ആലുവ പെൺകുട്ടിയുടെ കുടുംബത്തിന് സർക്കാർ അനുവദിച്ച പണം തട്ടിയെടുത്ത് കോൺഗ്രസ് നേതാവും ഭാര്യയും; വിവാദമായതോടെ പണം തിരികെ നൽകി തലയൂരൽ; വിവാദം

കൊച്ചി: ആലുവയിൽ കൊല്ലപ്പെട്ട അഞ്ചു വയസ്സുകാരിയുടെ കുടുംബത്തിന് സർക്കാർ നൽകിയ നഷ്ടപരിഹാരത്തുക തട്ടിയെടുത്ത് മഹിളാ കോൺഗ്രസ് നേതാവും ഭർത്താവായ പ്രാദേശിക കോൺഗ്രസ് നേതാവും. സർക്കാർ നൽകിയ 1.20 ലക്ഷം രൂപയാണ് പല തവണയായി മഹിള കോൺഗ്രസ് നേതാവും ഭർത്താവും തട്ടിയെടുത്തത്.

തുടർന്ന് നേതാവിനും ഭർത്താവിനുമെതിരെ പരാതി നൽകുമെന്ന് പെൺകുട്ടിയുടെ കുടുംബം അറിയിക്കുകയും മാധ്യമങ്ങളിൽ വാർത്ത വരികയും ചെയ്തതോടെ പണം തിരികെ നൽകിയിയിരിക്കുകയാണ് മുനീർ എന്ന കോൺഗ്രസ് നേതാവ്.

ഇവർ പല ആവശ്യങ്ങൾ പറഞ്ഞ് ഇവർ 1,20,000 രൂപ തട്ടിയെടുത്തെന്നും സംഭവം വിവാദമായപ്പോൾ 70,000 രൂപ തിരികെ നൽകിയെന്നും പെൺകുട്ടിയുടെ കുടുംബം പറഞ്ഞിരുന്നു. ബാക്കി തുക ഡിസംബർ 20നകം കൊടുക്കാമെന്ന് ഉറപ്പു പറയുകയായിരുന്നു. എന്നാൽ വാർത്ത വന്ന സാഹചര്യത്തിൽ മുഴുവൻ തുകയും കിട്ടിയതായി പെൺകുട്ടിയുടെ പിതാവ് പറഞ്ഞു. ഇനി പരാതിയുമായി മുന്നോട്ടില്ലെന്നും പണം ലഭിച്ചെന്നും ഇദ്ദേഹം പ്രതികരിച്ചു.

വളരെ മോശം സാഹചര്യത്തിലാണ് പെൺകുട്ടിയുടെ കുടുബംതാമസിച്ചിരുന്നത്. അവിടെനിന്ന് അൻവർ സാദത്ത് എംഎൽഎ ഇടപെട്ടാണ് അവരെ വാടകവീട്ടിലേക്ക് മാറ്റി പാർപ്പിച്ചിരുന്നത്. ആരോപണ വിധേയനായ വ്യക്തിയോട് തൽക്കാലം അഡ്വാൻസ് തുക നൽകാനും പിന്നീട് താൻ അത് തരാമെന്നുമാണ് എംഎൽഎ പറഞ്ഞിരുന്നു. എന്നാൽ ഇയാൾ പെൺകുട്ടിയുടെ കുടുംബത്തെ സമീപിക്കുകയും അവരിൽനിന്ന് 20,000 രൂപ അഡ്വാൻസ് നൽകാൻ വേണമെന്ന് പറഞ്ഞ് വാങ്ങിച്ചു.

ALSO READ- നഗ്‌നതാ പ്രദർശനം; പെൺകുട്ടി ബഹളം വെച്ചതോടെ കെഎസ്ആർടിസി ബസ് താമരശേരി പോലീസ് സ്‌റ്റേഷനിലേക്ക്; അറസ്റ്റിലായത് അധ്യാപകൻ
പിന്നീട് എംഎൽഎ ഈ തുക ആരോപണവിധേയനു നൽകിയെങ്കിലും അതു തിരികെ പെൺകുട്ടിയുടെ വീട്ടുകാർക്കു ലഭിച്ചില്ല. പിന്നീട് ഗൃഹോപകരണങ്ങളും മറ്റും വാങ്ങാനെന്നു പറഞ്ഞ് ആവശ്യപ്പെട്ടു തുടർച്ചയായി ആറു ദിവസം ഇവർ 20,000 രൂപവീതം ആരോപണവിധേയനു നൽകുകയായിരുന്നു. പറ്റിക്കപ്പെടുകയാണെന്നു പെൺകുട്ടിയുടെ അച്ഛന് മനസ്സിലായപ്പോഴാണ് എംഎൽഎയെ സമീപിച്ചത്. തുടർന്ന് എംഎൽഎ ഇടപെട്ടതോടെ 70,000 രൂപ ആദ്യഘട്ടത്തിൽ തിരികെ നൽകിയത്.

അതേസമം, സംഭവം വിവാദമായതോടെ ഇക്കാര്യം നിഷേധിച്ച് ആരോപണ വിധേയൻ രംഗത്തെത്തി. എന്നാൽ ഇയാൾ പണം വാങ്ങിയില്ലെന്ന് പറയാമായിരുന്നില്ലേ എന്നും സ്വകാര്യ ആവശ്യത്തിന് നൽകിയതാണ് പണമെന്ന് മാധ്യമങ്ങളോട് പറയാമായിരുന്നില്ലേ എന്നും പെൺകുട്ടിയുടെ പിതാവിനോട് ഫോണിൽ സംസാരിക്കുന്നതിന്റെ ഓഡിയോയും പുറത്തെത്തി. സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ആലുവ റൂറൽ എസ്പി അറിയിച്ചു.

Exit mobile version