ഉംറ നിർവ്വഹിച്ച് മടങ്ങിയെത്തിയത് പെരുന്നാൾ ദിനത്തിൽ; കുടുംബത്തോടൊപ്പം വയനാട്ടിലെത്തിയ അധ്യാപകന് കാർ താഴ്ചയിലേക്ക് മറിഞ്ഞ് ദാരുണമരണം

കൽപ്പറ്റ: വയനാട്ടിൽ വിനോദയാത്രയ്ക്ക് എത്തിയ മലപ്പുറം സ്വദേശിയായ അധ്യാപകന് കാർ റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ദാരുണമരണം. മലപ്പുറം തിരൂരങ്ങാടി സ്വദേശിയും കൊളപ്പുറം ഗവ. ഹൈസ്‌കൂളിലെ അറബിക് അധ്യാപകനുമായ ഗുൽസാർ (44) ആണ് മരണപ്പെട്ടത്. അദ്ദേഹത്തോടൊപ്പം കാറിലുണ്ടായിരുന്ന കുട്ടികൾ ഉൾപ്പടെ ആറ് പേർക്ക് പരിക്കേറ്റു. രമഅടുപേരുടെ നില ഗുരുതരമാണ്.

ഗുൽസാറിന്റെ ഭാര്യ ജസീല(34), മക്കളായ ലസിൻ മുഹമ്മദ്(17), ലൈഫ മറിയം(ഏഴ്), ലഹിൻ ഹംസ(മൂന്ന്), സഹോദരങ്ങളുടെ മക്കളായ ഫിൽദ(12), ഫിൽസ(11) എന്നിവർക്കാണ് പരിക്കേറ്റത്. ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു അപകടം. ഉംറ നിർവ്വഹിക്കാനായി സൗദിയിലേക്ക് പോയ ഗുൽസാർ പെരുന്നാൾ ദിനം രാത്രിയാണ് മടങ്ങിയെത്തിയത്. തുടർന്ന് കുടുംബത്തോടൊപ്പം ശനിയാഴ്ച വയനാട്ടിലേക്ക് വിനോദയാത്രയ്ക്ക് എത്തിയതായിരുന്നു. ബാണാസുര ഡാം സന്ദർശിച്ച് കാരാപ്പുഴ ഡാമിലേക്ക് പോകുന്നവഴിയാണ് കാർ അപകടത്തിൽപ്പെട്ടത്. ചെന്നലോട് വലിയപള്ളിക്കും ജിയുപി സ്‌കൂളിനും ഇടയിൽ ഇറക്കം കഴിഞ്ഞുള്ള വളവുകഴിഞ്ഞാണ് അപകടം സംഭവിച്ചത്.

ഗുൽസാർ ഓടിച്ച കാർ റോഡരികിലെ താഴ്ചയിലേക്ക് മറിയുകയായിരുന്നു. താഴ്ചയിലെ മരത്തിൽ കാർ ഇടിച്ചുനിൽക്കുകയായിരുന്നു. അപകടത്തിൽപ്പെട്ട കാറിനുപിന്നാലെ ഗുൽസാറിന്റെ സഹോദരൻ സമീലും കുടുംബവും സഞ്ചരിച്ച കാറുമുണ്ടായിരുന്നു. ഓടിയെത്തിയ പ്രദേശവാസികളും വിനോദസഞ്ചാരികളായ യുവാക്കളുമാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്.

സമീലിന്റെ കാറിലും ആംബുലൻസിലും മറ്റുവാഹനങ്ങളിലുമാണ് പരിക്കേറ്റവരെ കല്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ഗുരുതരമായി പരിക്കേറ്റ ലഹിൻ ഹംസയെയും ഫിൽദയെയും മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ലസിൻ മുഹമ്മദ്, ലൈഫ മറിയം, ഫിൽസ എന്നിവരെ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി.

ALSO READ- മകളുടെ ഇരുപത്തെട്ടിന് വരാനിരുന്ന ധനേഷ്; ഏഴുമാസം മുൻപ് മടങ്ങിയ ശ്യാംനാഥ്; ഇറാൻ പിടിച്ചെടുത്ത കപ്പലിലെ ജീവനക്കാർ പാലക്കാട്, കോഴിക്കോട്, വയനാട് സ്വദേശികൾ

ഇസ്ലാഹീ പ്രഭാഷകൻ, കെഎൻഎം മർകസുദ്ദഅവ തിരൂരങ്ങാടി മണ്ഡലം ജോയിന്റ് സെക്രട്ടറി, സംസ്ഥാന ദഅവ സമിതി അംഗം, കേരള ജംഇയ്യത്തുൽ ഉലമ അംഗം, ഖുർആൻ റിസർച്ച് ഫൗണ്ടേഷൻ ഡയറക്ടർ, സിഐഇആർ ട്രെയ്‌നർ, തിരൂരങ്ങാടി തറമ്മൽ ജുമാ മസ്ജിദ് ഖതീബ്, ഖുർആൻ ലേണിങ് സ്‌കൂൾ ഇൻസ്ട്രക്ടർ, തിരൂരങ്ങാടി ക്രയോൺസ് പ്രീ സ്‌കൂൾ, അൽ ഫുർഖാൻ മദ്‌റസ ചെയർമാൻ എന്നീനിലകളിലും ഗുൽസാർ പ്രവർത്തിച്ചിരുന്നു.

Exit mobile version