അശോകിന്റെ നെഞ്ചിനകത്ത് വിഷ്ണു തേങ്ങി; സജനയ്ക്ക് അന്ത്യകർമ്മങ്ങൾ ചെയ്യാനെത്തിയത് മരണപ്പെട്ട മകന്റെ ഹൃദയം സ്വീകരിച്ചയാൾ; നോവ്

കണ്ണൂർ: ഒരു വർഷം മുൻപ് ബൈക്ക് അപകടത്തിൽ പരിക്കേറ്റ് മസ്തിഷ്‌ക മരണം സംഭവിച്ച മകന്റെ ഹൃദയം സ്വീകരിച്ചയാൾ മകന്റെ സ്ഥാനത്ത് നിന്ന് ആ അമ്മയ്ക്ക് അന്ത്യകർമ്മങ്ങൾ ചെയ്യാനെത്തി. കഴിഞ്ഞദിവസം കണ്ണൂരിലാണ് കരളലിയിക്കുന്ന സംഭവങ്ങളുണ്ടായത്.

കാൻസർ ബാധിതയായിരുന്ന സജനയുടെ മരണാനന്തര കർമ്മങ്ങൾ ചെയ്ത് ചിതയ്ക്ക് തീകൊളുത്തിയത് മകന്റെ സ്ഥാനത്ത് നിന്ന് അശോക് ആയിരുന്നു. അശോകിന്റെ ഉള്ളിൽ തുടിക്കുന്ന ഹൃദയം സജനയുടെ മകൻ വിഷ്ണുവിന്റെയാണ്. കഴിഞ്ഞവർഷം കോഴിക്കോട് ഉണ്ടായ ബൈക്കപകടത്തിൽ പരുക്കേറ്റ വിഷ്ണുവിന് വേണ്ടി നാട്ടുകാർ ചികിത്സാസഹായ സമിതി രൂപീകരിച്ച് സഹായത്തിനോടി എത്തിയിരുന്നു. എങ്കിലും വിധി മറ്റൊന്നായിരുന്നു. വിഷ്ണുവിന് മസ്തിഷ്‌കമരണം സംഭവിച്ചു.

സജനയും മകൻ വിഷ്ണുവും

ഇതോടെ തകർന്നു പോയ കുടുംബം നന്മ കൈവിട്ടില്ല. വിഷ്ണുവിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ അച്ഛൻ കണ്ണൂർ പൂപ്പറമ്പ് പൂവേൻവീട്ടിൽ ഷാജിയും അമ്മ സജനയും സഹോദരി നന്ദനയും തീരുമാനിച്ചു. ജീവന് വേണ്ടിയുള്ള നോവ് കാൻസർ രോഗിയായ സജനയ്ക്ക് നന്നായി അറിയാമായിരുന്നു. അവയവങ്ങൾ സ്വീകരിക്കുന്നവരിലൂടെ മകനെ വീണ്ടും കാണാമെന്ന് അവർ ആശ്വസിച്ചു.

also read- അബ്ദുൾ റഹീമിന്റെ ജയിൽ മോചനം; കൊല്ലപ്പെട്ട സ്വദേശിയുടെ കുടുംബത്തെ കോടതി ഫോണിൽ വിളിച്ചു; മോചനം വൈകാതെയെന്ന് അഭിഭാഷകൻ

തുടർന്ന് സർക്കാരിന്റെ മൃതസഞ്ജീവനി പദ്ധതി വഴി, സൗജന്യമായി വിഷ്ണുവിന്റെ വൃക്കകളും ഹൃദയവും കരളും ദാനം ചെയ്തു. അന്ന് അവർക്ക് ഒരു നിബന്ധന മാത്രമാണ് ഉണ്ടായിരുന്നത്, സ്വീകർത്താക്കളെ നേരിൽ കാണണം. വിഷ്ണുവിന്റെ ഹൃദയം സ്വീകരിച്ച പത്തനംതിട്ട കുറുങ്ങഴ ചാലുങ്കാൽ വീട്ടിൽ അശോക് വി നായർ (44) അങ്ങനെ സജനയ്ക്ക്(48) മകനായി.

പിന്നീട് അശോക് ഇടയ്ക്കിടെ സജനയെ കാണാനെത്തുകയും അർബുദത്തിന്റെ വേദന തിന്നുന്ന നിമിഷങ്ങൾ ആശ്വാസം പകരുകയും ചെയ്തു. വിഷ്ണുവിന്റെ കഥകൾ കേട്ടു, ആശ്വസിപ്പിച്ചു. അങ്ങനെ, ഹൃദയംകൊണ്ട് അശോക് സജനയുടെ മകനായി. കാൻസർ ചികിത്സയ്ക്കിടെ കഴിഞ്ഞ ദിവസം സജനയുടെ ഹൃദയം നിലച്ചപ്പോൾ അശോകിന് വരാതിരിക്കാനായില്ല. ഷാജിയുടെ അഭ്യർഥനപ്രകാരം മകന്റെ സ്ഥാനത്ത് നിന്ന് അന്ത്യകർമവും ചെയ്തു.

Exit mobile version