ലോക്ക് ഡൗണ്‍ ലംഘിച്ച് ക്ഷേത്രത്തില്‍ പൂജ, പങ്കെടുത്തത് നിരവധി ഭക്തര്‍, പൂജാരി ഉള്‍പ്പെടെ ആറുപേര്‍ക്കെതിരെ കേസ്

പെരിന്തല്‍മണ്ണയിലെ ഏറാന്തോട് ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ചൊവ്വാഴ്ച്ച വൈകീട്ടാണ് സംഭവം

പെരിന്തല്‍മണ്ണ: ലോക്ക് ഡൗണ്‍ ലംഘിച്ച് ക്ഷേത്രത്തില്‍ പൂജ നടത്തി. പൂജാരി ഉള്‍പ്പെടെ ആറ് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. പെരിന്തല്‍മണ്ണയിലെ ഏറാന്തോട് ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ചൊവ്വാഴ്ച്ച വൈകീട്ടാണ് സംഭവം. നിരവധി പേരാണ് ക്ഷേത്രത്തില്‍ എത്തിയത്.

ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് അറിയാനായി പ്രദേശത്ത് പരിശോധന നടത്തിയപ്പോഴാണ് കുറേപ്പേരെ റോഡില്‍ കണ്ടത്. പലരും ക്ഷേത്രത്തില്‍പ്പോയി മടങ്ങുകയാണെന്ന് പോലീസിനോട് പറഞ്ഞു. തുടര്‍ന്ന് ക്ഷേത്രത്തിലെത്തി അന്വേഷണം നടത്തുകയായിരുന്നെന്ന് പെരിന്തല്‍മണ്ണ സിഐ ശശീന്ദ്രന്‍ പറഞ്ഞു.

ക്ഷേത്രത്തില്‍ എത്തിയപ്പോഴാണ് പൂജ നടന്ന വിവരം അറിഞ്ഞത്. ലോക്ക് ഡൗണില്‍ നിയന്ത്രണം ലംഘിച്ചതിനെ തുടര്‍ന്ന് അമ്പലത്തിലെ പൂജാരിയും ജീവനക്കാരും ഭക്തരും ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പോലീസ് കേസെടുത്തു. അന്വേഷണത്തില്‍ ക്ഷേത്രത്തില്‍ കൂടുതല്‍പ്പേര്‍ എത്തിയെന്നറിഞ്ഞതോടെ പകര്‍ച്ച വ്യാധി നിയന്ത്രണ നിയമ പ്രകാരം കേസെടുക്കുകയായിരുന്നു.

സമാന സംഭവം കേരളത്തില്‍ വേറയുമുണ്ടായിട്ടുണ്ട്. ലോക്ക് ഡൗണ്‍ ലംഘിച്ച് പള്ളിയില്‍ പ്രാര്‍ത്ഥന നടത്തിയതിനെ തുടര്‍ന്ന് പോലീസ് കേസെടുത്തു. തൃശ്ശൂരിലെ ചാവക്കാട് പുത്തന്‍ കടപ്പുറം പള്ളിയിലാണ് വിശ്വാസികള്‍ പ്രാര്‍ത്ഥന നടത്തിയത്. ആളുകള്‍ ഒത്തുകൂടിയ പരിപാടി തടയാനെത്തിയ പോലീസും വിശ്വാസികളും തമ്മില്‍ സംഘര്‍ഷമുണ്ടായി. സംഭവത്തില്‍ പോലീസ് രണ്ടുകേസുകളാണ് എടുത്തിരിക്കുന്നത്.

Exit mobile version