവം! അത്രത്തോളം ഓരോ നിമിഷവും ആസ്വദിച്ചനുഭവിച്ച എന്റെ ജീവിതത്തിലെ ഒരു മുഹൂർത്തം. ഞാൻ എണീറ്റ് കുളിച്ച് ഞങ്ങളുടെ കുഞ്ഞു വിരുന്നുകാരനേയും കൂട്ടി അവൻ ഭൂമിയിലേക്ക് പിറന്നു വീണ ഞങ്ങളുടെ മുറിയിലെ കട്ടിലിൽ തന്നെ ഇരുന്ന് ഒരു ഫോട്ടോ എടുത്തു. അല്ലാഹുവിന് പറഞ്ഞാൽ തീരാത്ത ഹംദുകൾ…
ഇന്ന് ഹോസ്പിറ്റലുകളിലെ എല്ലാ വിധ സാങ്കേതികവിദ്യകളോടും കൂടി മാത്രം നടക്കുന്ന പ്രസവം എന്ന പ്രക്രിയ വളരേ സിമ്പിൾ ആയി വീട്ടിൽ നടക്കുമ്പോൾ കൂടെയുള്ള ഉമ്മമ്മാക്കോ നവാസ്‌ക്കാക്കോ എനിക്കോ ഒരു തരി ആശങ്കയോ പേടിയോ ഇല്ലായിരുന്നു എന്നത് തന്നെ വളരേയേറെ ആശ്വാസം നൽകി. നമ്മുടെ ശരീരത്തിൽ നടക്കുന്ന പ്രകൃതിപരമായ പ്രവർത്തനത്തിലുള്ള (Self curing mechanism) വിശ്വാസവും, അടിയുറച്ച തീരുമാനവും മനസ്സിനെ ഒരു തരി പതറാതെ നിർത്തുകയും പടച്ചവന്റെ അപാരമായ അനുഗ്രഹത്താൽ എല്ലാം മനോഹരമായി കഴിയുകയും ചെയ്തു.
എടുത്തു പറയാനുള്ളത് ..

??Pregnancy period ൽ ഒരു തവണ പോലും ഹോസ്പിറ്റലിൽ പോകുകയോ scanning ഓ മറ്റു check-up കളോ നടത്തുകയോ ചെയ്തിട്ടില്ല. യാതൊരു മരുന്നും കഴിച്ചിട്ടില്ല.
?? ഗർഭിണിയായാൽ വെള്ളവും ഭക്ഷണവും രണ്ടാൾക്കുള്ളത് കഴിക്കണമെന്നും, വൈറ്റമിൻസ് അടങ്ങിയ ഭക്ഷണങ്ങൾ ധാരാളമായി കഴിക്കണമെന്നുമുള്ള തെറ്റായ പൊതുബോധത്തിന് വിപരീതമായി, ദാഹത്തിനനുസരിച്ച് മാത്രം വളരെ കുറച്ച് വെള്ളവും ഒന്നോ രണ്ടോ നേരം മാത്രം എനിക്ക് ഇഷ്ടം തോന്നുന്ന ഭക്ഷണങ്ങൾ മാത്രവും കഴിച്ച്, ഈത്തപ്പഴവും വത്തക്കയും ഒരു മുറുക്ക് വെള്ളവും മാത്രമുള്ള അത്താഴം കൊണ്ട് മുഴുവൻ നോമ്പുമെടുത്ത് ഗർഭകാലം കഴിച്ചു കൂട്ടിയതിനാലാണ് എന്റെ ഗർഭകാലവും പ്രസവവും ഇത്ര സുഖമമായതെന്ന് എനിക്ക് പറയാൻ കഴിയും. (എന്നിട്ടും ഞാൻ 7 kg Weight കൂടി. കുട്ടി 2.600 kg ഒന്നാമത്തെ കുട്ടിയുടെ അതേ തൂക്കം തന്നെ. പാലും ഒട്ടും കുറവില്ല)


?? ഗർഭകാലം maximum 9 മാസം 7 ദിവസം എന്ന ഇക്കാലത്തെ കണക്കിനെ തെറ്റിച്ച് 9 മാസം 12 ാം ദിവസമാണ് ഞാൻ പ്രസവിച്ചത്.
?? തലക്ക് പകരം കാലാണ് ആദ്യം വന്നത്. എന്നിട്ടും യാതൊരു ബുദ്ധിമുട്ടുമില്ലാതെ, കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി.
?? പ്രസവിച്ച സ്ത്രീകൾക്കെല്ലാം തുന്നിടുന്ന ഈ കാലത്ത് ചെറിയൊരു പൊട്ടൽ പോലും വജൈനൽ ഭാഗത്ത് ഉണ്ടായില്ല എന്നത് എന്നെ ഏറെ കൗതുകപ്പെടുത്തി. അതിനാൽ തന്നെ പ്രസവം കഴിഞ്ഞാലും ഉടൻ നടക്കാനും ഇരിക്കാനും എന്റെ കാര്യങ്ങൾ സ്വയം ചെയ്യാനും അനായാസം കഴിയുന്നു.

?? പ്ലാസെന്റയും, ഗർഭപാത്രത്തിൽ നിന്നുള്ള മറ്റു മാലിന്യങ്ങളും നമ്മൾ വലിച്ചെടുക്കുകയോ, ഉള്ള് ക്ലീൻ ചെയ്യുകയോ ചെയ്യേണ്ട ആവശ്യമില്ല. ശരീരം തന്നെ സ്വയം അത് മുഴുവനായും പുറംതള്ളുന്നു.
??പ്രസവവേദനയനുഭവിക്കുന്ന സമയത്ത് ആശ്വസിപ്പിക്കാനും തലോടാനുമെല്ലാം സ്വന്തക്കാർ അരികിലുണ്ടാകുക എന്നത് ഏതൊരു സ്ത്രീയുടേയും വലിയ ആഗ്രഹമായിരിക്കും. പ്രിയതമനും ഉമ്മയുമടക്കം വേണ്ടപ്പെട്ടവരുടെയെല്ലാം നിറസാന്നിദ്ധ്യം ആ സമയത്ത് എനിക്ക് അനുഭവിക്കാൻ കഴിഞ്ഞു എന്നതിൽ ഞാൻ ഭാഗ്യവതിയാണ്.

?? ഹിറ ഹരീറ

Exit mobile version