രണ്ടാഴ്ചയായി സ്ഥാപനം തുറക്കാറില്ല; ദുർഗന്ധത്തെ കുറിച്ച് പരാതിപ്പെട്ട് വിദ്യാർഥികൾ; തൈക്കാട് ബ്യൂട്ടിപാർലറിലെ പരിശോധനയിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന കാഴ്ച

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ ബ്യൂട്ടി പാർലർ ഉടമയായ സ്ത്രീയെ സ്ഥാപനത്തിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. തൈക്കാട് ‘നാച്ചുറൽ റോയൽ സലൂൺ’ ഉടമയും മാർത്താണ്ഡം സ്വദേശിനിയുമായ ഷീല(55)യെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.

സ്ഥാപനത്തിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ ഷീലയുടെ മൃതദേഹത്തിന് രണ്ടാഴ്ചയോളം പഴക്കമുണ്ടെന്നാണ് പോലീസ് പറയുന്നത്.ബ്യൂട്ടി പാർലർ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്റെ മുകൾനിലയിൽ ട്യൂഷൻ സെന്ററാണ് പ്രവർത്തിക്കുന്നത്. ഇവിടെ വ്യാഴാഴ്ച വൈകിട്ടോടെ ട്യൂഷനെത്തിയ വിദ്യാർഥികളാണ് ദുർഗന്ധം വമിക്കുന്നതായി പരാതിപ്പെട്ടത്. തുടർന്ന് കെട്ടിട ഉടമയായ കണ്ണേറ്റുമുക്ക് സ്വദേശി ഷാജിയെ നാട്ടുകാർ വിവരമറിയിച്ചു. പിന്നാലെ തമ്പാനൂർ പോലീസും സ്ഥലത്തെത്തി.

തുടർന്ന് ബ്യൂട്ടി പാർലറിനുള്ളിൽ നടത്തിയ പരിശോധനയിലാണ് ഷീലയുടെ മൃതദേഹം കണ്ടെത്തിയത്. സ്ഥാപനത്തിന്റെ വാതിൽ അകത്തുനിന്ന് പൂട്ടിയനിലയിലായിരുന്നു. വാതിലിന്റെ പൂട്ട് തകർത്താണ് പോലീസ് സംഘം അകത്തുകടന്നത്.

ALSO READ- ‘കാത്തിരിക്കൂ, ജീവിതത്തിലേക്ക് ഒരു സ്‌പെഷ്യൽ വ്യക്തി കടന്നുവരാൻ പോകുന്നു’; പ്രഭാസിന്റെ കുറിപ്പ് ശ്രദ്ധേയം!

അതേസമയം, മരണപ്പെട്ട ഷീലയ്ക്ക് ശാരീരിക അവശതകളുണ്ടായിരുന്നു എന്നാണ് വിവരം. മരണകാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. ഇവരുടെ ബന്ധുക്കളെക്കുറിച്ച് പോലീസ് അന്വേഷിക്കുകയാണ്. ഷീല കഴിഞ്ഞ രണ്ടുവർഷമായി ഇവർ തൈക്കാട് ബ്യൂട്ടി പാർലർ നടത്തിവരികയാണ്. ഏതാനുംദിവസങ്ങളായി ഷീലയെ പുറത്തുകണ്ടിരുന്നില്ലെന്നാണ് സമീപ സ്ഥാപനങ്ങളിലുണ്ടായിരുന്നവരുടെ മൊഴി.

Exit mobile version