”എന്റെ മോള് പോയിട്ട് നാലു വര്‍ഷം, അനാസ്ഥക്കു കാരണക്കാരായ അധ്യാപകര്‍ അവരുടെ ജോലികളില്‍ തിരിച്ചെത്തി, പാമ്പുകളുടെ താവളമായ സ്‌കൂളിനു പുതിയ കെട്ടിടം ലഭിച്ചു, അവളെ എല്ലാവരും മറന്നു”, വേദന നിറഞ്ഞ കുറിപ്പ്

സുല്‍ത്താന്‍ ബത്തേരി; നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്‌കൂളില്‍ വെച്ച് പാമ്പുകടിയേറ്റ് മരിച്ച ഷഹല ഷെറിന്‍ എന്ന കുഞ്ഞിനെ വേദനയോടെയാണ് ഇന്നും കേരളക്കര ഓര്‍ക്കുന്നത്. മകള്‍ മരിച്ച് വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ഷഹലയുടെ മാതാവ് ഫസ്‌ന ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്.

”നാലു വര്‍ഷമായി അവള്‍ പോയിട്ട് അനാസ്ഥക്കു കാരണക്കാരായ അധ്യാപകര്‍ അവരുടെ ജോലികളില്‍ തിരിച്ചെത്തി. പാമ്പുകളുടെ താവളമായ ആ സ്‌കൂളിനു പുതിയ കെട്ടിടം ലഭിച്ചു. അവളെ അവരൊക്കെ പാടേ മറന്നു” എന്ന് ഫസ്‌ന കുറിപ്പില്‍ വേദനയോടെ പറയുന്നു.

also read:‘പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം’, നവകേരള സദസിൽ ഉന്നയിച്ച ആവശ്യങ്ങൾക്കെല്ലാം ഉടനടി പരിഹാരമായി; അഭിനന്ദിച്ച് സന്തോഷ് കീഴാറ്റൂർ

”എല്ലാ സംഭവങ്ങളെയും പോലെ അവളും ഓര്‍മയായിരിക്കുന്നു. ഞങ്ങള്‍, വീട്ടുകാരുടെ മനസ്സില്‍ മാത്രം ജീവിക്കുന്ന നനവാര്‍ന്ന ഓര്‍മ. നഷ്ടം ഞങ്ങളുടേത് മാത്രമാണ്, ലോക ശിശു ദിനത്തിലാണ് അവള്‍ക്ക് അധ്യാപകരുടെ അനാസ്ഥയില്‍ ജീവന്‍ നഷ്ടമായത് എന്നു കൂടി ഇവിടെ ചേര്‍ത്തു പറയട്ടെ” എന്നും കുറിപ്പില്‍ പറയുന്നു.

ഫസ്‌നയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

”എന്റെ മോള് പോയിട്ട് ഇന്നേക്ക് നാലു വര്‍ഷം. എന്റെ മോള് പോയി എന്നും പറഞ്ഞ് 2019 നവംബര്‍ 20ന് രാത്രി എട്ടു മണിയോടെ ഫേസ്ബുക്കില്‍ ഒരു കുറിപ്പിട്ടതു കണ്ടിട്ട് ആറ്റയോട് ഞങ്ങളുടെ കല്യാണം ഉറപ്പിച്ചതിനു മുമ്പും ശേഷവും പലരും ചോദിച്ചിട്ടുണ്ട്, നിന്റെ പാത്തുവിന്റെ രണ്ടാം വിവാഹമാണോ എന്ന്.

പ്രസവിക്കാതെ ഉമ്മയായവളാണ് ഞാന്‍. അതും എന്റെ ഷഹല മോളിലൂടെ… വയനാട്ടിലൊരു നല്ല ആശുപത്രിയില്ലാത്തതു കൊണ്ട് അവളെയും കൊണ്ട് കോഴിക്കോട്ടേക്ക് വരികയാണെന്ന് ഇത്താത്ത വിളിച്ചു പറഞ്ഞപ്പോള്‍ എല്ലാ സജ്ജീകരണങ്ങളും ഒരുക്കി കാത്തിരുന്നതാണ്. അപ്പോഴും അവളെ കൈവിട്ടു പോകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല.

അവള്‍ക്ക് അപായം സംഭവിച്ചത് വാപ്പച്ചിയെ ഒരു തരത്തില്‍ അറിയിച്ച് വയനാട്ടിലേക്ക് വണ്ടികയറാന്‍ ഇരിക്കുമ്പോള്‍ വാപ്പച്ചി ചോദിച്ച ഒരു ചോദ്യമുണ്ട്… മോളെ, അവളെ നമുക്ക് തിരിച്ചു കിട്ടില്ലേ എന്ന്… വിഷപാമ്പുകള്‍ അവളുടെ അധ്യാപകര്‍ തന്നെയായിരുന്നുവെന്ന് തിരിച്ചറിയാന്‍ ഞാന്‍ വയനാട്ടിലെത്തേണ്ടി വന്നു.

നാലു വര്‍ഷമായി അവള്‍ പോയിട്ട്. അനാസ്ഥക്കു കാരണക്കാരായ അധ്യാപകര്‍ അവരുടെ ജോലികളില്‍ തിരിച്ചെത്തി. പാമ്പുകളുടെ താവളമായ ആ സ്‌കൂളിനു പുതിയ കെട്ടിടം ലഭിച്ചു. അവളെ അവരൊക്കെ പാടേ മറന്നു. കഴിഞ്ഞ ദിവസവും വയനാട്ടിലെത്തിയ ഞങ്ങള്‍ക്കു മുന്നിലൂടെ രോഗിയെയും കൊണ്ട് ആംബുലന്‍സ് കോഴിക്കോട്ടേക്ക് താമരശ്ശേരി ചുരം വഴി ചീറി പായുന്നത് കണ്ടു.

പ്രതീക്ഷയുണ്ടായിരുന്നു ഭരണകൂടത്തില്‍. പക്ഷേ ഇപ്പോഴതില്ല. കാരണം ഒന്നും ശരിയാവാന്‍ പോവുന്നില്ല. പ്രതിഷേധം കൊണ്ടോ സമരം കൊണ്ടോ ഒന്നും നടക്കാന്‍ പോവുന്നില്ല. മനസ്സ് മടുത്തിരിക്കുന്നു… എല്ലാ സംഭവങ്ങളെയും പോലെ അവളും ഓര്‍മയായിരിക്കുന്നു.

ഞങ്ങള്‍, വീട്ടുകാരുടെ മനസ്സില്‍ മാത്രം ജീവിക്കുന്ന നനവാര്‍ന്ന ഓര്‍മ. നഷ്ടം ഞങ്ങളുടേത് മാത്രമാണ്…
ലോക ശിശു ദിനത്തിലാണ് അവള്‍ക്ക് അധ്യാപകരുടെ അനാസ്ഥയില്‍ ജീവന്‍ നഷ്ടമായത് എന്നു കൂടി ഇവിടെ ചേര്‍ത്തു പറയട്ടെ…”

Exit mobile version