നാട്ടിലേക്ക് വരാന്‍ 35 വര്‍ഷങ്ങള്‍ക്ക് മുമ്പ് പിതാവ് പണം കടംവാങ്ങി, വായ്പ നല്‍കിയയാളെ തേടിപ്പിടിച്ച് കടംവീട്ടാനെത്തി മക്കള്‍

തിരൂരങ്ങാടി: 35 വര്‍ഷം മുമ്പ് പിതാവ് കടംവാങ്ങിയ പണം തിരികെ നല്‍കാന്‍ വായ്പ നല്‍കിയയാളെ തേടിപ്പിടിച്ച് മക്കളെത്തി. കല്‍പകഞ്ചേരി സ്വദേശി പരേതനായ കക്കിടിപ്പറമ്പത്ത് അബ്ദുറഹ്മാന്റെ (60) മക്കളാണ് പിതാവിന് പണം വായ്പ നല്‍കിയ നന്നമ്പ്ര ചെറുമുക്ക് സ്വദേശി മദാരി അബ്ദുറഹ്മാന്‍കുട്ടി ഹാജിയെ തേടിയെത്തിയത്.

അബ്ദുറഹ്മാന്റെ (60) മക്കളായ നാസര്‍, ശുഹൈബ് എന്നിവരാണ് 3 പതിറ്റാണ്ടിനുശേഷം കടംതീര്‍ക്കാന്‍ പിതാവിന്റെ സുഹൃത്ത് കൂടിയായ അബ്ദുറഹ്മാന്‍കുട്ടി ഹാജിയുടെ അടുത്തെത്തിയത്. നാസറും ശുഹൈബും ഇന്നത്തെ മൂല്യമനുസരിച്ചുള്ള തുക അബ്ദുറഹ്മാന്‍ കുട്ടി ഹാജിക്ക് നല്‍കിയെങ്കിലും ഇദ്ദേഹം തുക സ്‌നേഹപൂര്‍വം നിരസിച്ചു.

35 വര്‍ഷം മുന്‍പ് ബഹ്‌റൈനില്‍ നടന്നതായിരുന്നു ആ സാമ്പത്തിക ഇടപാട്. ഒരുമിച്ച് മുറിയില്‍ താമസിക്കുന്നവരില്‍ ആരെങ്കിലും നാട്ടിലേക്ക് പോകുന്നെങ്കില്‍ മറ്റുള്ളവരില്‍നിന്നു പണം വാങ്ങി തിരിച്ചുവന്നശേഷം മടക്കി നല്‍കാറാണു പതിവ്. അത്തരത്തില്‍ കല്‍പകഞ്ചേരിക്കാരനായ അബ്ദുറഹ്മാന്‍ ഒപ്പം താമസിക്കുന്ന ചെറുമുക്കിലെ മദാരി അബ്ദുറഹ്മാന്‍ കുട്ടി ഹാജിയില്‍നിന്നു ചെറിയ തുക വാങ്ങിയിരുന്നു.

എന്നാല്‍ ഇദ്ദേഹം തിരിച്ചു വന്നപ്പോഴേക്കും മദാരി അബ്ദുറഹ്മാന്‍കുട്ടി ഹാജി അബുദാബിയിലേക്ക് പോയിരുന്നു. അക്കാലത്ത് ബന്ധപ്പെടാന്‍ മാര്‍ഗമില്ലാത്തതിനാല്‍ ഇദ്ദേഹത്തെ കണ്ടെത്താനും കഴിഞ്ഞില്ല. ഇക്കാര്യം മക്കളോട് അദ്ദേഹം പങ്കുവച്ചിരുന്നു.

കൊടിഞ്ഞി സ്വദേശിയാണെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ അബ്ദുറഹ്മാന്‍ കുട്ടി ഹാജി കൊടിഞ്ഞിയുടെ തൊട്ടടുത്ത പ്രദേശമായ ചെറുമുക്ക് സ്വദേശിയായിരുന്നു. കുറേക്കാലത്തെ അന്വേഷണത്തിനു ശേഷമാണ് ഇദ്ദേഹത്തെ കണ്ടെത്താനായത്. പണം നിരസിച്ച അബ്ദുറഹ്മാന്‍ കുട്ടി ഹാജി തന്നെ തേടി സുഹൃത്തിന്റെ മക്കളെത്തിയതില്‍ സന്തോഷവാനായി.

Exit mobile version