വടക്കേയിന്ത്യയില്‍ നേതാക്കളുടെ വീടുകള്‍ കൊട്ടാരങ്ങള്‍; ഇങ്ങ് കേരളത്തിലാകട്ടെ ലാളിത്യം നിറഞ്ഞതും ചെറുതും; കേരള നേതാക്കളെ വാഴ്ത്തി രാഹുല്‍ ഗാന്ധി

ഇവിടത്തെ നേതാക്കളുടെ വീടുകള്‍ ചെറുതും സാധാരണവുമാണ്.

കൊച്ചി: കേരള സന്ദര്‍ശനത്തിനെത്തിയ രാഹുല്‍ ഗാന്ധി കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ എളിമയെ വാഴ്ത്തുകയാണ്. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ എളിമയാണ് പലപ്പോഴും തന്നെ ആകര്‍ഷിച്ചിട്ടുള്ളതെന്ന് രാഹുല്‍ ഗാന്ധി പറയുന്നു. കഴിഞ്ഞദിവസം, അന്തരിച്ച നേതാവ് എംഐ ഷാനവാസിന്റെ വസതിയില്‍ സന്ദര്‍ശനത്തിനെത്തിയ രാഹുല്‍ പറഞ്ഞതിങ്ങനെ, ഇവിടത്തെ നേതാക്കളുടെ വീടുകള്‍ ചെറുതും സാധാരണവുമാണ്. എന്നാല്‍, വടക്കേയിന്ത്യയില്‍ പലര്‍ക്കുമുള്ളത് കൊട്ടാരങ്ങളാണ്.

എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനു സമീപമുള്ള ആനി തയ്യില്‍ ലെയ്നിലെ വീട്ടില്‍ പത്തുമിനിറ്റിലധികം രാഹുലും സംഘവും ചെലവിട്ടു. എകെ ആന്റണി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ അദ്ദേഹത്തോടൊപ്പം കാറിലുണ്ടായിരുന്നു. ഉമ്മന്‍ചാണ്ടി, കെസി വേണുഗോപാല്‍, മുകുള്‍ വാസ്നിക്, ശശി തരൂര്‍, കെവി തോമസ് എന്നിവര്‍ പിന്നാലെയെത്തി.

ഷാനവാസിന്റെ കുടുംബാംഗങ്ങള്‍ അദ്ദേഹത്തെ സ്വീകരിച്ചു. പിതാവിനോടുള്ള കരുതലും ആദരവുമാണ് രാഹുലിന്റെ സന്ദര്‍ശനത്തോടെ വെളിപ്പെട്ടിരിക്കുന്നതെന്ന് അമിനാ ഷാനവാസ് പറഞ്ഞു.

Exit mobile version