ബിജെപിയുടെ പത്തനംതിട്ടയും കോണ്‍ഗ്രസിന്റെ വയനാടും വടകരയും; വോട്ടെടുപ്പിന് ഒരുമാസം ബാക്കി നില്‍ക്കെ തര്‍ക്കങ്ങള്‍ തീരാതെ പാര്‍ട്ടികള്‍

ന്യൂഡല്‍ഹി: കേരളത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പിന് ഇനി കൃത്യം ഒരു മാസം ബാക്കി നില്‍ക്കെ ഒടുവില്‍ പുറത്തിറക്കിയ പട്ടികയിലും മുഴുവന്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനാകാതെ ബിജെപിയും കോണ്‍ഗ്രസും. ബിജെപിയുടെ രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടികയിലും പത്തനംതിട്ടയ്ക്ക് ഇടം പിടിക്കാനായില്ല. പൊതുസമ്മതനായ സ്ഥാനാര്‍ത്ഥി വേണോ കെ സുരേന്ദ്രന്‍ വേണോ പിഎസ് ശ്രീധരന്‍പിള്ള വേണോ എന്നാണ് ബിജെപിയെ കുഴക്കുന്നത്.

അതേസമയം, ഏഴാംഘട്ട സ്ഥാനാര്‍ത്ഥി പട്ടികയിലും വയനാടിനേയും വടകരയേയും ഉള്‍പ്പെടുത്താന്‍ കോണ്‍ഗ്രസിനും സാധിച്ചിട്ടില്ല. ഈ രണ്ട് മണ്ഡലങ്ങളിലൊഴികെ കേരളത്തിലെ ബാക്കി സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ പ്രചാരണവുമായി അതിദൂരം മുന്നോട്ട് പോയിരിക്കുകയാണ്. തര്‍ക്കം നിലനിന്നിരുന്ന വടകരയില്‍ കെ മുരളീധരന്റെയും വയനാട്ടില്‍ ടി സിദ്ദിഖിന്റെയും പേരുകള്‍ കെപിസിസി അധ്യക്ഷന്‍ മാധ്യമങ്ങളെ അറിയിച്ചിരുന്നു. എന്നാല്‍ ഇത് ഔദ്യോഗിക പ്രഖ്യാപനമല്ലെന്നും ഹൈക്കമാന്റ് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും മുല്ലപ്പള്ളി അന്നേ വ്യക്തമാക്കിയിരുന്നു.

ഇന്ന് പുലര്‍ച്ചെ സ്ഥാനാര്‍ത്ഥികളുടെ ഏഴാം പട്ടിക പാര്‍ട്ടി പുറത്തിറക്കിയെങ്കിലും രണ്ടു സീറ്റിലും സസ്‌പെന്‍സ് തുടരുകയാണ്. ഇന്നലെ രണ്ടു വട്ടം തെരഞ്ഞെടുപ്പ് സമിതി യോഗം ചേര്‍ന്നിരുന്നു. രാഹുല്‍ ഗാന്ധി രണ്ടു ദിവസമായി ഡല്‍ഹിയില്‍ ഉണ്ടായിരുന്നു താനും. ഹൈക്കമാന്റ് തീരുമാനിക്കും മുമ്പ് രണ്ടു സീറ്റിലെയും സ്ഥാനാര്‍ത്ഥികളുടെ പേര് സംസ്ഥാന നേതൃത്വം പ്രഖ്യാപിച്ചതില്‍ എഐസിസിക്ക് അതൃപ്തിയുണ്ടെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. എന്നാല്‍ ഇത് കേന്ദ്ര നേതാക്കള്‍ നിഷേധിക്കുകയും ചെയ്തിരുന്നു.

Exit mobile version