കൊവിഡ് വാക്‌സിന് വേണ്ടി യുഎഇയിൽ നടക്കുന്ന പരീക്ഷണത്തിൽ പങ്കാളികളായി മലപ്പുറത്തെ ഈ ദമ്പതികളും; അഭിനന്ദന പ്രവാഹം

ദുബായ്: കൊവിഡ് മഹാമാരിക്കെതിരെ യുഎഇ നടത്തുന്ന വാക്‌സിൻ പരീക്ഷണത്തിൽ പങ്കെടുത്ത് മലപ്പുറത്തു നിന്നുള്ള ഈ പ്രവാസി ഈ ദമ്പതികളും. യുഎഇയുടെ ആഹ്വാനം ഏറ്റെടുത്ത് അന്നം തരുന്ന നാടിനോടുള്ള ഐക്യദാർഢ്യമായാണ് മലപ്പുറം തിരുനാവായ ചിറ്റകത്ത് പൊറ്റമ്മൽ സമീറും ഭാര്യ വലിയകത്ത് ഷിനിൻ അബ്ദുൽ കാദറും കൊവിഡ് 19 വാക്‌സിൻ മൂന്നാംഘട്ട പരീക്ഷണത്തിൽ പങ്കുചേർന്നത്. ചൈനീസ് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ സിനോഫാമും അബുദാബി ആസ്ഥാനമായ ജി 42ഉം ചേർന്ന് വികസിപ്പിക്കുന്ന വാക്‌സിന്റെ ആദ്യഘട്ട കുത്തിവയ്പ്പാണ് ഇവരിൽ നടത്തിയത്.

യുഎഇ വാക്‌സിൻ വളണ്ടിയർമാരെ ക്ഷണിച്ച സമയത്തു തന്നെ ‘എ ഷോർട് ഫോർ ഹ്യുമാനിറ്റി’ എന്ന വാക്‌സിൻ ക്യാംപെയിൻ വെബ്‌സൈറ്റ് വഴി രജിസ്റ്റർ ചെയ്തിരുന്നു. ഒമ്പത് വർഷമായി യുഎയിൽ ഉള്ള സമീർ ദുബായിയിൽ ഇന്റീരിയർ ഡിസൈനിങ് ആന്റ് കോൺട്രാക്ടിങ് കമ്പനി നടത്തുകയാണ്. അബുദാബി ആരോഗ്യ വകുപ്പ് ചെയർമാൻ ഷെയ്ഖ് അബ്ദുല്ല ബിൻ മുഹമ്മദ് അൽ ഹമീദ് ദൗത്യം വിജയിപ്പിക്കുന്നതിന് സന്നദ്ധനായി ആദ്യ ഡോസ് സ്വീകരിച്ചതും ഏറെ പ്രചോദനം നൽകിയെന്നും സമീർ പറഞ്ഞു. ആദ്യം തനിച്ചു പോകാനായിരുന്നു സമീറിന്റെ തീരുമാനം. ഭാര്യ കൂടി സന്നദ്ധത അറിയിച്ചതോടെ മുഹറം അവധി ദിനത്തിൽ അബുദാബിയിലെ കേന്ദ്രത്തിൽ എത്തി വാക്‌സിൻ സ്വീകരിക്കുകയായിരുന്നു. തിരുന്നാവായ കുറ്റിപ്പുറം റോഡിലെ പരേതനായ ചിറ്റകത്ത് പൊറ്റമ്മൽ മമ്മു മാസ്റ്ററുടെയും തൂമ്പത്ത് സുലൈഖയുടെയും മകനാണ് സമീർ. മക്കളായ ഹലീമ, ഹദിയ, ഹമ്മാദ് എന്നിവരിൽ നിന്നും ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും പൂർണ്ണ പിന്തുണയാണ് ഉദ്യമത്തിന് ലഭിച്ചതെന്ന് ദമ്പതികൾ പറഞ്ഞു.

രണ്ടു ദിവസം കൂടുമ്പോൾ ആരോഗ്യ വകുപ്പ് അധികൃതർ വിവരങ്ങൾ ആരായുന്നുണ്ട്. രണ്ട് ഘട്ടമായാണ് വാക്‌സിൻ കുത്തിവെപ്പ്. ആദ്യ ഡോസ് നൽകി 21 ദിവസം കഴിയുമ്പോൾ അടുത്ത ഡോസ് നൽകും. മരുന്ന് പരീക്ഷണത്തിന്റെ ഒന്നും രണ്ടും ഘട്ടം ചൈനയിൽ പൂർത്തിയായി. മൂന്നാം ഘട്ടമാണ് യുഎഇയിൽ നടക്കുന്നത്.

Exit mobile version