നിരന്തരം വഴക്കു പറയുന്നതില്‍ വിരോധം, വീട്ടമ്മയെ കോടാലിക്കൈ കൊണ്ട് അടിച്ചുകൊന്ന് വീട്ടുജോലിക്കാരി, ജീവപര്യന്തം തടവ് ശിക്ഷ

പത്തനംതിട്ട: വീട്ടമ്മയെ കോടാലിക്കൈ കൊണ്ട് അടിച്ചുകൊന്ന വീട്ടുജോലിക്കാരിക്ക് ജീവപര്യന്തം തടവ് ശിക്ഷ. പത്തനംതിട്ടയിലാണ് സംഭവം. 5000 രൂപ പിഴയും കോടതി വിധിച്ചു. പിഴയടച്ചില്ലെങ്കില്‍ 6 മാസം കൂടി കഠിനതടവ് അനുഭവിക്കണം.

കോയിപ്രം പുല്ലാട് മുട്ടുമണ്‍ മേലത്തേതില്‍ പി എസ് ജോര്‍ജ്ജിന്റെ ഭാര്യ മറിയാമ്മ ജോര്‍ജ്ജ് (77) ആണ് യുവതിയുടെ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ചത്. സംഭവത്തില്‍ ജാര്‍ഖണ്ഡ് സഹേബ്ഗഞ്ച് ബര്‍മസിയ, ദോരായ്സന്തലി ബഡാബിച്കനി ചന്ദപഹഡിയയുടെ മകള്‍ സുശീല എന്ന് വിളിക്കുന്ന ബംഗാരിപഹഡി (29) നെയാണ് കോടതി ശിക്ഷിച്ചത്.

also read:വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു, യുവാവിന് 52 വര്‍ഷം തടവ്

2018 ഡിസംബര്‍ 26നായിരുന്നു കേസിനാസ്പദമായ സംഭവം. നിരന്തരം വഴക്കു പറയുന്നെന്ന വിരോധത്താലാണ് വയോധികയായ വീട്ടമ്മയെ ബംഗാരിപഹഡി കോടാലിക്കൈ കൊണ്ട് അടിച്ചുകൊന്നത്. ഗുരുതരമായി പരിക്കേറ്റ മറിയാമ്മയെ ജോര്‍ജ്ജ് തിരുവല്ല മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലും തുടര്‍ന്ന്, ബിലീവേഴ്സ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു.

ചികിത്സയില്‍ കഴിഞ്ഞുവരവേ മറിയാമ്മ അന്നു വൈകിട്ടോടെ തന്നെ മരണത്തിന് കീഴടങ്ങുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സന്ധ്യ ടി വാസു ഹാജരായി.

Exit mobile version