അത്യാവശ്യമല്ലാത്ത ദുബായ് യാത്രകൾ ഒഴിവാക്കണമെന്ന് ഇന്ത്യൻ എംബസി; ദുബായിലേക്കും തിരിച്ചുമുള്ള സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ

ന്യൂഡൽഹി: അടിയന്തരാവശ്യങ്ങൾക്ക് അല്ലെങ്കിൽ രാജ്യത്ത് നിന്നും ദുബായിലേക്കും തിരിച്ചുമുള്ള യാത്രകൾ ഒഴിവാക്കണമെന്ന് ഇന്ത്യൻ എംബസി. കനത്തമഴയിൽ രൂപപ്പെട്ട വെള്ളക്കെട്ടുകൾ കാരണം യുഎഇയിൽ നിന്നുള്ള വിമാന സർവീസുകൾ അവതാളത്തിലാക്കിയിരിക്കുകയാണ്. ദുബായ് വിമാനത്താവളത്തിൽ യാത്രക്കാരുടെ വൻ തിരക്കാണ് ഇപ്പോഴും അനുഭവപ്പെടുന്നത്. വിമാനത്താവള പ്രവർത്തനം സാധാരണനിലയിലേക്ക് തിരികെയെത്തിക്കാൻ ശ്രമങ്ങൾ തുടരുന്നതിനിടെ നിരവധി സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്.

എയർപോർട്ടിന്റ പ്രവർത്തനം സാധാരണ നിലയിൽ ആകുന്നത് വരെ അടിയന്തര സ്വഭാവമില്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നാണ് യുഎഇയിലെ ഇന്ത്യക്കാർക്ക് ഇന്ത്യൻ എംബസി നിർദേശം നൽകിയിരിക്കുന്നത്. വെളളപ്പൊക്കത്തിൽ ദുരിതത്തിലായ ഇന്ത്യക്കാർക്ക് ബന്ധപ്പെടാൻ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റും എംബസിയും ഹെൽപ് ലൈൻ നമ്പറുകളും ആരംഭിച്ചു.

കൺഫേംഡ് യാത്രക്കാർ മാത്രം വിമാനത്താവളത്തിലെത്താൻ ഇന്നും അധികൃതർ നിർദ്ദേശം നൽകി. ദുബായ് വഴിയുള്ള കണക്ഷൻ വിമാനങ്ങളുടെ ചെക് ഇൻ എമിറേറ്റ്‌സ് എയർലൈൻസ് ഇന്ന് അർധരാത്രി വരെ താത്കാലികമായി നിർത്തി വെച്ചിട്ടുണ്ട്. മൂന്ന് ദിവസമായി ദുബായ് വിമാനത്താവളത്തിന്റെ പ്രവർത്തനം തകരാറിലാണ്.

ALSO READ- മഴക്കെടുതി: കോഴിക്കോട് നിന്ന് പോയ എയര്‍ ഇന്ത്യാ വിമാനത്തിന് ദുബായില്‍ ഇറങ്ങാനായില്ല

ഇതിനിടെ, ദുബായിലേക്കും തിരിച്ചുമുള്ള ഫ്‌ലൈറ്റുകൾ റദ്ദാക്കിയതായി എയർ ഇന്ത്യ അറിയിച്ചു. ഈമാസം 21 വരെ ടിക്കറ്റുകൾ ബുക്ക് ചെയ്ത ഉപഭോക്താക്കൾക്ക് റീ ഷെഡ്യൂൾ ചെയ്യുന്നതിൽ ഒറ്റത്തവണ ഇളവും റദ്ദാക്കുന്നതിന് മുഴുവൻ പണവും തിരിച്ചു നൽകുമെന്നും എയർ ഇന്ത്യ അധികൃതർ അറിയിച്ചു.

കൊച്ചിയിൽ നിന്ന് ദുബായ് വഴി യുകെയിലേക്കുള്ള യാത്ര തടസ്സപ്പെട്ടവർ ടിക്കറ്റ് തുക ആവശ്യപ്പട്ട് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പ്രതിഷേധിച്ചു. കോഴിക്കോട് നിന്ന് ദുബായിലേക്കുപുറപ്പെട്ട എയർ ഇന്ത്യ വിമാനം കരിപ്പൂരിൽ തന്നെ തിരിച്ചിറക്കി. യാത്രക്കാർക്ക് റീഫണ്ട് നൽകാൻ തയ്യാറാണെന്ന് എയർ ഇന്ത്യാ അധികൃതർ അറിയിച്ചു.

Exit mobile version