‘അവര്‍ ജീവത്യാഗം ചെയ്തത് നമുക്ക് വേണ്ടി; നമ്മള്‍ തിരിച്ചടിക്കണം’; സ്വന്തം വീടിന് ‘പുല്‍വാമ, ദ് റിയല്‍ ഹീറോസ്’ എന്ന് പേരിട്ട് സൈനികര്‍ക്ക് ആദരവുമായി കണ്ണൂരിലെ സൈനികന്‍ സഹീര്‍!

കണ്ണൂര്‍: രാജ്യത്തിനായി പുല്‍വാമയില്‍ ജീവന്‍വെടിഞ്ഞ സൈനികര്‍ക്ക് ആദരവുമായി കണ്ണൂര്‍കാരന്‍ സഹീര്‍. സ്വന്തം വീടിന് പുല്‍വാമ എന്ന് പേരിട്ടാണ് സൈനികര്‍ക്ക് ആദരം നല്‍കിയത്. ”ഒരുപാട് സ്വപ്നങ്ങള്‍ ഉണ്ടായിരുന്നവരുടെ ജീവനാണ് അവിടെ പൊലിഞ്ഞത്… ഓരോ പട്ടാളക്കാരനും ഏത്ര കഷ്ടപ്പാടുകള്‍ക്കിടയിലും അങ്ങനെ സ്വപ്നങ്ങള്‍ കാണുന്നവരാണ്. അവര്‍ ജീവന്‍ ത്യാഗം ചെയ്തത് നാടിന് വേണ്ടിയാണ്. അവര്‍ക്ക് വേണ്ടി നമ്മള്‍ തിരിച്ചടിക്കണം” ഉറച്ച ശബ്ദത്തില്‍ കൂത്തുപ്പറമ്പുകാരന്‍ സഹീര്‍ വാലിടി പറയുന്നതിങ്ങനെ.

കൂത്തുപ്പറമ്പില്‍ മൂരിയാട് സൈന്യത്തിലെ ജോലി കൊണ്ട് കെട്ടിപ്പടുത്ത വീടിനാണ് സഹീര്‍ പുല്‍വാമ എന്ന പേര് നല്‍കിയത്. നാല് മാസത്തോളമായി വീട് വെച്ച പുതിയ വീടിന് ഇതുവരെ പേരിട്ടിട്ടിലായിരുന്നു. വീടിന് പേരു നല്‍കി പുല്‍വാമയില്‍ മരിച്ച ഓരോ സഹോദരനുമുള്ള ആദരവ് അര്‍പ്പിക്കുകയായിരുന്നു സഹീര്‍ എന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒമ്പത് വര്‍ഷമായി സൈന്യത്തില്‍ ജോലി ചെയ്യുന്നു. ഇപ്പോള്‍ ജമ്മുവിലെ റെജോറി ജില്ലയിലാണ് സേവനം. പല സ്ഥലങ്ങളിലേക്ക് പോസ്റ്റിംഗ് ലഭിച്ചിട്ടുണ്ട്. പക്ഷേ, കൂടുതല്‍ കാലം കാശ്മീരില്‍ തന്നെയാണ് സേവനം അനുഷ്ഠിച്ചിട്ടുള്ളത്. അതിനാല്‍, അവിടുത്തെ സാഹചര്യങ്ങളെ കുറിച്ച് നന്നായി അറിയാമെന്നും സഹീര്‍ പറഞ്ഞു. സൈനികര്‍ ഒരുപാട് ദുരിതം സഹിച്ചാണ് അവിടെ ജോലി ചെയ്യുന്നത്.

ആക്രമണങ്ങള്‍ക്കൊപ്പം കാലാവസ്ഥ സാഹചര്യങ്ങളോടും പടവെട്ടണമെന്നും സഹീര്‍ കൂട്ടിച്ചേര്‍ത്തു. ഒരു മാസത്തെ അവധിക്കായി നാട്ടില്‍ വന്നതിനിടെയാണ് പുല്‍വാമയില്‍ ഭീകരാക്രമണം നടന്നത്. ക്രോസ് കണ്‍ട്രയില്‍ ദേശീയ തലത്തില്‍ മെഡല്‍ സ്വന്തമാക്കിയ താരം കൂടിയാണ് സഹീര്‍. ഭാര്യ തസ്മിന, മകന്‍ ഒന്നരവയസുകാരന്‍ റിഹാന്‍.

Exit mobile version