ചെമ്പില്‍ നിന്നും ഇനി സ്വര്‍ണ്ണം; വിജയകരമായി ചെമ്പില്‍ നിന്നും സ്വര്‍ണ്ണമുണ്ടാക്കി ചൈനീസ് ഗവേഷകര്‍

വിലകുറഞ്ഞ ചെമ്പ് ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്നത് യഥാര്‍ത്ഥ സ്വര്‍ണ്ണമല്ല, മറിച്ച് സ്വര്‍ണ്ണത്തിന് സമാനമായ പുതിയൊരു വസ്തുവാണ്.

സ്വര്‍ണ്ണം ഖനനം ചെയ്ത് ലോഹം വേര്‍തിരിച്ച് എടുക്കുന്ന പ്രവര്‍ത്തികള്‍ ഏറെ ബുദ്ധിമുട്ടേറിയതാണ്. അതിനാല്‍ തന്നെ സ്വര്‍ണ്ണത്തിന്റെ ആവശ്യങ്ങള്‍ക്ക് പെട്ടെന്ന് കൈയ്യിലുള്ള ചെമ്പ് സ്വര്‍ണ്ണമാക്കി മാറ്റിയിരിക്കുകയാണ് ചൈനയിലെ ഒരു കൂട്ടം ഗവേഷകര്‍. വിലകുറഞ്ഞ ചെമ്പ് ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്നത് യഥാര്‍ത്ഥ സ്വര്‍ണ്ണമല്ല, മറിച്ച് സ്വര്‍ണ്ണത്തിന് സമാനമായ പുതിയൊരു വസ്തുവാണ്.

സയന്‍സ് അഡ്വാന്‍സസ് എന്ന ജേര്‍ണലില്‍ ശനിയാഴ്ച പ്രസിദ്ധീകരിച്ചുവന്ന പഠനത്തിലാണ് ഇതിനെ കുറിച്ച് വിശദമാക്കുന്നത്. ലിയാവോനിങിലെ ചൈനീസ് അക്കാദമി ഓഫ് സയന്‍സസിലുള്ള ഡാലിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ ഫിസിക്സിലെ പ്രൊഫസര്‍ സണ്‍ ജ്യാനും സഹപ്രവര്‍ത്തകരുമാണ് ഈ പുതിയ കണ്ടുപിടുത്തത്തിന് പിന്നില്‍.

ഇവര്‍ ഉയര്‍ന്ന താപനിലയില്‍ വൈദ്യുതി ചാര്‍ജ് ചെയ്ത ആര്‍ഗണ്‍ ഗ്യാസ് ചെമ്പില്‍ പതിപ്പിച്ചു. അതിവേഗം ചലിച്ചുകൊണ്ടിരിക്കുന്ന അയണീകരിക്കപ്പെട്ട കണങ്ങള്‍ ചെമ്പ് കണങ്ങളില്‍ കൂട്ടിയിടിച്ച് സ്ഫോടനം നടന്നു. ശേഷം കണികകള്‍ ശീതികരിക്കപ്പെടുകയും ശേഖരിക്കുന്നതിനായി തയ്യാറാക്കിയ ഉപകരണത്തിന്റെ പ്രതലത്തില്‍ ഖനീഭവിച്ച് മണല്‍ രൂപത്തിലുള്ള ഒരു നേര്‍ത്തപാളിയായി മാറുകയും ചെയ്യുന്നു.നാനോ മീറ്ററുകള്‍ മാത്രമാണ് ഈ മണല്‍തരികളുടെ വലിപ്പം.

ഇങ്ങനെ ശേഖരിക്കുന്ന വസ്തുവിനെ റിയാക്ഷന്‍ ചേമ്പറിലിട്ട് കാര്‍ബണ്‍ ആല്‍ക്കഹോള്‍ ആക്കിമാറ്റുന്ന രാസപ്രക്രിയയില്‍ ഉത്പ്രേരകമായി ഉപയോഗിച്ചു. സ്വര്‍ണം പോലെ അമൂല്യലോഹപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചുമാത്രമാണ് ഏറെ ശ്രമകരമായ ഈ രാസ പ്രക്രിയ നടത്താറുള്ളത്. ചെമ്പിന്റെ ഈ സൂക്ഷ്മകണങ്ങള്‍ സ്വര്‍ണ്ണത്തിനും വെള്ളിയ്ക്കും സമാനമായ രീതിയില്‍ ഒരു ഉത്പ്രേരകമെന്നോണം പ്രവര്‍ത്തിച്ചു. പുതിയതായി കണ്ടെത്തിയ വസ്തും കാഴ്ചയിലും ഭാരത്തിലും സ്വര്‍ണ്ണത്തിന് സമാനമാണെങ്കിലും വ്യാജ സ്വര്‍ണാഭരണങ്ങളും നാണയങ്ങളും നിര്‍മ്മിക്കാന്‍ ഇതുകൊണ്ട് സാധിക്കില്ലെന്ന് ഗവേഷകര്‍ പറഞ്ഞു. കാരണം സാന്ദ്രതയുടെ കാര്യത്തില്‍ ഇത് സാധാരണ ചെമ്പ് തന്നെയാണ്.

എന്നാല്‍ വ്യാവസായിക ആവശ്യങ്ങള്‍ക്കായി ഫാക്ടറികളില്‍ ആവശ്യമായിവരുന്ന വിലകൂടിയ ലോഹപദാര്‍ത്ഥങ്ങളുടെ ഉപയോഗം കുറയ്ക്കാന്‍ ഈ കണ്ടുപിടിത്തത്തിലൂടെ സാധിക്കുമെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

ചെമ്പ് കണികകളിലേക്ക് വലിയ അളവില്‍ ഊര്‍ജം കടത്തിവിടുകയും ഇലക്ട്രോണുകളുടെ സാന്ദ്രത വര്‍ധിപ്പിച്ച് അവയ്ക്ക് സ്ഥിരത നല്‍കുകയുമാണ് ഗവേഷകര്‍ ചെയ്തത്. പുതിയ വസ്തുവിന് ഉയര്‍ന്ന താപനില ചെറുക്കാനുള്ള ശേഷിയുണ്ട്. കൂടാതെ പൊടിഞ്ഞുപോവുകയോ ദ്രവീകരിക്കപ്പെടുകയോ ചെയ്യില്ല.

Exit mobile version