എംകെ രാഘവനെതിരായ അഴിമതി ആരോപണം; ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

കോഴിക്കോട്: കോഴിക്കോട് യുഡിഎഫ് സ്ഥാനാര്‍ത്ഥി എംകെ രാഘവനെതിരെ സ്വകാര്യചാനലില്‍ വന്ന അഴിമതി ആരോപണത്തില്‍ റിപ്പോര്‍ട്ട് തേടി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ കോഴിക്കോട് ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടിയത്. വാര്‍ത്ത ഗൗരവമേറിയതാണെന്നും ടിക്കാറാം മീണ പ്രതികരിച്ചു.

അതേസമയം, ആരോപണം കെട്ടിച്ചമച്ചതാണെന്നും ഇതിനു പിന്നില്‍ സിപിഎം ജില്ലാ നേതൃത്വമാണെന്നും എംകെ രാഘവന്‍ പ്രതികരിച്ചു. വീഡിയോ കെട്ടിച്ചതാണെന്നും തന്റെ വീട്ടില്‍ ധാരാളം ആളുകള്‍ വന്നുപോകാറുണ്ടെന്നും താന്‍ പറയാത്ത കാര്യങ്ങള്‍ ഡബ്ബ് ചെയ്ത് വീഡിയോയില്‍ കൂട്ടി ചേര്‍ക്കുകയായിരുന്നെന്നുമാണ് എംകെ രാഘവന്റെ വിശദീകരണം.
എംകെ രാഘവന് പിന്തുണയുമായി കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നടങ്കം രംഗത്തെത്തിയിട്ടുണ്ട്. കോഴ ആരോപണം സിപിഎം കെട്ടി ചമച്ചതാണെന്ന് സംശയിക്കുന്നതായും അന്വേഷിക്കാന്‍ സര്‍ക്കാരിനെ വെല്ലുവിളിക്കുന്നതായും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു.

സിപിഎമ്മാണ് കോഴ ആരോപണത്തിന് പിന്നിലെന്ന് പ്രതികരിച്ച കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി, സ്റ്റിങ് ഓപ്പറേഷനിലൂടെ വാര്‍ത്ത പുറത്തുവിട്ട ചാനല്‍ 9ന്റെ ഉദ്ദേശ ശുദ്ധിയില്‍ സംശയമുണ്ടെന്നും ആരോപിച്ചു. എംകെ രാഘവന്റെ ജനസ്വീകാര്യത നഷ്ടപ്പെടുത്തുക മാത്രമാണ് ആരോപണത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഒരു സിങ്കപ്പൂര്‍ കമ്പനി ഹോട്ടല്‍ ആരംഭിക്കാനായി കോഴിക്കോട് നഗരത്തില്‍ സ്ഥലം ഏറ്റെടുത്ത് നല്‍കണമെന്ന് ആവശ്യപ്പെട്ട് എംകെ രാഘവനെ സമീപിക്കുകയും, അദ്ദേഹം പ്രത്യുപകാരമായി 5 കോടി രൂപ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് നല്‍കാനായി ആവശ്യപ്പെടുന്നതുമാണ് ടിവി 9ന്റെ സ്റ്റിങ് ഓപ്പറേഷനിലൂടെ പുറത്തുവന്നിരിക്കുന്നത്. പണം തന്റെ ഓഫീസ് സെക്രട്ടറിയെ കറന്‍സിയായി തന്നെ ഏല്‍പ്പിക്കണമെന്നും എംകെ രാഘവന്‍ വീഡിയോയില്‍ പറയുന്നുണ്ട്.

Exit mobile version