താമരശ്ശേരി ചുരത്തില്‍ ബൈക്ക് മറിഞ്ഞു: കൊക്കയിലേക്ക് വീണ യുവാക്കള്‍ക്ക് രക്ഷകരായി ലോറി ഡ്രൈവര്‍മാര്‍

കല്‍പ്പറ്റ: താമരശ്ശേരി ചുരത്തില്‍ ബൈക്ക് അപകടത്തില്‍പ്പെട്ട് യുവാക്കള്‍ കൊക്കയിലേക്ക് വീണു. എട്ടാം വളവിനും ഒമ്പതാം വളവിനും ഇടയില്‍ തകരപ്പാടിക്ക് സമീപത്തായാണ് അപകടം നടന്നത്. ലോറി ഡ്രൈവര്‍മാരാണ് പരിക്കേറ്റവരെ കൊക്കയില്‍ നിന്നും മുകളിലെത്തിച്ചത്.

തിങ്കളാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു അപകടം. പരിക്കേറ്റ രണ്ടുപേരെയും വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തൃശൂര്‍ സ്വദേശി അല്‍ത്താഫ്, കൊടുവള്ളി സ്വദേശി നിജാസ് എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ സഞ്ചരിച്ചിരുന്ന പള്‍സര്‍ ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നുവെന്നാണ് വിവരം.

ബൈക്ക് റോഡില്‍ വീണെങ്കിലും യാത്രികര്‍ രണ്ടുപേരും നാല്‍പ്പത് അടിയോളം താഴ്ച്ചയിലേക്ക് പതിക്കുകയായിരുന്നു. അപകടം ശ്രദ്ധയില്‍പ്പെട്ട ടിപ്പര്‍ ലോറി ഡ്രൈവര്‍മാരാണ് ഇവരുടെ വാഹനത്തിലുണ്ടായിരുന്നു കയറും മറ്റുമായി ഇറങ്ങി പരിക്കേറ്റ് കിടന്നവരെ റോഡിലെത്തിച്ചത്.

ഏറ്റവും അടുത്ത ആശുപത്രി വൈത്തിരിയായതിനാല്‍ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഇവിടുത്തെ പരിശോധനകള്‍ക്ക് ശേഷം രണ്ട് പേരെയും കോഴിക്കോടുള്ള ആശുപത്രികളിലേക്ക് കൊണ്ടുപോയി. വീഴ്ചയില്‍ ഇരുവരുടെയും കൈ, കാലുകളുടെ എല്ലിന് പരിക്കുണ്ട്.

Exit mobile version