പൂന്തുറയില്‍ പ്രചാരണത്തിനെത്തിയ കുമ്മനത്തേയും നിര്‍മ്മലാ സീതാരാമനേയും തടഞ്ഞ് നാട്ടുകാരുടെ രോഷം; രക്ഷയ്‌ക്കെത്തിയത് പോലീസ്; സോഷ്യല്‍മീഡിയയില്‍ പ്രചരിച്ച് വീഡിയോ

തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്റെ പ്രചാരണം തടഞ്ഞ് നാട്ടുകാര്‍.

തിരുവനന്തപുരം: തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്റെ പ്രചാരണം തടഞ്ഞ് നാട്ടുകാര്‍. കഴിഞ്ഞഗിവംസ പൂന്തുറയില്‍ പ്രചാരണത്തിനെത്തിയ കുമ്മനം രാജശേഖരനെയും പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമനെയും നാട്ടുകാര്‍ തടയുകയായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള റോഡ് ഷോയ്ക്കായാണ് ഇരുവരും കഴിഞ്ഞ ദിവസം പൂന്തുറയില്‍ എത്തിയത്. എന്നാല്‍ പൂന്തുറയുടെ ഉള്‍പ്രദേശങ്ങളിലേക്ക് ഇരുവരെയും കടത്തിവിടാന്‍ നാട്ടുകാര്‍ തയ്യാറായില്ല. ഇത് ഏറെ നേരം വാക്ക് തര്‍ക്കത്തിനും സംഘര്‍ഷത്തിനും വഴിവെച്ചു. ഇതിന്റെ വീഡിയോ, കുമ്മനത്തെ മടക്കി അയച്ച് പൂന്തുറ എന്ന പേരില്‍ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

തുടര്‍ന്ന് നാട്ടുകാരുടെ എതിര്‍പ്പ് ശക്തമായതിനെ തുടര്‍ന്ന് പൂന്തുറ ജങ്ഷനില്‍ ബിജെപി പ്രചാരണം അവസാനിപ്പിക്കുകയായിരുന്നു. നേരത്തെ ഓഖി ദുരന്തസമയത്ത് മത്സ്യത്തൊഴിലാളികളെ നേരിട്ട് കാണാനെത്തിയ നിര്‍മ്മല സീതാരാമന് നല്ല പ്രതികരണമാണ് ജനങ്ങളുടെ ഭാഗത്ത് നിന്നും ലഭിച്ചത്. എന്നാല്‍ ഇത്തവണ ജനരോഷമാണ് നിര്‍മ്മലയെ സ്വീകരിച്ചത്. പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളാണ് ബിജെപിയുടെ റോഡ് ഷോ തടഞ്ഞതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഓഖി ദുരന്തത്തിന് ഇരയായ മത്സ്യത്തൊഴിലാളികളെ സഹായിക്കാന്‍ മോഡി തന്നോട് നേരിട്ട് ആവശ്യപ്പെട്ടെന്നും അങ്ങനെയാണ് താന്‍ ഓഖി സമയത്ത് എത്തിയതെന്നും പറഞ്ഞ പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന്‍ വിഷുകൈനീട്ടമായി മലയാളികള്‍ ബിജെപിക്ക് വോട്ട് ചെയ്യണമെന്നും അഭ്യര്‍ത്ഥിച്ചു.

വീഡിയോ കടപ്പാട്: ജയ്ഹിന്ദ്

Exit mobile version