‘ഓപ്പണ്‍ വോട്ട് അടക്കം രണ്ട് വോട്ടുകള്‍ ചെയ്ത് ഞാനും’; കോണ്‍ഗ്രസിനെ വെട്ടിലാക്കി കെഎസ്‌യു സംസ്ഥാന പ്രസിഡന്റ്

'ഓപ്പണ്‍ വോട്ട് അടക്കം രണ്ട് വോട്ടുകള്‍ ചെയ്ത് ഞാനും'; കള്ളവോട്ട് ആരോപണം ഉന്നയിച്ച നേതാക്കള്‍ക്ക് വായടപ്പിക്കുന്ന മറുപടി!കോണ്‍ഗ്രസിനെ വെട്ടിലാക്കി കെഎസ്‌യു സംസ്ഥാന പ്രസിഡന്റ്

തിരുവനന്തപുരം: സിപിഎം നേതൃത്വത്തിനെതിരെ അടിസ്ഥാന രഹിതമായ കള്ളവോട്ട് ആരോപണം ഉന്നയിച്ച കോണ്‍ഗ്രസ് നേതാക്കളെ വെട്ടിലാക്കി കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത്തിന്റെ വെളിപ്പെടുത്തല്‍. ‘ഓപ്പണ്‍ വോട്ട് ഉള്‍പ്പടെ രണ്ട് വോട്ടുകള്‍ ചെയ്ത് ഞാനും ജനാധിപത്യ പ്രക്രിയയുടെ ഭാഗമായി’ എന്നാണ് അഭിജിത്തിന്റെ പോസ്റ്റ്.

നേരത്തെ, കാസര്‍കോട് ഒരു ബൂത്തില്‍ നടന്ന ഓപ്പണ്‍ വോട്ടിനെ കള്ളവോട്ടായി ആരോപിച്ചും ഒരാള്‍ രണ്ടുതവണ വോട്ട് ചെയ്തത് കള്ളവോട്ട് തന്നെയാണെന്ന വാദവുമായും മാധ്യമങ്ങളും കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പുറത്തുവിട്ടായിരുന്നു കോണ്‍ഗ്രസ് നേതാവായ സതീശന്‍ പാച്ചേനിയുടെ നേതൃത്വത്തിലെ കുപ്രചരണം.

പിന്നാലെ, കല്യാശേരി നിയോജക മണ്ഡലത്തിലെ ചില ബൂത്തുകളില്‍ പഞ്ചായത്തംഗമുള്‍പ്പടെയുള്ളവര്‍ കള്ളവോട്ട് ചെയ്തുവെന്നു കള്ളവാര്‍ത്തയും കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു. എന്നാല്‍, യുഡിഎഫിന്റെ വ്യാജപ്രചാരണത്തിന് പിന്നിലെ സത്യാവസ്ഥ പുറത്തുവരികയും കള്ളംപൊളിയുകയും ചെയ്തത് മുന്നണിക്ക് വലിയ ക്ഷീണമായിരുന്നു. ഓപ്പണ്‍ വോട്ട് തിരിച്ചറിയാതെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചതിന് പഴി കേള്‍ക്കുകയാണ് കോണ്‍ഗ്രസ്. സ്വന്തം വോട്ടിനോടൊപ്പം, പരസഹായമില്ലാതെ വോട്ട് ചെയ്യാന്‍ കഴിയാത്തവരുടെ കൂടെപോയി പോളിങ് ഉദ്യോഗസ്ഥരുടെ അനുവാദത്തോടെ ഓപ്പണ്‍ വോട്ടും ചെയ്യാന്‍ ഒരു പൗരന് അവകാശമുണ്ടായിരിക്കെ അത് വിനിയോഗിച്ചതിനാണ് സ്ത്രീകള്‍ അടക്കമുള്ളവരെ യുഡിഎഫ് അപമാനിച്ചത്.

ഇതിനുപിന്നാലെയാണ് ഇരട്ടപ്രഹരമായി ഓപ്പണ്‍ വോട്ടടക്കം രണ്ട് വോട്ട് ചെയ്ത കെഎസ്‌യു പ്രസിഡന്റിന്റെ വാദം സോഷ്യല്‍മീഡിയ ഏറ്റെടുത്തത്. കോണ്‍ഗ്രസിന്റെ വ്യാജവാര്‍ത്തയ്ക്ക് മറുപടിയായി കെഎസ്‌യു സംസ്ഥാന പ്രസിഡന്റിന്റെ തന്നെ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയാണ്.

Exit mobile version