ദൈവത്തിന്റെ പേര് പറഞ്ഞാല്‍ കേരളത്തില്‍ കള്ളക്കേസെടുക്കും; വിശ്വാസത്തിനായി കോടതി വരെ പോകും; വീണ്ടും കള്ളം പറഞ്ഞും ശബരിമല വിഷയം എടുത്തിട്ടും മോഡി; പത്തനംതിട്ടയില്‍ മത്സരിക്കാന്‍ രാഹുലിന് വെല്ലുവിളി

ദൈവത്തിന്റെ പേര് പറഞ്ഞാല്‍ ഇവിടത്തെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ജയിലിലിടും. ലാത്തിച്ചാര്‍ജ് നടത്തും, മോഡി

തിരുവനന്തപുരം: ശബരിമല വിഷയം വീണ്ടും പറയാതെ പറഞ്ഞും കള്ളം പ്രചരിപ്പിച്ചും കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രസംഗം. അധികാരത്തിലെത്തിയാല്‍ വിശ്വാസങ്ങള്‍ ഉറപ്പാക്കാന്‍ ഭരണഘടനാ സംരക്ഷണം നല്‍കുമെന്നും ഇതിനായി കോടതി മുതല്‍ പാര്‍ലമെന്റ് വരെ പോകുമെന്നും ശബരിമലയുടെ പേരെടുത്ത് പറയാതെ മോഡി തിരുവനന്തപുരത്തെ പ്രസംഗത്തില്‍ പരാമര്‍ശിച്ചു. കേരളത്തില്‍ ദൈവത്തിന്റെ പേര് പറഞ്ഞാല്‍ കള്ള കേസെടുക്കുമെന്നും ലാത്തിച്ചാര്‍ജ് നടത്തുമെന്നും മോഡി ഇത്തവണയും ആവര്‍ത്തിച്ചു.

‘കേരളത്തില്‍ ദൈവത്തിന്റെ പേര് പോലും പറയാന്‍ പറ്റാത്ത അവസ്ഥയാണ്. ദൈവത്തിന്റെ പേര് പറഞ്ഞാല്‍ ഇവിടത്തെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ജയിലിലിടും. ലാത്തിച്ചാര്‍ജ് നടത്തും’, മോഡി പറഞ്ഞു. മെയ് 23- ന് ശേഷം വീണ്ടും മോഡി സര്‍ക്കാര്‍ രൂപീകരിക്കപ്പെടുമ്പോള്‍ കോടതി തൊട്ട് പാര്‍ലമെന്റ് വരെ നിങ്ങളുടെ വിശ്വാസം സംരക്ഷിക്കാന്‍ പോരാടും. അതിന് ഭരണഘടനാപരമായ പിന്തുണ നല്‍കുമെന്നും മോഡി പരാമര്‍ശിച്ചു.

വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും കൂടി കാവല്‍ക്കാരനാണെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. ശബരിമലയില്‍ വിശ്വാസ സംരക്ഷണത്തിന് ഭരണഘടനാ ഭേദഗതി വരുത്തണമെന്ന ആവശ്യം ഉയരുമ്പോഴാണ് മോഡി നിലപാട് വ്യക്തമാക്കുന്നത്. രാഹുല്‍ ഗാന്ധിക്ക് തിരുവനന്തപുരത്തോ പത്തനംതിട്ടയിലോ മത്സരിക്കാന്‍ ധൈര്യമുണ്ടോ എന്നും മോഡി വെല്ലുവിളിച്ചു. ”കേരളത്തില്‍ വന്ന് മത്സരിക്കുന്നത് യോജിപ്പിന്റെ സന്ദേശമാണെന്നല്ലേ കോണ്‍ഗ്രസ് അധ്യക്ഷന്‍ പറയുന്നത്? തിരുവനന്തപുരത്ത് മത്സരിച്ച് സന്ദേശം കൊടുത്തുകൂടേ? പത്തനംതിട്ടയിലിറങ്ങി മത്സരിച്ചു കൂടേ?’, മോഡി ചോദിച്ചു. കേരളത്തില്‍ ഇരുമുന്നണികളും ഏറ്റുമുട്ടിയാലും ഡല്‍ഹിയില്‍ അവര്‍ ഒന്നാണ് എന്ന് കോണ്‍ഗ്രസിനേയും ഇടതുപക്ഷത്തേയും മോഡി കുറ്റപ്പെടുത്തി.

Exit mobile version