മഞ്ചേശ്വരം തെരഞ്ഞെടുപ്പ്: കോടതിച്ചെലവ് നല്‍കണമെന്ന് അബ്ദുള്‍ റസാഖിന്റെ അഭിഭാഷകന്‍; എന്നാല്‍ ഹര്‍ജി പിന്‍വലിക്കുന്നില്ലെന്ന് കെ സുരേന്ദ്രന്‍

കേസ് പിന്‍വലിക്കാന്‍ കെ സുരേന്ദ്രന് ഹൈക്കോടതി നേരത്തെ അനുമതി നല്‍കിയിരുന്നു.

കൊച്ചി: മഞ്ചേശ്വരത്ത് കള്ളവോട്ട് നടന്നെന്ന ബിജെപി നേതാവ് കെ സുരേന്ദ്രന്റെ ഹര്‍ജിയിലെ നടപടികള്‍ അവസാനിപ്പിക്കാന്‍ ഒരുങ്ങി ഹൈക്കോടതി. അതിനിടെ, കേസില്‍ ഹര്‍ജിക്കാരനായ സുരേന്ദ്രനില്‍ നിന്ന് കോടതിച്ചെലവ് ഈടാക്കിക്കിട്ടണമെന്ന് അബ്ദുള്‍ റസാഖിന്റെ അഭിഭാഷകന്‍ കോടതിയില്‍ ബോധിപ്പിച്ചത് നാടകീയ സംഭവങ്ങള്‍ക്ക് വഴിയൊരുക്കി.

കോടതിച്ചെലവ് ആവശ്യപ്പെടുകയാണ് എന്നുണ്ടെങ്കില്‍ താന്‍ ഹര്‍ജി പിന്‍വലിക്കാന്‍ തയ്യാറല്ലെന്ന് സുരേന്ദ്രന്‍ കോടതിയെ അറിയിച്ചു. ഇതോടെ ഹര്‍ജിയിലെ നടപടികള്‍ അവസാനിപ്പിക്കാതെ, പുതിയ വാദം സംബന്ധിച്ച് വാദം കേള്‍ക്കാന്‍ കോടതി കേസ് ഈ മാസം 18 -ലേക്ക് മാറ്റിവെച്ചു. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിലെ പിബി അബ്ദുല്‍ റസാഖിനോട് 89 വോട്ടുകള്‍ക്ക് പരാജയപ്പെട്ട സുരേന്ദ്രന്‍ അബ്ദുള്‍ റസാഖിന്റെ വിജയം കള്ളവോട്ടിലൂടെയാണെന്ന് ആരോപിച്ചാണ് കോടതിയെ സമീപിച്ചത്.

എന്നാല്‍, പിന്നീട് കേസിലെ എല്ലാ സാക്ഷികള്‍ക്കും സമന്‍സു പോലുമെത്തിക്കാനാകാത്തതിനാല്‍ മുഴുവന്‍ സാക്ഷികളെയും വിസ്തരിക്കുക പ്രായോഗികമല്ലെന്ന് പറഞ്ഞ് കേസില്‍ നിന്നും സുരേന്ദ്രന്‍ പിന്മാറാന്‍ തയ്യാറാവുകയായിരുന്നു. കേസ് പിന്‍വലിക്കാന്‍ കെ സുരേന്ദ്രന് ഹൈക്കോടതി നേരത്തെ അനുമതി നല്‍കിയിരുന്നു.

Exit mobile version