അബ്ദുൾ റഹീമിന്റെ ജയിൽ മോചനം; കൊല്ലപ്പെട്ട സ്വദേശിയുടെ കുടുംബത്തെ കോടതി ഫോണിൽ വിളിച്ചു; മോചനം വൈകാതെയെന്ന് അഭിഭാഷകൻ

റിയാദ്: മലയാളികളുടെ കാരുണ്യത്തിൽ പിരിച്ചെടുത്ത പണം കൈമാറി അബ്ദുൾ റഹീമിനെ സൗദി ജയിലിൽ നിന്നും മോചിപ്പിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചു. റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട് കോടതിയിൽ പ്രതിഭാഗം വക്കീൽ അപേക്ഷ സമർപ്പിച്ചതിന് ശേഷം, കൊല്ലപ്പെട്ട അനസ് അൽ ശഹ്രിയുടെ കുടുംബത്തെ കോടതി ഫോണിൽ ബന്ധപ്പെട്ടതായി കുടുംബ വക്കീൽ മുബാറക് അൽ ഖഹ്താനി അറിയിച്ചു. റഹീമിന്റെ കുടുംബത്തിന്റെ പവർ ഓഫ് അറ്റോർണി സിദ്ധീഖ് തുവ്വൂർ ആണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

കുടുംബവുമായി കരാറുള്ള ദിയ ധനം സമാഹരിച്ചതായും കുടുംബം മാപ്പ് നൽകാൻ സമ്മതം അറിയിച്ചതായും വധശിക്ഷ റദ്ദ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ഏപ്രിൽ 15ന് പ്രതിഭാഗം കോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നു. തുടർന്നാണ് കോടതി ഇടപെടലുണ്ടായത്. ഇത് ശുഭസൂചനയായാണ് കാണുന്നതെന്ന് പ്രതിഭാഗം വക്കീലും സഹായ സമിതിയും വിലയിരുത്തി.

മോചനത്തിനുള്ള ആദ്യ പടി ഗവർണറേറ്റിന്റെ സാന്നിധ്യത്തിൽ ദിയാധനം നൽകി മാപ്പ് നൽകാൻ തയ്യാറാണെന്ന് മരിച്ച സൗദി ബാലന്റെ അന്തരാവകാശികളും, കൊടുക്കാൻ തയാറാണെന്ന് പ്രതിഭാഗവും ഒപ്പുവെക്കുന്ന അനുരഞ്ജന കരാർ ഉണ്ടാക്കുകയാണ്.

കരാറിൽ തുക ബാങ്ക് അക്കൗണ്ട് വഴിയോ സർട്ടിഫൈഡ് ചെക്കായോ എത്തരത്തിൽ നൽകണമെന്ന് വിവരിക്കും. അതനുസരിസരിച്ച് ഇന്ത്യൻ എംബസി തുക നൽകാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കും. ഇതിനെല്ലാം ശേഷമായിരിക്കും കോടതി നടപടിക്രമങ്ങൾ ആരംഭിക്കുക.

ALSO READ- ‘പണത്തിന് അത്യാവശ്യമെന്ന് ബോധ്യപ്പെട്ടില്ല’; മകളുടെ വിവാഹത്തിന് ബാങ്ക് നിക്ഷേപം ലഭിക്കാത്തതിൽ മനംനൊന്ത് ആത്മഹത്യ ചെയ്തയാളെ കുറിച്ച് ബാങ്ക് അധികൃതർ

വാദി-പ്രതി ഭാഗങ്ങൾ തമ്മിലുള്ള അനുരഞ്ജന കരാർ ഉൾപ്പടെയുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ റഹീം സഹായ സമിതി മുഖ്യ രക്ഷാധികാരി അഷ്റഫ് വേങ്ങാട്ടിന്റെ നേതൃത്വത്തിൽ റിയാദിൽ സ്റ്റിയറിങ് കമ്മിറ്റി അടിയന്തര യോഗം ചേർന്നു.

കേസിന്റെ പുരോഗതിയും നാട്ടിൽ സമാഹരിച്ച തുക സൗദിയിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളും ചർച്ച ചെയ്യാൻ ഇന്ത്യൻ അംബാസഡറുമായുള്ള കൂടിക്കാഴ്ചക്ക് അവസരം ചോദിക്കാൻ യോഗം തീരുമാനിച്ചിരിക്കുകയാണ്.

Exit mobile version