മകനെ ഹോസ്റ്റലിലാക്കി മടങ്ങുമ്പോൾ മരണരൂപത്തിലെത്തി ലോറി; അഞ്ച് ജീവനുകൾ കൺമുന്നിൽ പിടഞ്ഞുമരിച്ചതിന്റെ ഞെട്ടൽമാറാതെ പുന്നച്ചേരിയിലെ ജനങ്ങൾ

കണ്ണൂർ: അഞ്ച് ജീവനുകളുടെ ഞെരുക്കവും നിലവിളിയും ഇപ്പോഴും ചെവിയിൽ മുഴങ്ങുന്നതിന്റെ നോവിലാണ് കണ്ണൂർ ചെറുകുന്ന് പുന്നച്ചേരിയിലെ ജനങ്ങൾ. കാർ ലോറിയിലിടിച്ചുണ്ടായ അപകടത്തിൽ രക്ഷാപ്രവർത്തനം നടത്താനായി ഓടി വന്ന സുമനസുകൾ കണ്ടത് തകർന്ന് കിടക്കുന്ന കാറാണ്. ഉള്ളിലുള്ളവരെ പുറത്തെത്തിക്കാൻ വാഹനം വെട്ടിപ്പൊളിക്കുകയല്ലാതെ ഒരു വഴിയുമില്ലായിരുന്നു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ മുഴുവൻ യാത്രക്കാരേയും പുറത്തെത്തിക്കാനായെങ്കിലും ആരുടേയും ജീവൻ രക്ഷിക്കാനായില്ലെന്ന നോവിലാണ് രക്ഷാപ്രവർത്തകരായ നാട്ടുകാർ.

ഇന്നലെ രാത്രി കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ നാല് പേരടക്കം അഞ്ച് പേരാണ് മരണപ്പെട്ടത്. കാലിച്ചാനടുക്കം ശാസ്താംപാറ ശ്രീശൈലത്തിൽ കെ എൻ പത്മകുമാർ(59), കൃഷ്ണൻ (65), മകൾ അജിത (35), ഭർത്താവ് മണ്ഡപം ചൂരിക്കാട്ട് സുധാകരൻ (52), അജിതയുടെ സഹോദരന്റെ മകൻ ആകാശ് (9) എന്നിവരാണ് മരിച്ചവർ. പത്മകുമാർ ആണ് കാറോടിച്ചിരുന്നത്.


ചെറുകുന്ന് കണ്ണപുരം പുന്നച്ചേരിയിൽ തിങ്കളാഴ്ച രാത്രി 9.50ഓടെയായിരുന്നു അപകടം. കെഎൽ 58 ഡി 6753 സ്വിഫ്റ്റ് കാറിൽ സഞ്ചരിച്ചിരുന്ന കാസർകോട് സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്.

മകൻ സൗരവിനെ കോഴിക്കോട് വിദ്യാഭ്യാസ സ്ഥാപനത്തിൽ സിഎക്ക് ചേർത്ത് ഹോസ്റ്റലിലാക്കി വരികയായിരുന്നു സുധാകരനും കുടുംബവും. കോഴിക്കോട് കൃപാലയം ഗൈഡൻസ് ഹോസ്റ്റലിൽ നിന്ന് പയ്യന്നൂർ ഭാഗത്തേക്ക് പോകുകയായിരുന്ന പത്മകുമാറും കൃഷ്ണനും കുടുംബവുമാണ് കാറിലുണ്ടായിരുന്നത്. ഈ സമയത്ത് ഗ്യാസ് സിലിണ്ടർ കയറ്റിവന്ന ലോറിയുമായി കാർ പുന്നച്ചേരി പെട്രോൾ പമ്പിന് സമീപം വച്ച് കൂട്ടിയിടിക്കുകയായിരുന്നു. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തകർന്ന കാർ വെട്ടിപ്പൊളിച്ചായിരുന്നു രക്ഷാപ്രവർത്തനം നടത്തിയത്.

ALSO READ- രക്തം കട്ടപിടിക്കൽ, മസ്തിഷ്‌കാഘാതം; കോവിഷീൽഡ് വാക്‌സിന് പാർശ്വഫലങ്ങളുണ്ട്; ഒടുവിൽ സമ്മതിച്ച് നിർമാതാക്കൾ; ആശങ്ക

അപകടത്തിൽപ്പെട്ട നാലുപേർ സംഭവസ്ഥലത്ത് വച്ചും ഒരാൾ ആശുപത്രിയിലേക്കുള്ള വഴിമധ്യേയും മരണപ്പെടുകയായിരുന്നു. അപകടത്തിന് ഇടയാക്കിയ രണ്ട് ലോറികളുടെയും ഡ്രൈവർമാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അഞ്ചുപേരുടെയും മൃതദേഹം പരിയാരം മെഡിക്കൽ കോളേജിൽ.

Exit mobile version