ഏപ്രിൽ 20 മുതൽ കൊച്ചിയിൽ നിന്നടക്കം യുഎഇയിലേക്ക് സർവീസ് നടത്തുമെന്ന് എയർ അറേബ്യ; യുഎഇ പൗരന്മാരെ കൊണ്ടുപോകും

ഷാർജ: ഇന്ത്യയിൽ നിന്നും യുഎഇ പൗരന്മാരെ തിരികെ കൊണ്ടുപോകാനുള്ള പ്രത്യേക സർവീസ് ഏപ്രിൽ 20 മുതൽ ആരംഭിക്കുമെന്ന് ഷാർജയുടെ ബജറ്റ് എയർലൈനായ എയർ അറേബ്യ. കൊച്ചിയടക്കം ഇന്ത്യയിലെ നാല് നഗരങ്ങളിൽ നിന്നാണ് യുഎഇയിലേക്ക് സർവീസ് നടത്തുന്നതെന്ന് എയർ അറേബ്യ അറിയിച്ചു. ഇപ്പോൾ ഇന്ത്യയിലുള്ള യുഎഇ പൗരന്മാരെ തിരികെ കൊണ്ടുപോകുന്നതിനുള്ള പ്രത്യേക സർവീസുകളാണിത്.

ന്യൂഡൽഹി, മുംബൈ എന്നിവിടങ്ങളിൽ നിന്ന് ഏപ്രിൽ 20നും കൊച്ചിയിൽ നിന്നും ഹൈദരാബാദിൽ നിന്നും ഏപ്രിൽ 22നുമാണ് സർവീസുകൾ. വിമാനയാത്രാ നിയന്ത്രണം കാരണം വിവിധ രാജ്യങ്ങളിൽ കുടുങ്ങിയ പൗരന്മാരെ തിരികെയെത്തിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്ന് കമ്പനി തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

യുഎഇ അധികൃതരുടെ നിർദേശാനുസരണം മറ്റ് പ്രത്യേക സർവീസുകളും നടത്തും. ഏപ്രിലിൽ വിവിധ രാജ്യങ്ങളിലെ പൗരന്മാരെ തിരികെ കൊണ്ടുപോകുന്നതിനുള്ള പ്രത്യേക സർവീസുകളും കാർഗോ സർവീസുകളും നടത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നതായും കമ്പനി പ്രസ്താവനയിൽ പറയുന്നു.

ഇന്ത്യ, അഫ്ഗാനിസ്ഥാൻ, ഇറാൻ, കുവൈത്ത്, ബഹ്‌റൈൻ, സുഡാൻ, ഈജിപ്ത്, നേപ്പാൾ എന്നീ ഒമ്പത് രാജ്യങ്ങളിലേക്ക് ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പ്രത്യേക സർവീസുകൾ ആരംഭിക്കുമെന്ന് കഴിഞ്ഞയാഴ്ച എയർ അറേബ്യ അറിയിച്ചിരുന്നു. എന്നാൽ ഇന്ത്യയിൽ ഏപ്രിൽ മൂന്ന് വരെ ലോക് ഡൗൺ നീട്ടിയ സാഹചര്യത്തിൽ കാർഗോ സർവീസുകൾ മാത്രമേ ഉണ്ടാകൂ എന്ന് പിന്നീട് തിരുത്തുകയും ചെയ്തിരുന്നു.

Exit mobile version