കെഎസ്ആര്‍ടിസിയ്ക്ക് നേരെ കാട്ടാനയുടെ ആക്രമണം; ബസിന്റെ ചില്ലുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു, ഡ്രൈവര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

തിരുവനന്തപുരത്ത് നിന്ന് മൂഴിയാറിനു പോയ കെഎസ്ആര്‍ടിസി ബസിനു നേരെയായിരുന്നു കാട്ടാനയുടെ ആക്രമണം

പത്തനംതിട്ട: കെഎസ്ആര്‍ടിസി ബസിന് നേരെ കാട്ടാനയുടെ ആക്രമണം. ആക്രമണത്തില്‍ ബസിന്റെ ചില്ലുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. തിരുവനന്തപുരത്ത് നിന്ന് മൂഴിയാറിനു പോയ കെഎസ്ആര്‍ടിസി ബസിനു നേരെയായിരുന്നു കാട്ടാനയുടെ ആക്രമണം. ഡ്രൈവര്‍ സീറ്റില്‍ നിന്ന് എഴുന്നേറ്റ് മാറിയതിനാലാണ് വലിയ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ഇന്നലെ രാത്രി 10 മണിയോടെയാണ് ആങ്ങമൂഴി – ഗവി റൂട്ടില്‍ ചോരകക്കി ഭാഗത്ത് കാട്ടാനയുടെ ആക്രമണം ഉണ്ടായത്.

ബസില്‍ ഈ സമയത്ത് കണ്ടക്ടറെയും ഡ്രൈവറെയും കൂടാതെ ആറ് യാത്രക്കാരും ഉണ്ടായിരുന്നു. സാധാരണയായി ഇത്തരത്തില്‍ ആന വരികയും ബസിന് കുറുകെ നില്‍ക്കുന്നതും ഇവിടെ പതിവാണ്. എന്നാല്‍ ഇത്തവണ ആനയ്‌ക്കൊപ്പം കുട്ടി ആനയും കൂടെ ഉണ്ടായിരുന്നു. ആനയെ കണ്ട ഉടനെ ഡ്രൈവര്‍ ബസ് നിര്‍ത്തിയിരുന്നു. എന്നാല്‍ മുന്നോട്ടു പോയ ആന തിരികെയെത്തി ഗ്ലാസ് തകര്‍ക്കുകയായിരുന്നു. ഗ്ലാസ് തകര്‍ത്തതിനു ശേഷമാണ് ആന ഡ്രൈവര്‍ക്ക് നേരെ തിരിഞ്ഞത്. എന്നാല്‍ ഉടന്‍ തന്നെ ഡ്രൈവര്‍ സീറ്റില്‍ നിന്ന് മാറിയതിനാല്‍ വലിയ ദുരന്തം ഒഴിവായി.

സംഭവം അറിഞ്ഞ് വനപാലകര്‍ മൂഴിയാറിലേക്ക് തിരിച്ചിട്ടുണ്ട്. വെഞ്ഞാറമൂട് ഡിപ്പോയുടെ കീഴിലുള്ള ബസാണ് കാട്ടാനയുടെ ആക്രമണത്തില്‍ പെട്ടത്. ബസിലെ യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കില്ല.

Exit mobile version